സിറ്റിയെ  പിളര്‍ത്തി  ലിവര്‍പൂള്‍

ലണ്ടന്‍: 2016ലെ അവസാന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂളിന്‍െറ കുതിപ്പ്. ഒരു ഗോളിന് ജയിച്ച യുര്‍ഗന്‍ ക്ളോപ്പിന്‍െറ കുട്ടികള്‍ ഒന്നാമതുള്ള ചെല്‍സിയില്‍നിന്ന് പോയന്‍റ് വ്യത്യാസം ആറായി കുറച്ചു. ലിവര്‍പൂളിന്‍െറ തട്ടകമായ ആന്‍ഫീല്‍ഡില്‍ കളിതുടങ്ങി ചൂടുപിടിക്കുന്നതിനിടെ എട്ടാം മിനിറ്റില്‍ ഹോളണ്ട് താരം ജോര്‍ജിനിയോ വിനാല്‍ഡം നേടിയ ഏകഗോളിനായിരുന്നു ജയം. പല കണക്കുകൂട്ടലുകളോടെയാണ് പെപ് ഗ്വാര്‍ഡിയോള ആന്‍ഫീല്‍ഡ് പുല്‍മൈതാനിയിലേക്ക് എത്തിയിരുന്നത്. നേരത്തേ ഒന്നാം സ്ഥാനത്തായിരുന്ന സിറ്റി അടിക്കടി മത്സരങ്ങള്‍ കൈവിട്ട് റാങ്ക്പട്ടികയില്‍ പിന്നിലേക്കിറങ്ങിയിരുന്നു. ക്ളോപ്പിന്‍െറ സംഘത്തെ അട്ടിമറിച്ച് വര്‍ഷം വിജയത്തോടെ അവസാനിപ്പിക്കാനും ചെല്‍സിക്കു പിറകില്‍ സ്ഥാനം പിടിക്കാനുമുള്ള കണക്കുകൂട്ടലുകള്‍ ആദ്യത്തില്‍ തന്നെ തെറ്റി. എട്ടാം മിനിറ്റില്‍ ഇടതുവിങ്ങിലൂടെ പന്തുമായി ആഡം ലല്ലാന നടത്തിയ കുതിപ്പാണ് ഗോളില്‍ കലാശിച്ചത്. 

ഒപ്പമോടിയ സിറ്റി പ്രതിരോധ ഭടന്‍ സബലേറ്റയെ കബളിപ്പിച്ച് സെക്കന്‍ഡ് പോസ്റ്റിലേക്ക് മഴവില്ലുകണക്കെയുള്ള ലല്ലാനയുടെ ക്രോസ്. ബോക്സിലേക്ക് ഓടിയത്തെിയ വിനാല്‍ഡം പന്ത് പോസ്റ്റിന്‍െറ വലതുമൂലയിലേക്ക് കുത്തിയിട്ടപ്പോള്‍ മാര്‍ക്ക്ചെയ്യേണ്ടിയിരുന്ന ബള്‍ഗേറിയന്‍ ഡിഫന്‍ഡര്‍ അലക്സാണ്ടര്‍ കൊളറോവിന് പിഴക്കുകയായിരുന്നു. ഗോളി ക്ളാഡിയോ ബ്രാവോയെ നിസ്സഹായനാക്കി ബുള്ളറ്റ് ഹെഡര്‍ വലകുലുക്കിയതോടെ സ്റ്റേഡിയം കുലുങ്ങി. അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയതോടെ സിറ്റി ആക്രമണം കനപ്പിച്ചു. 

എന്നാല്‍ സെര്‍ജിയോ അഗ്യൂറോ, യായ ടുറെ, ഫെര്‍ണാണ്ടീന്യോ എന്നിവരുടെ നീക്കങ്ങള്‍ ലിവര്‍പൂള്‍ പ്രതിരോധം തന്ത്രപൂര്‍വം തടഞ്ഞതോടെ സിറ്റിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. നേരത്തേ സ്റ്റോക് സിറ്റിയെ 4-2ന് തകര്‍ത്ത ചെല്‍സി, 49 പോയന്‍റുമായി ഒന്നാം സ്ഥാനത്തിന് ബലമേകിയിരുന്നു. 43 പോയന്‍റുമായാണ് ലിവര്‍പൂള്‍ രണ്ടാമതായത്. 19 കളിയില്‍ 39 പോയന്‍റുമായി സിറ്റി മൂന്നാമതാണ്. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്ട്സ്പര്‍ 4-1ന് വാറ്റ്ഫോഡിനെ തകര്‍ത്തു. ടോട്ടന്‍ഹാമിനായി ഇംഗ്ളീഷ് താരങ്ങളായ ഹാരികെയ്നും ബമിദേലെ അലിയും രണ്ടു ഗോള്‍ വീതം നേടി. യൂനുസ് കാബോള്‍ വാറ്റ്ഫോഡിന്‍െറ ആശ്വാസഗോള്‍ കണ്ടത്തെി.
Tags:    
News Summary - Liverpool 1 Man City 0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.