പാരിസ്: ഇറ്റാലിയൻ ഫുട്ബാളിെൻറ പുതുപ്പിറവിയുടെ അടയാളമായി ചരിത്രം ഈ ദിനത്തെ അടയാളപ്പെടുത്തും. 2018 ലോകകപ്പ് യോഗ്യതയില്ലാതെയും, തുടർതോൽവികളുമായും നാണംകെട്ട കാലത്തോടെ യാത്രപറഞ്ഞ് ഇറ്റലി പുനർജനിക്കുന്നു. പതിവ് നീലക്കുപ്പായം മാറ്റി പച്ചയിൽ അണിഞ്ഞിറങ്ങിയ അസൂറികൾ 2020 യൂറോകപ്പിന് യോഗ്യത നേടുന്ന രണ്ടാം സംഘമായി മാറി.
അസൂറിപ്പടയുടെ ചരിത്രത്തിൽ രണ്ടാം തവണയാണ് പച്ചക്കുപ്പായത്തിൽ ടീം ഇറങ്ങുന്നത്. അതാവട്ടെ, പുതുയാത്രയിലേക്കുള്ള സന്തോഷവാർത്തയുമായി. യൂറോകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ് ‘ജെ’യിലെ മത്സരത്തിൽ ഗ്രീസിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ടീമിെൻറ ഏഴാം ജയം. ഇതോടെ, 21 പോയൻറുമായി വൻകരയുടെ മഹാപോരാട്ടത്തിലേക്ക് ബെൽജിയത്തിനു പിന്നാലെ രണ്ടാമന്മാരായി യോഗ്യത ഉറപ്പാക്കി. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമായിരുന്നു രണ്ട് ഗോളുമെത്തിയത്.
63ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോർജിന്യോയും, 78ാം മിനിറ്റിൽ നിലംപറ്റെയുള്ള ലോങ്റേഞ്ചറിലൂടെ ഫ്രെഡറികോ ബെർണാഡ്ഷിയുമാണ് സ്കോർ ചെയ്തത്. 1954ൽ അർജൻറീനക്കെതിരായ ഒരു മത്സരത്തിൽ പച്ച ജഴ്സിയണിഞ്ഞ ശേഷം ആദ്യമായാണ് ഇറ്റലി വീണ്ടും പച്ചയണിയുന്നത്. അതാവട്ടെ, 60 വർഷത്തിനു ശേഷം ലോകകപ്പ് യോഗ്യതയില്ലാതെ പോയതിെൻറ നിരാശമാറ്റുന്ന ഫലവുമായി. ഗ്രീസ് സൃഷ്ടിച്ച ഒരുപിടി അവസരങ്ങൾക്ക് മുന്നിൽ മികച്ച പ്രതിരോധവും തീർത്തായിരുന്നു ഇറ്റലിയുടെ വിജയം.
റാമോസ് @168
സ്പാനിഷ് കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമായിമാറിയ നായകൻ സെർജിയോ റാമോസിന് മികച്ചൊരു സമ്മാനമൊരുക്കാനായിരുന്നു കൂട്ടുകാർ ബൂട്ടുകെട്ടിയത്. ജയിച്ചാൽ യൂറോകപ്പ് യോഗ്യതയെന്ന വിലപ്പെട്ട സമ്മാനം. പക്ഷേ, ഇഞ്ചുറി ടൈമിൽ നോർവേ ഏൽപിച്ച പ്രഹരത്തിൽ ആ മോഹം പൊലിഞ്ഞു. 1-1ന് സമനിലയിൽ പിരിഞ്ഞതോടെ യൂറോ യോഗ്യതക്കായി സ്പെയിൻ ഇനിയും കാത്തിരിക്കണം.
കളിയുടെ 47ാം മിനിറ്റിൽ സോൾ നിഗ്വസ് നേടിയ ഗോളിൽ സ്പെയിനാണ് മുന്നിലെത്തിയത്. ലീഡുയർത്താൻ പലവട്ടം അവസരം ലഭിച്ചെങ്കിലും വളഞ്ഞിട്ട നോർവേ പ്രതിരോധം ഗോൾ നിഷേധിച്ചു. എന്നാൽ, 94ാം മിനിറ്റിൽ അവരുടെ വിജയ മോഹം തകർത്ത് നോർവേ സമനില ഗോൾ നേടി. ജോഷ്വ കിങ്ങിെൻറ ബൂട്ടിൽനിന്നായിരുന്നു ഗോൾ.
ഗ്രൂപ്പിൽ ഏഴ് കളിയിൽ ആറും ജയിച്ച സ്പെയിനിെൻറ വിജയയാത്രക്കാണ് നോർവേ ബ്രേക്കിട്ടത്. ഇനി, 16ന് റുേമനിയക്കെതിരെയാണ് അടുത്ത കളി. മറ്റു മത്സരങ്ങളിൽ സ്വീഡൻ 4-0ത്തിന് മാൾട്ടയെയും, ബെൽജിയം 2-0ത്തിന് കസാഖിസ്താനെയും, ഡെന്മാർക് 1-0ത്തിന് സ്വിറ്റ്സർലൻഡിനെയും തോൽപിച്ചു. യൂറോകപ്പിന് ആദ്യം യോഗ്യത നേടിയ ബെൽജിയം മിഷി ബാറ്റ്ഷുയിയുടെയും, തോമസ് മ്യൂണിയറുടെയും ഗോളിലാണ് ജയിച്ചു കയറിയത്. എട്ടിൽ എട്ടും ജയിച്ചാണ് അവരുടെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.