ന്യൂഡൽഹി: വലിയ ലക്ഷ്യത്തിലേക്ക് സർവസന്നാഹങ്ങളുമായി നേരത്തെ പുറപ്പെട്ട യാത്രാസംഘത്തിന്, വഴിമധ്യേ പടനായകനെ നഷ്ടമായ അവസ്ഥയിലാണ് അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീം. രാജ്യം ആവേശത്തോടെ കാത്തിരുന്ന കൗമാര ഫുട്ബാൾ വസന്തത്തിലേക്ക് പന്തുരുളാൻ ഇനിയുള്ളത് 217 ദിവസം മാത്രമാണ്. പക്ഷേ, ചരിത്രനിമിഷം അവിസ്മരണീയമാക്കാനൊരുങ്ങി പുറപ്പെട്ട കൗമാരപ്പടക്ക് ലക്ഷ്യവും താളവും തെറ്റി. യൂറോപ്പിലും മറ്റുമായി സന്നാഹമത്സരങ്ങൾ കളിച്ച് തയാറെടുപ്പ് സജീവമാക്കുന്നതിനിടെയാണ് കോച്ച് ആഡം നികോളയെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുറത്താക്കുന്നത്. ഒരു മാസം നീണ്ട അനിശ്ചിതത്വങ്ങൾക്കു ശേഷം പോർചുഗീസുകാരനായ ലൂയി നോർടൻ മാറ്റ്യൂസ് കഴിഞ്ഞ ദിവസം ഇന്ത്യ അണ്ടർ 17 ടീമിെൻറ പരിശീലകനായി ചുമതലയേറ്റു. ഇനി ഒന്നു മുതൽ തുടങ്ങണം.
മുറിഞ്ഞുപോയ താളം വീണ്ടെടുത്ത് സ്വപ്നങ്ങൾ വീണ്ടും നെയ്തെടുക്കണം. ലോകകപ്പിൽ പന്തുതട്ടുകയെന്ന അവിശ്വസനീയതക്ക് മുന്നിൽ പകച്ചുപോവാതെ ഇന്ത്യൻ കൗമാരത്തെ അണിയിച്ചൊരുക്കണം. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആസ്ഥാനത്തെത്തി ചുമതലയേറ്റ ലൂയി നോർട്ടനെ കാത്തിരിക്കുന്നത് ഹിമാലയൻ വെല്ലുവിളികളാണ്. ആഡം നികോളായ് ഇന്ത്യ മുഴുവൻ നടന്ന് തെരഞ്ഞെടുത്ത കൗമാരപ്പടയെ നോർട്ടൻ എങ്ങനെ കൈകാര്യം ചെയ്ത് തുടങ്ങുമെന്നതിന് ഇന്ത്യൻ ഫുട്ബാൾ തലപ്പത്തിരിക്കുന്നവർക്കും വ്യക്തതയില്ല. ലോകപ്പിനുള്ള മറ്റ് രാജ്യങ്ങളെല്ലാം ടീമൊരുക്കി യോഗ്യത റൗണ്ടും മറ്റുമായി സജീവമായപ്പോഴും ആതിഥേയരുടെ സ്വപ്നസംഘം ഇതുവരെ സജ്ജമായിട്ടില്ല.
ബുധനാഴ്ച ന്യൂഡൽഹിയിലെത്തിയ നോർടൻ സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ തലവന്മാർ, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മുൻ പോർചുഗൽ ദേശീയ താരം കൂടിയായ നോർടൻ 27 വർഷത്തെ പരിശീലക പരിചയവുമായാണ് ഇന്ത്യയിലെത്തുന്നത്. ബെൻഫിക, അത്ലറ്റിക് പോർചുഗൽ ഉൾപ്പെടെയുള്ള വിവിധ ക്ലബുകളെയും, മൂന്നുവർഷം ഗനിയ ബിസാവു ദേശീയ ടീമിനെയും പരിശീലിപ്പിച്ചു.
‘സംവിധായകെൻറ റോളാണ് എനിക്ക്. കൈയിലുള്ള കളിക്കാരെ അവരുടെ മിടുക്കനുസരിച്ച് ജോലിചെയ്യിക്കുക. തീർച്ചയായും അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ഫുട്ബാളിെൻറ അടിസ്ഥാന വികസനത്തിന് വഴിയൊരുക്കും. സ്വന്തം മികവിൽ വിശ്വസിച്ച് കളിച്ചാൽ ഇൗ ടീമിന് രാജ്യത്തിനായി പലതും സംഭാവന ചെയ്യാം’ ^നോർടൻ പറഞ്ഞു.
ഗോവക്കാരനായ മുത്തച്ഛൻ വഴി ഇന്ത്യയുമായി അടുത്തബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു നോർടൻ സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.