ലണ്ടൻ: ക്ലോഡിയോ റനേരി പടിയിറങ്ങിയതോടെ വിജയം ശീലമാക്കിയ ചാമ്പ്യൻ ലെസ്റ്റർ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴുമാസത്തിനുശേഷം ആദ്യ പത്തിലിടം. തരംതാഴ്ത്തൽ ഭീഷണിയിലുള്ള സണ്ടർലൻഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ലെസ്റ്ററിന് ലീഗിൽ തുടർച്ചയായ അഞ്ചാം ജയം. ഇതോടെ, 30 കളിയിൽ 36 പോയൻറുമായി ചാമ്പ്യന്മാർ പത്താം സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ആഗസ്റ്റിനുശേഷം ആദ്യമായാണ് ചാമ്പ്യൻ പട പത്തിലെത്തുന്നത്. അതേസമയം, ആദ്യ നാലിൽ ഇടംപിടിക്കാൻ പൊരുതുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിലൂടെ സമനിലപിടിച്ചു. എവർട്ടനോട് 1-1നായിരുന്നു സമനില. മറ്റു മത്സരങ്ങളിൽ ബേൺലി 1-0ത്തിന് സ്റ്റോക് സിറ്റിയെയും വാറ്റ്ഫോഡ് 2-0ത്തിന് വെസ്റ്റ്ബ്രോംവിച്ചിനെയും തോൽപിച്ചു.
ആറും ജയിച്ച ഷേക്സ്പിയർ ക്രെയ്ഗ് ഷേക്സ്പിയറിെൻറ കൈയിലെ മാന്ത്രിക വടിയെക്കുറിച്ചാണ് ഇന്ന് ഇംഗ്ലീഷ് ഫുട്ബാളിലെ സംസാരം. റാനിയേരിയെ പടിക്ക് പുറത്താക്കി ഷേക്സ്പിയറിന് ചുമതല നൽകിയതിനു പിറ്റേന്ന് സ്വിച്ചിട്ടതുപോലെ തുടങ്ങിയതാണ് ലെസ്റ്ററിെൻറ വിജയക്കുതിപ്പ്. പ്രീമിയർലീഗിലെ അഞ്ചും ചാമ്പ്യൻസ് ലീഗിലെ ഒന്നും ഉൾപ്പെടെ ആറു കളിയിൽ ആറും ജയിച്ചുള്ള വരവ്. പകരക്കാരനാക്കി നിയമിച്ച ക്ലബ് മാനേജ്െമൻറിനെയും റാനേരിയുടെ ഇഷ്ടക്കാരായ ആരാധകരെയും വരെ അദ്ഭുതപ്പെടുത്തിയുള്ള ഷേക്സ്പിയർ മാജിക്. ലിവർപൂൾ (3-1), ഹൾസിറ്റി (3-1), സെവിയ്യ (2-0), വെസ്റ്റ്ഹാം (3-2), സ്റ്റോക് സിറ്റി (2-0) എന്നിവർക്കെതിരായ ജയങ്ങൾക്കുശേഷമാണ് സണ്ടർലൻഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തുന്നത്. കിങ് പവർ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളുടെയും പിറവി.
