തകർന്നു മോനേ; ബ്ലാസ്റ്റേഴ്സിനെ ഗോളിൽ മുക്കി മുംബൈ

മുംബൈ: അലറിവിളിക്കാന്‍ മഞ്ഞക്കടലില്ലാതെ മുംബൈയുടെ മണ്ണില്‍ പന്തുതട്ടിയ കേരള ബ്ളാസ്റ്റേഴ്സിനെ ഗോളില്‍ മുക്കി ഫോര്‍ലാനും കൂട്ടരും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയിലേക്ക്. ഗോളി ഗ്രഹാം സ്റ്റാക് മുതല്‍ പ്രതിരോധവും മധ്യനിരയും മുന്നേറ്റവുമെല്ലാം തകര്‍ന്നുപോയ ബ്ളാസ്റ്റേഴ്സിന്‍െറ വലയിലേക്ക് അഞ്ചു ഗോള്‍ അടിച്ചുകയറ്റി മുംബൈ ആനന്ദനൃത്തമാടി. ഡീഗോ ഫോര്‍ലാന്‍ ഹാട്രിക് ഗോള്‍ നേടി (5, 14, 63 മിനിറ്റ്) ടീമിനെ ഒറ്റക്ക് നയിച്ചപ്പോള്‍, കൊട്ടിക്കലാശമെന്നോണം ഒറ്റാസിലിയോ ആല്‍വ്സും (69) ലൂസിയാനോയും (73) ശേഷിച്ച ഗോളുകള്‍ സ്കോര്‍ ചെയ്തു. 

ലോങ് ക്രോസുകളും അതിവേഗ മുന്നേറ്റവുമായി മുംബൈ കളിപിടിച്ചപ്പോള്‍, പന്തുമായി വട്ടംകറങ്ങാനല്ലാതെ മഞ്ഞപ്പടക്ക് കഴിഞ്ഞില്ല. ഒരു ഗോള്‍പോലും തിരിച്ചടിക്കാനാവാതെ ഐ.എസ്.എല്ലില്‍ തങ്ങളുടെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ ബ്ളാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാന്‍ ശേഷിച്ച മത്സരങ്ങളില്‍ ജയം അനിവാര്യം. 19 പോയന്‍റുമായി മുംബൈ ഒന്നും 15 പോയന്‍റുമായി ബ്ളാസ്റ്റേഴ്സ് നാലും സ്ഥാനത്താണ്. 25ന് കൊച്ചിയില്‍ പുണെക്കെതിരെയാണ് അടുത്ത മത്സരം. 
 


പാളിയ ഗെയിം പ്ളാന്‍
മുബൈയുടെ ചാട്ടുളി മൂര്‍ച്ചയുള്ള മുന്നേറ്റത്തെ തടയാന്‍ അടിമുടി മാറ്റങ്ങളുമായാണ് ബ്ളാസ്റ്റേഴ്സ് കളത്തിലത്തെിയത്. 4-2-3-1 ശൈലിയില്‍ വിന്യസിച്ച ഗെയിം പ്ളാനില്‍ പരിക്ക് വലക്കുന്ന മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിന് ഇടമില്ലായിരുന്നു. സന്ദേശ് ജിങ്കാനും സെക്രിഡ് ഹെങ്ബര്‍ട്ടും സെന്‍റര്‍ ബാക്കായപ്പോള്‍ പ്രതിക് ചൗധരിയും മലയാളി താരം റിനോ ആന്‍േറായുമായിരുന്നു വശങ്ങളില്‍. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി അസ്റാകും മെഹ്താവും. ദിദിയര്‍ കാദിയോ-വിനീത് മുന്നേറ്റത്തിനൊപ്പം സ്ഥാനക്കയറ്റം നേടി ഹോസുവും അണിനിരന്നു. അന്‍േറാണിയോ ജര്‍മനെ സോളോ സ്ട്രൈക്കറാക്കിയായിരുന്നു കോപ്പല്‍ മുംബൈയെ നേരിട്ടത്. 
മുംബൈയുടെ മറുപടി 4-4-2 ശൈലിയിലും. ഡീഗോ ഫോര്‍ലാനും സുനില്‍ ഛേത്രിയും നയിച്ച മുന്നേറ്റത്തിന് പന്തത്തെിക്കാന്‍ ഡിഫെഡറികോ-സെഹ്നാജ് സിങ്-വഡ്കോസ് എന്നിവരുടെ മധ്യനിരയും. പക്ഷേ, ബ്ളാസ്റ്റേഴ്സിന്‍െറ പ്രതിരോധത്തിലെ പരീക്ഷണം മുംബൈയുടെ അതിവേഗ നീക്കങ്ങള്‍ക്കു മുന്നില്‍ പാളി. വിനീതും ജര്‍മനും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. പ്രതിരോധത്തില്‍ ജിങ്കാനും പ്രതികിനും ആവര്‍ത്തിച്ച് പിഴവുകളും പറ്റി. മധ്യനിരക്കാവട്ടെ, പന്ത് കാലിലുറക്കാത്ത അവസ്ഥയും. 

