പാരിസ്\ബാഴ്സലോണ: സീസണിലെ ട്രാൻസ്ഫർ എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കൂടുമാറ്റത്തിന് ഒടുവിൽ കൂച്ചുവിലങ്ങ്. കൈമാറ്റ ജാലകമടയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പി.എസ്.ജി താരം പഴയ തട്ടകമായ ബാഴ്സലോണയിലേക്കു തിരിച്ചെത്തില്ലെന്നാണ് സൂചന. അവസാന നിമിഷം അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ നെയ്മർ പി.എസ്.ജിയിൽ തുടരും.
രണ്ടു സീസൺ മുമ്പ് വൻ വില കിട്ടിയപ്പോൾ കൈവിട്ട താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്സലോണ പ്രസിഡൻറ് യോസെപ് ബർതോമിയു കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും പി.എസ്.ജി വഴങ്ങിയില്ല. ബാഴ്സ മൂന്നു തവണയായി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളൊന്നും തങ്ങൾ നെയ്മർക്ക് കൽപിച്ച മൂല്യത്തിനൊത്തതല്ലെന്ന് വ്യക്തമാക്കിയായിരുന്നു പി.എസ്.ജി നിരസിച്ചത്.
ഏറ്റവുമൊടുവിൽ നടന്ന ചർച്ചകൾക്കൊടുവിൽ നെയ്മർക്ക് പകരം 948 കോടി രൂപയും മൂന്നു മുൻനിര താരങ്ങളെയും നൽകാമെന്നായിരുന്നു ബാഴ്സയുടെ ഒാഫർ. ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഇവാൻ റാകിറ്റിച്, ഫ്രഞ്ച് സ്ട്രൈക്കർ ഉസ്മാനെ ഡെംബലെ, ഫ്രഞ്ച് ഡിഫൻഡർ ഴാങ് ക്ലയർ ടോഡിബോ എന്നിവരെയാണ് ബാഴ്സ, നെയ്മർ ചൂണ്ടയിൽ ഇരകളായി കൊളുത്തിയത്. എന്നാൽ, രണ്ട് സീസൺ മുമ്പ് നെയ്മർ പി.എസ്.ജിയിലേക്കു പോയപ്പോൾ പകരം ബാഴ്സ കൊണ്ടുവന്ന ഡെംബലെ ഉടക്കിട്ടു. ഇൗ കൈമാറ്റത്തിെൻറ ഭാഗമായി ക്ലബ് വിടാനില്ലെന്ന് ഡെംബലെ ഉറപ്പിച്ചുപറഞ്ഞതോടെ കുരുക്കു മുറുകി.
ഇരു ക്ലബുകളും ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാരിസിൽനിന്നും ബാഴ്സലോണയിൽനിന്നുമുള്ള ഒടുവിലത്തെ സൂചനകൾ കൈമാറ്റം നടക്കില്ലെന്നുതന്നെയാണ്. അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേളക്കുപിന്നാലെ ടീമിനൊപ്പം ചേരുമെന്ന് നെയ്മർ സഹതാരങ്ങളോടു സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. ബാഴ്സയിലേക്കു മാറ്റം ആവശ്യപ്പെട്ട നെയ്മറെ ഇൗ സീസണിൽ പി.എസ്.ജി ഇതുവരെ കളത്തിലിറക്കിയിട്ടില്ല. ടീമിനൊപ്പം പരിശീലിക്കുന്ന താരത്തെ തുടർച്ചയായ മൂന്നാമത്തെ ലീഗ് മത്സരത്തിലും കോച്ച് തോമസ് ടുച്ചൽ കളിപ്പിച്ചിരുന്നില്ല. ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്ക് (ഏകദേശം 1800 കോടി രൂപ) പി.എസ്.ജിയിലെത്തിയ നെയ്മർ ക്ലബിനായി 58 കളികളിൽ 51 ഗോളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.