യാംഗോൻ: ഏഷ്യ കപ്പ് യോഗ്യത തേടി ആദ്യ മത്സരത്തിൽ ഇന്ത്യ ബൂട്ടണിയുന്നു. മൂന്നാം റൗണ്ട് യോഗ്യത മത്സരത്തിലെ ഗ്രൂപ് ‘എ’യിൽ മ്യാന്മറാണ് എതിരാളി. മൂന്നു ദിവസം മുമ്പ് കംേബാഡിയക്കെതിരെ നേടിയ സൗഹൃദ മത്സരത്തിലെ ജയം സമ്മാനിച്ച ആത്മവിശ്വാസത്തോടെയാണ് ടീം മ്യാന്മറിൽ വിമാനമിറങ്ങിയത്. ഫിഫ റാങ്കിങ്ങിൽ 40 സ്ഥാനം മുന്നിൽ ഇന്ത്യയാണെങ്കിലും (132) ആതിഥേയരെന്ന ആനുകൂല്യം ഏഷ്യൻ ഫുട്ബാളിലെ വെളുത്തമാലാഖമാർക്ക് മുൻതൂക്കമാവും.
ഇതിനു പുറമെയാണ് അവസാന മുഖാമുഖത്തിലെ ഫലം. 2013 ചാലഞ്ച് കപ്പ് യോഗ്യതക്കായി ഇന്ത്യ യാംഗോനിലെത്തിയപ്പോൾ ഒരു ഗോളിന് മ്യാന്മറിനായിരുന്നു ജയം. ഇതെല്ലാം കണക്കിലെടുത്താവും ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ മ്യാന്മറാണ് കൂടുതൽ ഫേവറിറ്റെന്ന് വ്യക്തമാക്കിയത്. എങ്കിലും, തങ്ങളുടെ താരങ്ങൾ കഠിനാധ്വാനം ചെയ്ത് ഒരുങ്ങിയിരിക്കുകയാണെന്ന് കോച്ച് മുന്നറിയിപ്പ് നൽകുന്നു.
സുനിൽ ഛേത്രി, ജെജെ ലാൽ പെഖ്ലുവ, റോബിൻ സിങ്, സി.കെ. വിനീത് എന്നിവരടങ്ങിയ മുൻനിര ആതിഥേയ ഗോൾമുഖത്ത് ഏത് നിമിഷവും അപകടം വിതക്കാൻ കെൽപുള്ളവരാണ്. കംബോഡിയക്കെതിരായ മത്സരത്തിൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച മലയാളി താരം അനസ് എടത്തൊടികയും പ്രതിരോധത്തിലുണ്ടാവും. സന്ദേശ് ജിങ്കാൻ, പ്രീതം കോടൽ, നാരായൺദാസ് എന്നിവരാണ് മറ്റു ഡിഫൻഡർമാർ. ഗോളിയായി ഗുർപ്രീത് സിങ്ങും.
ഗ്രൂപ് ‘എ’യിൽ മകാവു, കിർഗിസ്താൻ എന്നിവരാണ് മറ്റു രണ്ടു ടീമുകൾ. ജൂൺ 13ന് കിർഗിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.