മോസ്കോ: ലോകകപ്പിൽ അങ്കംകുറിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ലോക ഫുട്ബാളിനെ ഞെട്ടിച്ച് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ കോച്ചിനെ പുറത്താക്കി. ലോകകപ്പിനു ശേഷം റയൽ മഡ്രിഡ് മാനേജറാവുമെന്നറിയിച്ച ദേശീയ കോച്ച് യൂലൻ ലോപറ്റ്ഗൂയിയെ യുദ്ധകാലാടിസ്ഥാനത്തിൽ പുറത്താക്കിയാണ് സ്പെയിനിെൻറ മാരകഫൗൾ. മാനേജർ സ്ഥാനത്ത് രണ്ടുവർഷം ഇനിയും ബാക്കിയിരിക്കെ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനെ അറിയിക്കാതെ കരാർ ലംഘിച്ച് മറ്റൊരു ക്ലബിലേക്ക് നീങ്ങിയതോടെയാണ് ലോപറ്റ്ഗൂയിയുടെ കസേര തെറിച്ചത്.
ബാഴ്സലോണ താരങ്ങൾ ഏറെയുള്ള ദേശീയ ടീമിൽ, റയൽ മഡ്രിഡിെൻറ കോച്ചാവാൻ പോകുന്ന ഒരാൾ പരിശീലകനാവുന്നത് ടീം െഎക്യത്തെ ബാധിക്കുമെന്നതും അടിയന്തരനീക്കത്തിന് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനെ പ്രേരിപ്പിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങർ റിപ്പോർട്ട് ചെയുന്നത്. മുൻ ദേശീയ താരം കൂടിയായ സ്പോട്ടിങ് ഡയറക്ടർ ഫെർണാൻഡോ ഹെയ്റോയാണ് പുതിയ പരിശീലകൻ.
ലോപറ്റ്ഗൂയി ലോകകപ്പിനുശേഷം റയൽ മഡ്രിഡ് കോച്ചാവുമെന്ന് വ്യാഴാഴ്ചയാണ് ക്ലബ് ഒൗദ്യോഗികമായി അറിയിക്കുന്നത്. സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
റയൽ മഡ്രിഡ് അറിയിപ്പ് പുറത്തു വന്നതോടെ, സ്പെയിൻ ടീം പരിശീലനം നടത്തുന്ന ക്രാസ്നോഡറിൽ അടിയന്തര വാർത്താസമ്മേളനം വിളിച്ചുകൂട്ടി സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ മേധാവി ലൂയിസ് റുബെയ്ലസ് തീരുമാനം അറിയിച്ചു. ‘‘സ്പെയിനിലെ എല്ലാവരുടെയും ടീമാണ് ദേശീയ ടീം. െഫഡറേഷൻ ചില മൂല്യങ്ങൾ കാലങ്ങളായി കാത്തുസൂക്ഷിക്കുന്നുണ്ട്. അത് നിലനിർത്താൻ അടിയന്തര തീരുമാനങ്ങളെടുക്കുകയാണ്.’’
കോച്ചിനെ മാറ്റുന്നത് സ്പാനിഷ് ടീമിനെ ബാധിക്കാൻ സാധ്യത ഏറെയാണ്. പുതിയ കോച്ച് ഹെയ്റോക്ക് ടീമിനെ എവിടെയെത്തിക്കാനാവുമെന്ന് കാത്തിരുന്ന് കാണണം. കോച്ചിങ് സ്ഥാനത്ത് സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് ഒവീഡോയെ പരിശീലിപ്പിച്ച പരിചയം മാത്രമേ ഹെയ്റോക്കുള്ളൂ. ഗ്രൂപ് ‘ബി’യിൽ വെള്ളിയാഴ്ച പോർചുഗലിനെതിരെയാണ് സ്പെയിനിെൻറ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.