കളിച്ചു കാശുണ്ടാക്കി കോടീശ്വരന്മാരായി തീർന്നവരാണ് പന്തുകളിക്കാരിൽ അധികവും. എന്നാൽ, കെ.ഡി.ബി എന്ന മൂന്ന് അക്ഷരങ്ങളിൽ അറിയപ്പെടുന്ന കെവിൻ ഡി ബ്രുയൻ ശതകോടീശ്വരനായി കളിക്കളത്തിൽ എത്തിയ സ്വർണകുമാരനാണ്. ആഫ്രിക്കയിലെ പ്രമുഖ എണ്ണപ്പാടങ്ങളുടെ ഉടമയായിരുന്നു അമ്മയുടെ അച്ഛൻ. ബ്രിട്ടീഷ് വംശജൻ ആയിരുന്ന അദ്ദേഹം ബുറുണ്ടിയിലും ഐവറി കോസ്റ്റിലും നിരവധി ഖനന കേന്ദ്രങ്ങളുടെ ഉടമയായിരുന്നു. അച്ഛൻ ഹെർവിങ് ഡി ബ്രുയിൻ ബെൽജിയത്തിലെ വ്യവസായ കുടുംബത്തിലെ അംഗമായിരുന്നു.
വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച കെവിന് സാധാരണ ജീവിതരീതികൾ തീർത്തും അപരിചിതമായിരുന്നു. കുഞ്ഞുപ്രായം മുതലേ അംഗരക്ഷകരും പരിചാരകരും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫുട്ബാളിെൻറ തോഴനായിരുന്നിട്ടു പോലും ശാസ്ത്രീയ പരിശീലനം ലഭിക്കുന്നതിലും മറ്റുള്ളവർക്ക് ഒപ്പം കളിക്കുന്നതിനും വരെ നിയന്ത്രണങ്ങൾ ഉണ്ടായി.എന്നാൽ, പന്തുകളി ആരാധകനായ പിതാവ് മകെൻറ ഇഷ്ടം കണ്ടറിഞ്ഞു പന്തുകളി പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. അങ്ങനെ നാലാം വയസ്സിൽത്തന്നെ കൊച്ചു കെവിൻ ഗിൻറിന് സമീപമുള്ള ഡ്രോൺഗെൻ ഫുട്ബാൾ അക്കാദമിയിലെത്തി.
കൊച്ചു കെവിെൻറ പ്രകടനങ്ങൾ വീക്ഷിച്ച എല്ലാ പരിശീലകരും അവനെ തങ്ങളുടെ പരിശീലന കേന്ദ്രങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഒടുവിൽ 14ാം വയസ്സിൽ കളി പഠിച്ച ഡ്രോൺഗെൻ അക്കാദമിയിൽത്തന്നെ തിരിച്ചെത്തി. അതാകട്ടെ അവെൻറ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്കും കാരണമായി. അകമ്പടിയില്ലാതെ പുറത്തുപോയതും കൊട്ടാര സമാനമായ വീട്ടിൽനിന്നു പുറത്തുതാമസിക്കുന്നതും ആദ്യമായായിരുന്നു. ആഴ്ചയിൽ ഒരുദിവസം മാത്രം വീട്ടിലേക്കുള്ള യാത്ര. അഭയാർഥികളുടെ മക്കളും സാധാരണ ബെൽജിയം കുടുംബങ്ങളിലെ കുട്ടികളും നിറഞ്ഞ അപ്പാർട്മെൻറുകളിൽ മുറി പങ്കുവെച്ചും ഭക്ഷണം കഴിച്ചും പുതുജീവിതം. ആരോടും ഇണങ്ങാൻ കഴിയാതിരുന്ന പ്രഭു കുടുംബ സ്വഭാവം ആദ്യമൊക്കെ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നതായി പരിശീലകൻ ഫ്രാൻക് ഡി ലിയോൺ ഓർത്തെടുക്കുന്നു. എങ്കിലും, ക്ഷിപ്രകോപിയായ ചെക്കൻ പെെട്ടന്ന് സ്വീറ്റ് ബോയ് ആയിത്തീർന്നു. കൂട്ടുകാർക്കൊപ്പം ഒന്നായിച്ചേരാൻ അവനു കഴിഞ്ഞപ്പോൾ ഫുട്ബാൾ സംഘഗാനംപോലെ ആസ്വദിച്ചു. 17 വയസ്സായപ്പോഴേക്കും യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബാൾ പ്രതിഭയായി രൂപാന്തരപ്പെട്ടു.
