കൊൽക്കത്ത: സിരകളിലും തെരുവിലും ഫുട്ബാൾ മാത്രമായ കൊൽക്കത്തയെ കീഴടക്കി കാൽപന്തിെൻറ വിശ്വതാരം ഡീഗോ മറഡോണ. മൂന്നു ദിവസത്തെ സന്ദർശനത്തിനായി കൊൽക്കത്തയിലെത്തിയ ഇതിഹാസതാരത്തിനു ചുറ്റിലുമായിരുന്നു ‘സിറ്റി ഒാഫ് ജോയ്’. കുട്ടികൾക്ക് കളിയുടെ ബാലപാഠങ്ങൾ പകർന്നും അടവുകൾ അഭ്യസിപ്പിച്ചും നിറഞ്ഞുനിന്ന താരം സൗരവ് ഗാംഗുലിക്കൊപ്പം പന്തുതട്ടാനുമെത്തി. എന്നാൽ, നേരത്തെ തീരുമാനിച്ച ‘ഡീഗോ x ദാദ’ ചാരിറ്റി ഫുട്ബാൾ മാച്ചിൽ കളിക്കാൻ മറഡോണ ഇറങ്ങിയില്ല.
ഇന്ത്യൻ ഫുട്ബാളിലെ പഴയകാല താരങ്ങളും സെലിബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും അണിനിരന്ന മത്സരത്തിൽ ഡീഗോയും ഗാംഗുലിയും ടീമിനെ നയിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, 57കാരനായ മറഡോണ ക്ഷീണം കാരണം കളിക്കാനിറങ്ങിയില്ല. ചാരിറ്റി മത്സരത്തിന് കിക്കോഫ് കുറിച്ചും കളിക്കാരുമായി കുശലസംഭാഷണം നടത്തിയും താരം മാറിനിന്നു. മറഡോണക്കെതിരെ കളിക്കാനുള്ള അവസരം നഷ്ടമായതിലെ നിരാശ ഗാംഗുലി മറച്ചുവെച്ചില്ല. ‘‘കാൽപന്തു കളിയിെല രാജാവിനെതിരെ കളിക്കാൻ അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമായിരുന്നു. എന്നാൽ, പ്രായം അദ്ദേഹത്തെ തളർത്തിയിട്ടുണ്ട്. ചെറുപ്പം മുതലെ മറഡോണയുടെ വലിയ ആരാധകനാണ്. 1986ലെ ലോകകപ്പ് കിരീടമുയർത്തുന്നത് ടി.വിയിൽ കണ്ണിമവെട്ടാതെ നോക്കിനിന്നിരുന്നു. ഇപ്പോൾ നേരിട്ടു കാണാൻ കഴിഞ്ഞതു തന്നെ വലിയ കാര്യമാണ്. മറ്റൊരവസരത്തിൽ കളിക്കാനാവുമെന്നാണ് എെൻറ പ്രതീക്ഷ’’^ ഗാംഗുലി പറഞ്ഞു.
കുട്ടികൾക്കായി നടത്തിയ ഫുട്ബാൾ വർക്ഷോപ്പിനു ശേഷമാണ് ഗാംഗുലിയുടെ ടീമിനെതിരെ മത്സരം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, വർക്ഷോപ്പ് കഴിഞ്ഞതോടെ അവശനായ ഡീഗോ കളിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ഗാംഗുലിയുടെ ടീമിൽ ബംഗാൾ ക്രിക്കറ്റ് താരം മനോജ് തിവാരിയും അണിനിരന്നു. മുൻ ഇന്ത്യൻ ഫുട്ബാൾതാരങ്ങളായ ശ്യാം ഥാപ്പ, പ്രസൂൺ ബാനർജി, ശിശിർ ഘോഷ്, ദേബ്ജിത് ഘോഷ്, ബിശ്വജിത് ഭട്ടാചാര്യ, ഹേമന്ദ ധോറ, ദീേപന്ദു ബിശ്വാസ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.