 


ഗോള്‍.. ഗോള്‍... ഗോള്‍... ഫോര്‍ലാന്‍
കിക്കോഫിനു പിന്നാലെ രണ്ടാം മിനിറ്റില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ കുതിപ്പോടെയായിരുന്നു കളമുണര്‍ന്നത്. മധ്യനിരയില്‍നിന്ന് പന്തു റാഞ്ചിയെടുത്ത് മുംബൈ ബോക്സിലത്തെിയ ദിദിയര്‍ കാദിയോ തൊടുത്ത ബുള്ളറ്റ് ഷോട്ട് പോസ്റ്റില്‍ തൊട്ടുരുമ്മി പറന്നപ്പോള്‍ മുംബൈ ഫുട്ബാള്‍ അറീനയില്‍ ബ്ളാസ്റ്റേഴ്സ് പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍, എല്ലാ സ്വപ്നവും ശീട്ടുകൊട്ടാരം കണക്കെ തകര്‍ന്നുവീഴാന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അഞ്ചാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവുകള്‍ തുറന്നുകാട്ടി ഡീഗോ ഫോര്‍ലാന്‍െറ ബൂട്ടില്‍നിന്ന് മഞ്ഞപ്പടയുടെ ഗോള്‍വല ആദ്യം കുലുങ്ങി. ഹെങ്ബര്‍ട്ടിന്‍െറ ഹെഡറില്‍നിന്ന് ലക്ഷ്യംതെറ്റിയ പന്ത് റാഞ്ചിയെടുത്ത ഡിഫെഡ്രികോയായിരുന്നു മുന്നേറ്റത്തിന് തുടക്കമിട്ടത്. ഛേത്രിക്ക് മറിച്ചുനല്‍കിയ പന്ത് തിരിച്ചെടുത്ത് ലോങ് ക്രോസിലൂടെ ബ്ളാസ്റ്റേഴ്സ് ബോക്സിലേക്ക് പായിക്കുമ്പോള്‍ ലക്ഷ്യം ഫോര്‍ലാനായിരുന്നു. വട്ടംപിടിച്ച ജിങ്കാന്‍-ഹെങ്ബര്‍ട്ട് കൂട്ടിനെ വകഞ്ഞുമാറ്റി മുന്നേറിയ ഫോര്‍ലാന്‍ ആദ്യ ടച്ചില്‍ തന്നെ പന്ത് വലയിലേക്ക് പായിച്ചു. കളമുണരുംമുമ്പേ മുംബൈ നേടിയ ലീഡ് ബ്ളാസ്റ്റേഴ്സിന്‍െറ ആത്മവിശ്വാസത്തിനേറ്റ ആദ്യ പ്രഹരമായി. 
ഗോളിന്‍െറ ക്ഷീണത്തില്‍നിന്ന് തിരിച്ചുവരാനുള്ള ഒരുക്കത്തിനിടെയായിരുന്നു 14ാം മിനിറ്റില്‍ വീണ്ടും ഫോര്‍ലാന്‍ സ്കോര്‍ ചെയ്തത്. ഇക്കുറി, പ്രതികിന്‍െറ ഫൗളിന് ലഭിച്ച ഡയറക്ട് ഫ്രീകിക്ക് വഴിയായി. ബോക്സിന് പുറത്തുനിന്ന് ഉറുഗ്വായ് താരം തൊടുത്ത ഷോട്ട് പോസ്റ്റിന് വലതുമൂലയിലേക്ക് പറന്നിറങ്ങിയപ്പോള്‍ ഗോളി ഗ്രഹാം സ്റ്റാക് നിസ്സഹായനായി. വെടിയേറ്റു വീണവന്‍െറ അന്ത്യം ഉറപ്പിക്കുന്നതു പോലെയായിരുന്നു ബ്ളാസ്റ്റേഴ്സിന് ആ ഗോള്‍. എങ്കിലും ആദ്യ പകുതി പിരിയുംമുമ്പേ ഒരുതവണയെങ്കിലും സ്കോര്‍ ചെയ്യാന്‍ പഠിച്ച അടവുകളെല്ലാം മഞ്ഞപ്പട പുറത്തെടുത്തു. കാദിയോ-വിനീത് കൂട്ട് മാറിമാറി ആക്രമിച്ചിട്ടും മുംബൈ ബോക്സിനുള്ളില്‍ എല്ലാം അവസാനിച്ചു. ഒറ്റപ്പെട്ട കുതിപ്പുകളാവട്ടെ, ഗോളി അമരീന്ദര്‍ സിങ് വഴിതെറ്റിച്ചു. 
 


