ജാഡോൺ സാഞ്ചോ എന്ന പയ്യന് മാഞ്ചസ്റ്റർ യുനൈറ്റഡ് എത്ര പണം നൽകാനും തയാറാണ്. കാലിൽ അസാമാന്യ കഴിവുള്ള ഈ 20 കാരനു പിന്നിൽ ഒരു പാടു കാലമായി യുനൈറ്റഡ് നടക്കുന്നു. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും 108 മില്ല്യൺ പൗണ്ട് നൽകി വാങ്ങാനാണ് ഒടുവിൽ ധാരണയായിരിക്കുന്നത്. ടീമിലെത്തിയാൽ യുവ താരത്തിന് മാഞ്ചസ്റ്റർ യുനൈറ്റഡ് നൽകുന്ന പ്രതിഫലം കേട്ട് ഞെട്ടേണ്ട. ഏകദേശം മൂന്ന് കോടി രൂപയാണ് ആഴ്ചയിൽ സാഞ്ചോക്ക് മാഞ്ചസ്റ്റർ യുനൈറ്റഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് കരാർ.
2017ൽ മാഞ്ചസ്റ്റർ സിറ്റി അക്കാദമിയിൽ നിന്നാണ് സാഞ്ചോയെ ബൊറൂസിയ ഡോർട്മുണ്ട് വാങ്ങുന്നത്. അന്ന് വെറും 8 മില്ല്യൺ പൗണ്ടായിരുന്നു താരത്തിെൻറ വില. മൂന്ന് വർഷം കൊണ്ട് ബൊറൂസിയക്ക് ഏകദേശം നൂറു മില്ല്യൺ പൗണ്ട് ലാഭം.
ട്രാൻസ്ഫർ പൂർത്തിയായാൽ ഒരു ഇംഗ്ലീഷ് ക്ലബ് മുടക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്. നേരത്തെ, പോൾ പോഗ്ബയെ യുവൻറസിൽ നിന്ന് 89 മില്ല്യൺ പൗണ്ടിന് ക്ലബിലെത്തിച്ചതായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുക.
പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പണം വാരുന്ന മൂന്നാമത്തെ കളിക്കാരനായും സാഞ്ചോ മാറും. ഇക്കഴിഞ്ഞ സീസണിൽ 19 അസിസ്റ്റും 20 ഗോളും സ്വന്തമാക്കിയ താരം, യുനൈറ്റഡിന് വലിയൊരു മുതൽകൂട്ടാവും. പ്രതിഫലത്തിൽ മാഞ്ചസ്റ്റർ ഗോളി ഡേവിഡ് ഡിഗേയും മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.