ബ്രസൽസ്: നല്ലകാര്യങ്ങളെല്ലാം ഏറ്റവും പ്രിയപ്പെട്ടവരുടെ കൈകൊണ്ട് തുടങ്ങാൻ ആഗ്രഹമില്ലാത്തവർ ആരുമുണ്ടാവില്ല. പക്ഷേ, കളിക്കാനിറങ്ങുന്നവർക്ക് അപൂർവമായേ ഇൗ ഭാഗ്യമുണ്ടാവാറുള്ളൂ. പ്രത്യേകിച്ച് അരങ്ങേറ്റ ജഴ്സിയും തൊപ്പിയുമെല്ലാം ഏറ്റുവാങ്ങാനുള്ള അവസരം. പക്ഷേ, ബെൽജിയത്തിെൻറ പ്രതിരോധ താരം യാൻ വെർടോൻഗന് ആ അപൂർവ ഭാഗ്യം ലഭിച്ചു.
ലോകകപ്പിന് മുന്നോടിയായി പോർചുഗലിനെതിരെ നടന്ന സന്നാഹ മത്സരം വെർടോൻഗെൻറ ബെൽജിയം കുപ്പായത്തിലെ 100ാം പോരാട്ടമായിരുന്നു. ദേശീയഗാനത്തിനായി ടീമുകൾ അണിനിരന്നതിനു പിന്നാലെ ഗാലറിയെയും കളിക്കാരെയും അതിശയിപ്പിച്ച് ഒരു വനിത കളത്തിലേക്കു വന്നു. വെർടോൻഗൻ ഒരു നിമിഷം അമ്പരന്നെങ്കിലും പിന്നെ സന്തോഷത്തിന് വഴിമാറി. അതുല്യനേട്ടം സ്വന്തമാക്കുന്ന മകന് 100 മത്സരം അടയാളപ്പെടുത്തുന്ന തൊപ്പിയണിയിക്കാൻ ഫുട്ബാൾ ഫെഡറേഷെൻറ അതിഥിയായാണ് അമ്മ ഗ്രൗണ്ടിലെത്തിയത്.
ബെൽജിയം ജഴ്സിയിൽ 100 മത്സരം പൂർത്തിയാക്കിയ ആദ്യ കളിക്കാരനാണ് യാൻ വെർടോൻഗൻ. 1977-91 കാലഘട്ടത്തിൽ 96 മത്സരങ്ങൾ കളിച്ച ജാൻ സ്യൂൽമാൻസാണ് രണ്ടാം സ്ഥാനത്ത്. 2007 ജൂൺ രണ്ടിന് പോർചുഗലിനെതിരെ ദേശീയ ടീമിൽ അരങ്ങേറിയ താരം കൃത്യം 11 വർഷങ്ങൾക്കുശേഷം 2018 ജൂൺ രണ്ടിന് പോർചുഗലിനെതിരായിതന്നെ 100ാം മത്സരത്തിനിറങ്ങിയെന്നത് യാദൃച്ഛികമായി. മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ബെൽജിയത്തിനായി എട്ട് ഗോളുകളും താരം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട്, പനാമ, തുനീഷ്യ എന്നിവരോടൊപ്പം ‘ജി’ ഗ്രൂപ്പിലാണ് ബെൽജിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.