1990 മുതൽ ഗെൻറിലെ സബ് ജൂനിയർ അക്കാദമിയിലും തുടർന്ന് 2008 വരെ സീനിയർ അക്കാദമിയിലും കളിച്ചശേഷം പ്രഫഷനൽ കരാറിലും ഒപ്പിട്ടു. പിന്നാലെ ചെൽസിയിലെത്തി. എന്നാൽ, അവിടെ മികവ് പ്രകടിപ്പിക്കാനായില്ല. കോച്ച് മൗറീന്യോയുമായുള്ള ബന്ധം കരിയർതന്നെ അപകടത്തിലാകുംവിധമായി. അങ്ങനെ ജർമനിയിലെ വെർഡർ ബ്രെമനിലേക്കു ലോൺ വ്യവസ്ഥയിൽ കൂടുമാറി. ബ്രെമനിൽ 33 മത്സരങ്ങൾ കളിച്ചു പത്തു ഗോളുകൾ നേടിയശേഷം ചെൽസിയിലെ കരാർ ഒഴിവാക്കി ജർമനിയിലെ വോൾഫ്സ് ബുർഗിൽ അംഗമായി. ആ ഒരു വർഷമായിരുന്നു കെവിെൻറ പന്ത് കളിയുടെ പരിണാമകാലഘട്ടം.
കളിക്കളത്തിൽ പൂർണ ആധിപത്യം അവനാണെന്നും ലോകത്തിലെ ഏറ്റവും മികച്ച ഒഫൻസിവ് മധ്യനിരക്കാരിൽ ഒരാളാണ് കെവിൻ എന്നും ഡീറ്റർ ഹെക്കിങ് എന്ന ജർമൻ പരിശീലകൻ മനസ്സിലാക്കികൊടുത്തു. 52 മത്സരങ്ങളിൽനിന്ന് 13 ഗോളുകളേ കെവിെൻറ കാലുകളിൽനിന്ന് പിറന്നുള്ളൂവെങ്കിലും ക്ലബിെൻറ ഗോളുകളിൽ 99 ശതമാനവും പിറന്നത് ആ സ്വർണക്കാലുകളുടെ അസിസ്റ്റുകളിൽനിന്നായിരുന്നു. ഇത് പെപ്പ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള വഴിയും തുറന്നു. ബെൽജിയം സുവർണനാളുകളിലേക്ക് ഉയർത്തുന്നതിനിടെ അമ്മയുടെ നാടായ ഇംഗ്ലണ്ടിനായി കളിക്കാൻ ക്ഷണമെത്തി. പക്ഷേ, നന്ദിയോടെ നിരസിച്ചു. കെവിന് പ്രചോദനമായി അനിയത്തി സ്റ്റെഫി ഒപ്പമുണ്ടാകും. 2014ലാണ് മിഷയേലാ ലക്കറോയെന്ന സുന്ദരി കെവിെൻറ ജീവിതത്തിലേക്ക് കടന്നുവരുന്നത്. മാൻസൺ മിലാൻ ഡി ബ്രയനാണ് മകൻ.
കെവിൻ ഡി ബ്രുയിൻ
വയസ്സ് 26 (1991 ജൂൺ 28)
ഉയരം: 1.81മീ
പൊസിഷൻ: അറ്റാക്കിങ് മിഡ്ഫീൽഡർ (വിങ്, സെൻറർ), ഫോർവേഡ്
ബെൽജിയം 2010- 60 കളി, 14 ഗോൾ
ക്ലബ്
2008-12 ഗെൻറ് (97 കളി, 16 ഗോൾ)
2012-14 ചെൽസി (3 കളി, 0 ഗോൾ)
(വെർഡർ ബ്രമൻ 33-10)
2014-15 വോൾഫ്സ്ബുർഗ് (51 കളി, 13 ഗോൾ)
2015 -മാഞ്ചസ്റ്റർ സിറ്റി (97 കളി 21ഗോൾ)
കെവിൻ Fan
ഇഷ്ടതാരം: മൈക്കൽ ഒാവൻ
മിടുക്ക്: ക്രോസിങ്, കീ പാസുകൾ, ത്രോബാൾ, ലോങ് ഷോട്ട്, സെറ്റ്പീസ് ഷോട്ടുകൾ, പാസിങ്, ഫ്രീകിക്ക്, ഡ്രിബ്ലിങ്, ഹോൾഡിങ് ഒാൺ ദി ബാ, ദൗർബല്യം: ടാക്ലിങ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.