തിരൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ അടുത്ത വര്‍ഷം മുതല്‍ ടീമുകളില്‍ ഉള്‍പ്പെടുത്താവുന്ന വിദേശ കളിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കെ.എഫ്.എ ഒരുങ്ങുന്നു. പരമാവധി അഞ്ച് വീതം കളിക്കാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഒാൾ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് കത്ത് നല്‍കി. ഇതിന് അംഗീകാരം കിട്ടിയാല്‍ അടുത്ത വര്‍ഷം ലീഗ് ഫുട്ബാളില്‍ ഒരേസമയം 10 വിദേശ താരങ്ങളാകും കളത്തിലിറങ്ങുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ പരമാവധി നാല് വിദേശ താരങ്ങളെയാണ് അനുവദിക്കുന്നത് എന്നതാകും കേരളത്തിെൻറ ആവശ്യത്തിന് പ്രധാന തടസ്സമാവുക.
അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ലീഗ് മാതൃക പിന്തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം അറിയിക്കാനാണ് കെ.എഫ്.എ തീരുമാനം. ഈ വര്‍ഷത്തെ മിക്ക സംസ്ഥാന ലീഗ് ഫുട്ബാളും കഴിഞ്ഞതിനാല്‍ ആവശ്യം അടുത്ത വര്‍ഷം പരിശോധിക്കാമെന്നാണ് ഒാള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുള്ളതെന്ന് കെ.എഫ്.എ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കൂടുതല്‍ വിദേശ കളിക്കാരെ ടീമുകളില്‍ ഉള്‍പ്പെടുത്താനായാല്‍ ലീഗ് ഫുട്ബാള്‍ കൂടുതല്‍ ആകര്‍ഷണീയമാകുമെന്നാണ് കെ.എഫ്.എ കരുതുന്നത്. വിദേശ താരങ്ങളെ ടീമുകള്‍ക്ക് ലഭ്യമാക്കുന്ന ഉത്തരവാദിത്തം കെ.എഫ്.എ വഹിക്കും. ഇതിനായി കേന്ദ്രീകൃത കരാര്‍ രൂപപ്പെടുത്തും. താരങ്ങളുടെ മൂല്യം നിശ്ചയിക്കുന്നതും അവരെ വീതിച്ചു നല്‍കുന്നതുമെല്ലാം കെ.എഫ്.എ തന്നെ. അസോസിയേഷനുമായിട്ടാകും താരങ്ങള്‍ കരാറിലേര്‍പ്പെടുക. പരമാവധി മൂന്ന് മാസത്തേക്ക് കളിക്കാരെ വാടകക്കെടുക്കുക എന്ന സംവിധാനമാണ് ആലോചനയിലുള്ളത്. ക്ലബ് ടീമുകള്‍ക്കെന്ന പോലെ കെ.എസ്.ഇ.ബി, കേരള പൊലീസ്, ടൈറ്റാനിയം പോലെയുള്ള ടീമുകള്‍ക്കും വിദേശ കളിക്കാരെ ലഭ്യമാക്കും.
പദ്ധതി നടപ്പായാല്‍ ലാഭം ലഭിക്കുന്നത് ക്ലബുകള്‍ക്ക് കൂടിയാണ്. അഞ്ച് വിദേശ താരങ്ങള്‍ ടീമിെൻറ ഭാഗമാകുമെങ്കിലും അവരുടെ ബാധ്യത ക്ലബുകള്‍ അറിയേണ്ട. ഈ വര്‍ഷം ഒരു ടീമില്‍ ഉള്‍പ്പെടുത്താവുന്നത് രണ്ട് താരങ്ങളെയാണ്. അഞ്ച് ക്ലബുകള്‍ മാത്രമാണ് ഇത്തരത്തില്‍ താരങ്ങളെ ഇറക്കിയിട്ടുള്ളത്. എല്ലാം ക്ലബുകളുടെ ഉത്തരവാദിത്തത്തിലും ചെലവിലുമാണ്. ഗോകുലം എഫ്.സി, എഫ്.സി കേരള, സാറ്റ് തിരൂർ, തൃശൂര്‍ എഫ്.സി, ക്വാര്‍ട്‌സ് എഫ്.സി കോഴിക്കോട് എന്നീ ടീമുകള്‍ക്ക് മാത്രമാണ് വിദേശ താരങ്ങളുള്ളത്. ലീഗിൽ പങ്കെടുക്കുന്ന മറ്റ് ടീമുകളായ തിരുവനന്തപുരം കെ.എസ്.ഇ.ബി, എസ്.ബി.ടി, സെന്‍ട്രല്‍ എക്‌സൈസ് കൊച്ചി, കൊച്ചിന്‍ റിഫൈനറി, കേരള പൊലീസ് ടീമുകള്‍ സ്വന്തം താരങ്ങളെ മാത്രമാണ് കളത്തിലിറക്കുന്നത്. കേരള ഫുട്ബാളിന് പുതിയ ആവേശം കൈവന്നത് ലീഗ് ഫുട്ബാളിലൂടെയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഹോം ആൻഡ് എവേ മാച്ച് സംവിധാനത്തിലാണ് ടൂര്‍ണമെൻറ്.
ഇന്ത്യയിലെ ആര്യ പരീക്ഷണമാണിത്. തിരൂരിലെ ആദ്യ കളിയോടെത്തന്നെ പരീക്ഷണം വിജയകരമാണെന്നാണ് കെ.എഫ്.എ വിലയിരുത്തൽ. ലീഗിൽനിന്ന് ലഭിക്കുന്ന ലാഭത്തിൻറ 40 ശതമാനം തുക ടീമുകൾക്ക് തുല്യമായി വീതിച്ച് നൽകാനും ഈ വർഷം തീരുമാനമുണ്ട്. വിദേശ താര പ്രൗഢി കൂടി വരുന്നതോടെ ലീഗ് ഫുട്ബാള്‍ അടുത്ത വർഷം മുതൽ കൂടുതല്‍ ആകര്‍ഷണീയമാകുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.