റഷ്യൻ ഫെഡറേഷനിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരമാണ് ‘നിസ്നി’ എന്ന് റഷ്യക്കാർ വിളിക്കുന്ന നിഷീനി നോഫ്ഗോരോഡു. റഷ്യയുടെ അക്ഷരനഗരവും ആണിത്. വോൾഗ നദിക്കരയിലെ ഈ പൗരാണിക നഗരത്തിലാണ് വിഖ്യാതനായ മാക്സിം ഗോർക്കി ജനിച്ചത് എന്നതുതന്നെ കാരണം.
1932 മുതൽ 1990 വരെ സോവിയറ്റ് കാല ഘട്ടത്തിൽ ഗോർക്കി എന്നായിരുന്നു നഗരത്തിെൻറ വിളിപ്പേര്. 12 ലക്ഷം ജനങ്ങളുണ്ട് ഇന്നിവിടെ.
1221ൽ യൂറി രണ്ടാമൻ എന്ന നാട്ടുപ്രഭു ആയിരുന്നു നിസ്നി നഗരം സ്ഥാപിച്ചത്. എന്നാൽ, സ്വതന്ത്രമായ നിലനിൽപിനെ ചോദ്യംചെയ്തുകൊണ്ട് മോഡിവിയൻ വർഗക്കാരുടെ കൈയേറ്റങ്ങൾ തുടർന്നു.
വികസനവും തടയപ്പെട്ടു. യൂറി പ്രഭുവിെൻറ കാലശേഷം മംഗോളിയക്കാരുടെ അധീനതയിലായ ഈ മനോഹര നഗരം ഒടുവിൽ റഷ്യക്കാരുടേതായി മാറിയപ്പോൾ മോസ്കോ, ഡെവർ നഗരങ്ങൾക്കൊപ്പം പുതുക്കിപ്പണിതു. അങ്ങനെ ഗോർക്കി റഷ്യയിലെ ആസൂത്രിത നഗരങ്ങളിൽ ഒന്നായി.
റഷ്യൻ ഓർത്തഡോക്സ് ക്രിസ്തീയ സഭയുടെ മേൽനോട്ടത്തിൽ മധ്യകാലഘട്ടത്തിലെ വാസ്തുശിൽപ ചാരുതയോടെ കൂറ്റൻ കരിങ്കൽ ശിലകളും ഉരുളൻ തൂണുകളുമായി നിരവധി ആരാധനാലയങ്ങൾ ഉയർന്നു വന്നു. അത്തരം നിർമിതികളാണ് ഇന്നും നഗരത്തിെൻറ പ്രൗഢി. വോൾഗയുടെയും ഓക്ക നദിയുടെയും തീരമായ ഈ നഗരത്തിലൂടെ സഞ്ചരിച്ചാൽ ഒരു കൊടും വനത്തിനുള്ളിലാണോ എന്ന് സംശയിച്ചുപോകും.
പ്രകൃതിയെ അത്രത്തോളം സ്വാംശീകരിച്ചുകൊണ്ടാണ് നിഷീനി നോഫ്ഗോരോഡു ചിട്ടപ്പെടുത്തിയിരിക്കുന്നത്. റഷ്യയിലെ രണ്ടാമത്തെ വാണിജ്യ നഗരം കൂടിയാണ് ഇൗ സാംസ്കാരിക തലസ്ഥാനം. നദീതട സംസ്കാര കാലത്തെ രണ്ടു നദികൾ കേന്ദ്രീകരിച്ചുള്ള ചരക്കു ഗതാഗത മികവ് തൊട്ടടുത്തുള്ള പ്രവിശ്യകൾക്ക് അനുഗ്രഹമാവുകയും ചെയ്തു.
കളിനഗരം കൂടിയാണ് അക്ഷരനഗരം. ഐസ് ഹോക്കിയാണ് നഗര വിനോദം. അതിനാവശ്യമായ നിരവധി ഐസ് സ്റ്റേഡിയങ്ങൾ ഇവിടെയുണ്ട്. നിരവധി ഫിഗർ സ്കേറ്റിങ് താരങ്ങളെ സംഭാവന ചെയ്യാനും വോൾഗ തീര നഗരത്തിനായി. അഞ്ചിലധികം ഫുട്ബാൾ ക്ലബുകളുടെ സാന്നിധ്യം ലോകകപ്പിെൻറ വേദിയുമെത്തിച്ചു. ഓരോ പ്രീ ക്വാർട്ടറും ക്വാർട്ടറും അടക്കം ആറു മത്സരങ്ങളുടെ വേദിയാണ് ഗോർക്കിയുടെ സ്വന്തം നാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.