69ാം മിനിറ്റിൽ മാർക് ആൾബ്രൈറ്റൺ വിങ്ങിൽനിന്നു നൽകിയ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ഇസ്ലാം സ്ലിമാനി ലെസ്റ്ററിന് ലീഡ് നൽകി. പത്തു മിനിറ്റിനകം രണ്ടാം ഗോളും പിറന്നു. 78ാം മിനിറ്റിൽ അതേ ആൾബ്രൈറ്റൺ വിങ്ങിലൂടെതന്നെ ഒാടിയെത്തി നൽകിയ ക്രോസ് ബോക്സിനുള്ളിൽ വാർഡി ഞൊടിയിട വേഗത്തിൽ ഗോളാക്കി മാറ്റി. 62ാം മിനിറ്റിലെ രണ്ട് നിർണായക സബ്സ്റ്റിറ്റ്യൂഷൻ തീരുമാനമാണ് ലെസ്റ്ററിനായി കളി മാറ്റിമാറിച്ചത്. ഷിൻജി ഒകസാക്കിയെ മാറ്റി ഇസ്ലാം സ്ലിമാനിയെയും ഡിമറായ് ഗ്രെയെ വലിച്ച് ആൾബ്രൈറ്റനെയും ഇറക്കിയതോടെ ലെസ്റ്ററിെൻറ ആക്രമണ വേഗതക്ക് ഇരട്ടി ഉൗർജമായി. ഇടതു വിങ്ങിലൂടെയുള്ള ആൾബ്രൈറ്റനിെൻറ സുന്ദരമായ നീക്കങ്ങളായിരുന്നു ഇരു ഗോളിലേക്കുമുള്ള വഴിയായത്.എവർട്ടനെതിരെ സ്വന്തം ഗ്രൗണ്ടായ ഒാൾഡ് ട്രഫോഡിൽ അനായാസ ജയത്തിെൻറ മൂഡിലായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിറങ്ങിയത്. ഇബ്രഹിമോവിച്ചിെൻറ മുന്നേറ്റം പാഴായതിനുപിന്നാലെ എവർട്ടൻ ആതിഥേയരെ ഞെട്ടിച്ചു. 22ാം മിനിറ്റിൽ കോർണർ കിക്കിലൂടെയെത്തിയ പന്ത് തട്ടിത്തടഞ്ഞ് ഫിൽ ജഗിൽകയിലൂടെ എവർട്ടൻ ഗോളാക്കി മാറ്റിയപ്പോൾ അവർതന്നെ ഞെട്ടി.
അപ്രതീക്ഷിത ഗോളിെൻറ ക്ഷീണത്തിൽ ഒാൾഒൗട്ട് അറ്റാക്കിങ്ങിലായി മാഞ്ചസ്റ്റർ. ഇബ്രയും ലിൻഗാർഡും കാരിക്കും ചേർന്ന് നടത്തിയ മുന്നേറ്റങ്ങൾക്കുമുന്നിൽ എവർട്ടൻ ഗോളി ജോയൽ റോബ്ലസ് നിറഞ്ഞുനിന്നു. യുനൈറ്റഡ് തോൽവി ഉറപ്പിച്ച സമയത്തായിരുന്നു 92ാം മിനിറ്റിൽ എവർട്ടൻ ഡിഫൻഡർ ആഷ്ലി വില്യംസിെൻറ മണ്ടത്തം തിരിച്ചടിയായത്. ബോക്സിനുള്ളിൽനിന്നും യുനൈറ്റഡിെൻറ ഷോട്ട് കൈകൊണ്ട് തടഞ്ഞിട്ടതിന് പെനാൽറ്റിയും ചുവപ്പ്കാർഡും. കിക്കെടുത്ത ഇബ്ര അനായാസം പന്ത് വലയിലാക്കി തുടർച്ചയായ 20 മത്സരങ്ങളിലെ അപരാജിത കുതിപ്പ് ഭദ്രമാക്കി. 29 കളിയിൽ 54 പോയൻറുമായി അഞ്ചാം സ്ഥാനത്താണ് യുനൈറ്റഡ്. അതിനിടെ 71ാം മിനിറ്റിൽ ഇബ്രയുടെ ഗോളിനെതിരെ ഒാഫ് സൈഡ് വിളിച്ചതിനെതിരെ കോച്ച് ജോസ് മൗറീന്യോ പ്രതിഷേധിച്ചു. വിഡിയോ അസിസ്റ്റൻറ് റഫറിയിങ് ഉണ്ടായിരുന്നെങ്കിൽ 2-1ന് ജയിച്ച കളിയെന്നായിരുന്നു മൗറീന്യോയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.