റോം: ആഭ്യന്തര മത്സരങ്ങളിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്നറിയിച്ച് യുവൻറസിെൻറ പടയോട്ടം. സീരി ‘എ’ കപ്പിനരികെയിരിക്കുന്ന ചാമ്പ്യന്മാർ, തുടർച്ചയായ നാലാംവർഷവും ഇറ്റാലിയൻ കപ്പും സ്വന്തമാക്കി. ഫൈനലിൽ എ.സി മിലാനെ 4-0ത്തിന് തകർത്താണ് യുവൻറസ് 13ാം തവണയും ഇറ്റാലിയൻ കപ്പിൽ മുത്തമിട്ടത്. ഒരുപോയൻറ് അകലെ സീരി ‘എ’യും സ്വന്തമാക്കാനിരിക്കെ തുടർച്ചയായി നാലുവർഷം രണ്ടു കപ്പും സ്വന്തമാക്കുന്ന ആദ്യ ക്ലബ് എന്ന റെക്കോഡ് യുവൻറസ് സ്വന്തം പേരിലാക്കാനിരിക്കുകയാണ്.
സീസണിൽ ഒരു കിരീടമെങ്കിലും നേടണമെന്ന സ്വപ്നവുമായി ഫൈനൽ പോരിനെത്തിയ എ.സി മിലാനെ യുവൻറസ് തരിപ്പണമാക്കുകയായിരുന്നു. ഒരു ഗോൾ പോലും വഴങ്ങാതെ ആദ്യ പകുതി മിലാൻ പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതി കളിമാറി. 56ാം മിനിറ്റിൽ മെഹ്ദി ബെനാഷ്യയാണ് ആദ്യം അക്കൗണ്ട് തുറന്നത്. പിന്നാലെ, ബ്രസീൽ താരം ഡഗ്ലസ് കോസ്റ്റയും (61) ഗോൾ നേടി. തിരിച്ചടിക്കാൻ മിലാൻ താരങ്ങൾ പൊരുതുന്നതിനിടെ, കൗണ്ടർ അറ്റാക്കിൽ യുവൻറസ് വീണ്ടും ലക്ഷ്യം കണ്ടതോടെ മിലാൻ തോൽവിയുറപ്പിച്ചു.
ഇത്തവണയും ബെനാഷ്യയാണ് (64) സ്കോറർ. അവസാനം ഒരു സെൽഫ് ഗോളും (നികോള കാലിനിച്ച്^76) യുവൻറസിെൻറ അക്കൗണ്ടിലെത്തിയതോടെ മിലാെൻറ തോൽവി പൂർണമായി. സീരി എയിൽ യുവൻറസിന് 91ഉം രണ്ടാമതുള്ള നാപോളിക്ക് 85ഉം പോയൻറാണ് നിലവിൽ. രണ്ടു മത്സരം ബാക്കിയിരിക്കെ ഇനി ഒരു പോയൻറ് മാത്രം മതി യുവൻറസിന് കിരീടം ചൂടാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.