ലണ്ടന്‍: ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറുന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാറിമറിഞ്ഞ് ഒന്നാം സ്ഥാനം. തുടക്കത്തില്‍ വന്‍ കുതിപ്പ് നടത്തിയിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി പിന്നീടുള്ള മത്സരങ്ങളില്‍ കിതച്ചുതുടങ്ങിയതിനൊപ്പം ആരംഭത്തിലെ ആലസ്യത്തില്‍നിന്നുണര്‍ന്ന് ലിവര്‍പൂളും ചെല്‍സിയും കുതിപ്പാരംഭിച്ചതാണ് മുന്‍നിര സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടം ശക്തമാക്കിയത്.
11ാം റൗണ്ട് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ മുന്നിലുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി, മിഡില്‍സ്ബറോയോട് 1-1 സമനിലയില്‍ കുടുങ്ങിയതിനുപിന്നാലെ എവര്‍ട്ടനെ 0-5ന് തകര്‍ത്താണ് ചെല്‍സി ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ജയിച്ചാല്‍ ചെല്‍സിയെ മറികടക്കാമായിരുന്ന ആഴ്സനല്‍, ടോട്ടന്‍ഹാമിനോട് 1-1ന് സമനില വഴങ്ങി. പിറകെ വാറ്റ്ഫോര്‍ഡിനെ 1-6ന് മുക്കിയ ലിവര്‍പൂള്‍ ചെല്‍സിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
ലിവര്‍പൂളിന് 26ഉം ചെല്‍സിക്ക് 25ഉം പോയന്‍റാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്സനലിനും 24 പോയന്‍റ് വീതവും ടോട്ടന്‍ഹാമിന് 21 പോയന്‍റും.
വാറ്റ്ഫോര്‍ഡിനെതിരെ ലിവര്‍പൂളിനായി സെയ്ദു മാനെ രണ്ടു ഗോള്‍ നേടിയപ്പോള്‍ ഫിലിപെ കുടീന്യോ, റോബര്‍ട്ടോ ഫിര്‍മിനോ, എംറേ ചാന്‍, ജിയോര്‍ജിനോ വെയ്നാള്‍ഡും എന്നിവരും വല കുലുക്കി.
ഉജ്ജ്വല ഫോം തുടരുന്ന ചെല്‍സി, സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തകര്‍പ്പന്‍ ജയമാണ് എവര്‍ട്ടണിനെതിരെ നേടിയത്. എവര്‍ട്ടണ്‍ പ്രതിരോധം പലതവണ കീറിമുറിച്ച ചെല്‍സിക്കായി വിങ്ങര്‍ പെഡ്രോ ഗോണ്‍സാല്‍വസ് രണ്ടു തവണ വലകുലുക്കിയപ്പോള്‍ ഡീഗോ കോസ്റ്റ, ഏഡന്‍ ഹസാര്‍ഡ്, മാര്‍കോ അലോന്‍സോ എന്നിവരും ലക്ഷ്യംകണ്ടു. ഒരു ഗോള്‍ പോലും വഴങ്ങാതെ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്.
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയെ തകര്‍ത്തതിന്‍െറ ആവേശത്തില്‍ സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയെ മുന്‍ ബാഴ്സ കീപ്പര്‍ വിക്ടര്‍ വാല്‍ഡെസിന്‍െറ തകര്‍പ്പന്‍ പ്രകടനത്തിന്‍െറ ബലത്തിലാണ് മിഡില്‍സ്ബറോ തളച്ചത്.
43ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയ്നെയുടെ മനോഹര ക്രോസില്‍ സിറ്റി ജഴ്സിയിലെ 150ാം ഗോളുമായി അഗ്യൂറോ ടീമിനെ മുന്നിലത്തെിച്ചു. അതിന്‍െറ ബലത്തില്‍ വിജയം സ്വന്തമാക്കുമെന്ന് തോന്നിച്ച പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനെ ഇഞ്ച്വറി ടൈമില്‍ ഡച്ച് മധ്യനിര താരം മാര്‍ട്ടിന്‍ ഡെറൂണ്‍ നേടിയ ഗോളിലൂടെയാണ് ബറോ പിടിച്ചുകെട്ടിയത്.
ആഴ്സനല്‍-ടോട്ടന്‍ഹാം ലണ്ടന്‍ ഡെര്‍ബിയില്‍ 42ാം മിനിറ്റില്‍ ഡിഫന്‍റര്‍ കെവിന്‍ വിമ്മറുടെ സെല്‍ഫ് ഗോളാണ് ടോട്ടന്‍ഹാമിന് തിരിച്ചടിയായത്. എന്നാല്‍, 52ാം മിനിറ്റില്‍ ഹാരി കെയ്നിന്‍െറ പെനാല്‍റ്റി ഗോളില്‍ ടോട്ടന്‍ഹാം സമനില പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.