കോപ അമേരിക്കയിൽ ബ്രസീലിനോട് തോറ്റതിന് ടൂർണമെൻറ് അധികൃതരെയും റഫറിമാരെയും കുറ്റപ്പെടുത്തി അർജൻറീനൻ സൂപ്പർതാരം ലയണൽ മെസ്സി. കോപ അധികൃതർ ബ്രസീലിന് അനുകൂലമായി പെരുമാറിയെന്ന് മെസ്സി ആരോപിച്ചു. റഫറിയെയും വീഡിയോ അസിസ്റ്റന്റ് റഫറിയെയും ബാഴ്‌സലോണ സൂപ്പർതാരം രൂക്ഷമായി വിമർശിച്ചു.
മത്സരത്തിൽ അഗ്യൂറോയെ വീഴ്ത്തിയതിന് അർജൻറീനക്ക് റഫറി പെനാൽറ്റി നൽകിയിരുന്നില്ല. ഇത് വാറിൽ പരിശോധിക്കാനും ഇവർ തയ്യാറായില്ല. ഈ തീരുമാനത്തിലാണ് മെസ്സി പ്രകോപിതനായത്. മാച്ച് ഒഫീഷ്യൽ വാർ പോലും പരിശോധിച്ചില്ല, ഇത് അവിശ്വസനീയമാണ്. മത്സരത്തിലുടനീളം അത് സംഭവിച്ചു. ബ്രസീൽ നമ്മേക്കാൾ മികച്ചവരായിരുന്നില്ല. അവർ നേരത്തെ തന്നെ ഗോൾ കണ്ടെത്തി. അഗ്യൂറോക്ക് സമ്മാനിക്കാത്ത പെനാൽറ്റിയിൽ നിന്ന് അവർ രണ്ടാമത്തെ ഗോൾ കണ്ടെത്തി- മെസ്സി വ്യക്തമാക്കി.
ഞാൻ റഫറിയുമായി സംസാരിച്ചു, ഞങ്ങളെ ബഹുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ ഒരു നിമിഷവും ഞാനത് കണ്ടില്ല.ഞങ്ങൾ മികച്ച മത്സരം കളിച്ചുവെന്ന് കരുതുന്നു. വലിയ ശ്രമം നടത്തി. ബ്രസീൽ നമ്മേക്കാൾ വലിയവരല്ല. അർജന്റീനക്ക് മുന്നിൽ ശോഭനമായ ഭാവിയുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോൽവിയിൽ ഞങ്ങൾക്ക് ഒഴികഴിവുകളൊന്നുമില്ല. പക്ഷേ ഞങ്ങൾക്ക് ഇത് അവലോകനം ചെയ്യേണ്ടതുണ്ട്. കോപ സംഘാടകരായ CONMEBOL ഇതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. സംഘടനയിൽ ബ്രസീൽ ശക്തന്മാരാണെന്നും മെസ്സി പറഞ്ഞു.
സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജൻറീനയെ ബ്രസീൽ തോൽപിച്ചത്. 19ാം മിനുട്ടിൽ ഗബ്രിയേൽ ജീസസും 71ാം മിനുട്ടിൽ ഫിർമിനോയുമാണ് ബ്രസീലിനായി ഗോൾ നേടിയത്. പഴയ മെസിയായില്ലെങ്കിലും മനോഹരമായ ചില നീക്കങ്ങൾ താരം മൈതാനത്ത് നടത്തി. നാല് ഫ്രീ കിക്കുകൾ മെസി എടുത്തെങ്കിലും ഒന്നും ഗോളായില്ല. മെസ്സിയുടെ നീക്കങ്ങൾക്ക് കൃത്യമായ പിന്തുണ നൽകാൻ സഹതാരങ്ങൾക്കായില്ല.
ലോകത്തെ ഇതിഹാസ ഫുട്ബാൾ താരമാകുമ്പോഴും രാജ്യത്തിനായി കാര്യമായി സംഭാവന നൽകാൻ ലയണൽ മെസ്സിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 2005ലെ അണ്ടർ 20 ലോകകപ്പും 2008ലെ ഒളിമ്പികസ് സ്വർണ്ണ മെഡലും മാത്രമാണ് മെസ്സിക്ക് അർജന്റീനക്ക് നേടിക്കൊടുക്കാനായത്. 2016ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടതിന് ശേഷം മെസ്സി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരമായിരുന്ന ഡാനി ആൽവസാണ് ബ്രസീലിനെ നയിച്ചത്. ആൽവസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.