ലിവര്‍പൂള്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും ചൂടും ചൂരുമേറിയ നഗരവൈരികളുടെ പോരാട്ടമാണ് ലിവര്‍പൂള്‍-എവര്‍ട്ടണ്‍ മത്സരം. ലിവര്‍പൂള്‍ നഗരത്തിലെ ചിരവൈരികള്‍ ഏറ്റുമുട്ടുമ്പോഴെല്ലാം ആവേശം നുരഞ്ഞുപൊങ്ങാറുണ്ട്. ഇത്തവണയും മോശമായില്ല. അവസാന വിസില്‍ വരെ ഉദ്വേഗം മുറ്റിനിന്ന പോരില്‍ എവര്‍ട്ടണിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ലിവര്‍പൂള്‍ ജയം സ്വന്തമാക്കി. ഇഞ്ചുറി സമയത്തിന്‍െറ നാലാം മിനിറ്റില്‍ സാദിയോ മാനെയാണ് നിര്‍ണായക ഗോള്‍ സ്കോര്‍ ചെയ്തത്.
സ്ട്രൈക്കര്‍ ഡാനിയല്‍ സ്റ്ററിഡ്ജിന്‍െറ ഷോട്ട് പോസ്റ്റില്‍ തട്ടി തിരിച്ചത്തെിയപ്പോള്‍ റീബൗണ്ടില്‍ സെനഗല്‍ വിങ്ങര്‍ ലക്ഷ്യംകാണുകയായിരുന്നു. വിരസമായ ആദ്യപകുതിയില്‍ ഇരുനിരകള്‍ക്കും കാര്യമായ ആക്രമണങ്ങളൊന്നും കരുപ്പിടിപ്പിക്കാനായില്ല. ഇടവേളക്കുശേഷം റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനായി രണ്ടു തവണ ഗോളിനടുത്തത്തെിയെങ്കിലും ആദ്യം മാര്‍ട്ടിന്‍ സ്റ്റക്ലന്‍ബര്‍ഗും പിന്നീട് പകരക്കാരന്‍ ജോ റോബിള്‍സും എവര്‍ട്ടന്‍െറ രക്ഷകരായി. മറുവശത്ത് ആഷ്ലി വില്യംസിന്‍െറ ദുര്‍ബലമായ ഹെഡര്‍ മാത്രമായിരുന്നു ലിവര്‍പൂളിന് ഭീഷണിയുയര്‍ത്തിയത്. ലിവര്‍പൂള്‍ നായകന്‍ ജൊനാഥന്‍ ഹെന്‍ഡേഴ്സണിനെ ഫൗള്‍ ചെയ്തതിന് റോസ് ബാക്ലി തലനാരിഴക്കാണ് ചുവപ്പുകാര്‍ഡില്‍നിന്ന് രക്ഷപ്പെട്ടത്.
സീസണില്‍ പകുതി വഴി പിന്നിടുമ്പോള്‍ വ്യക്തമായ ലീഡുമായി ചെല്‍സിയാണ് മുന്നില്‍. 17 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ രണ്ടാമതുള്ള ലിവര്‍പൂളിനെക്കാള്‍ ആറു പോയന്‍റ് ലീഡുമായി അന്‍േറാണിയോ കോണ്ടെയുടെ നീലപ്പട ‘ശീതകാല ചാമ്പ്യന്‍പട്ടം‘ സ്വന്തമാക്കിയിരിക്കുകയാണ്. ചെല്‍സിക്ക് 43ഉം ലിവര്‍പൂളിന് 37ഉം പോയന്‍റാണുള്ളത്. കഴിഞ്ഞദിവസം ആഴ്സനലിനെ തോല്‍പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയാണ് 36 പോയന്‍റുമായി മൂന്നാം സ്ഥാനത്ത്. ആഴ്സനല്‍ 34, ടോട്ടന്‍ഹാം ഹോട്സ്പര്‍ 33 എന്നിവ നാലും അഞ്ചും സ്ഥാനത്തുണ്ട്. 30 പോയന്‍റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാമതാണ്. നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി ഏറെ പിറകിലാണ്. 17 പോയന്‍റുമായി 15ാമതാണ് ‘കുറുക്കന്മാരുടെ’ സ്ഥാനം. സണ്ടര്‍ലന്‍ഡ് (14), സാന്‍സീ സിറ്റി, ഹള്‍ സിറ്റി (12 പോയന്‍റ് വീതം) എന്നീ ടീമുകളാണ് തരംതാഴ്ത്തല്‍ മേഖലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.