രണ്ടാം പകുതിയില്‍ ഹോസുവിനെ പ്രതിരോധത്തിലേക്കിറക്കി, പ്രതിക് ചൗധരിയെ പിന്‍വലിച്ച് മണിപ്പൂരി താരം തോങ്കോസിം ഹാവോകിപിന് കോച്ച് കോപ്പല്‍ ആദ്യമായി അവസരം നല്‍കി. ജര്‍മന്‍ ഉഴപ്പിയതോടെ മുനയൊടിച്ച ബ്ളാസ്റ്റേഴ്സ് മുന്നേറ്റത്തിന് ഊര്‍ജം നല്‍കുന്നതായിരുന്നു ഈ മാറ്റം. കളത്തിലത്തെിയ ഉടന്‍ ചില ശ്രദ്ധേയമായ നീക്കങ്ങളുമായി ഹാവോകിപ് വരവറിയിച്ചെങ്കിലും മുംബൈ പ്രതിരോധക്കെട്ട് പൊളിക്കാനായില്ല. ഗോളടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിനിടെ മുംബൈ വീണ്ടും സ്കോറിങ് തുടങ്ങി. 63ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്‍ ഹാട്രിക് തികച്ച ഗോള്‍. ജിങ്കാന്‍െറ ഹെഡര്‍ പിഴച്ചപ്പോള്‍, ബോക്സിനുള്ളില്‍ നിന്നുതന്നെ ബ്രസീല്‍ താരം ഒറ്റാസിലിയോ ആല്‍വ്സ് അവസരം സൃഷ്ടിച്ചു. സെന്‍റര്‍ ബോക്സില്‍ മറിച്ചുനല്‍കിയ പന്ത് ഫോര്‍ലാന്‍ അനായാസം വലയിലാക്കി. ഗോളി സ്റ്റാക്കും നാല് ഡിഫന്‍ഡര്‍മാരും വെറും കാഴ്ചക്കാര്‍. ഹാട്രിക് നേടി ഫോര്‍ലാന്‍ മൈതാനം വിട്ടെങ്കിലും, ഗോളടി മറ്റുള്ളവര്‍ ഏറ്റെടുത്തു. 69ാം മിനിറ്റില്‍ ആല്‍വ്സ് സ്കോര്‍ ചെയ്തു. 

ഡിഫെഡ്രികോ നല്‍കിയ ക്രോസില്‍ പന്ത് ലോബ്ചെയ്ത് വലയിലേക്ക്. 4-0ത്തിന് ബ്ളാസ്റ്റേഴ്സിന്‍െറ കഥകഴിഞ്ഞു. പിന്നെ, ഛേത്രി, ഡിഫെഡ്രികോ, ലൂസിയാനോ തുടങ്ങി എല്ലാവര്‍ക്കും ഗോളടിക്കാനായി മോഹം. 81ാം മിനിറ്റില്‍ സോണി നോര്‍ദെ കൂടി ഇറങ്ങിയതോടെ ഇതിന് വേഗം കൂടി. ഇതിനിടെ, 74ാം മിനിറ്റില്‍ കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ ഗോളാക്കി ലൂസിയാനോ അഞ്ചാം വട്ടവും വലകുലുക്കി.



.@DiegoForlan7's rasping shot stings the hands of Graham Stack on it's way wide of goal! #ISLMoments

MUM 2-0 KER#MUMvKER #LetsFootball pic.twitter.com/pxMCsqsNdX

Tags:    
News Summary - ISL 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.