മലപ്പുറം: കേരള പൊലീസ് ഫുട്ബാൾ ടീമിെൻറ പ്രതാപകാലത്തെ മിന്നുംതാരങ്ങൾ പടിയിറങ്ങുന്നു. അന്താരാഷ്ട്ര സംഘത്തിെൻറ നായകപദവിവരെ അലങ്കരിച്ച യു. ഷറഫലി, ഇന്ത്യയുടെയും കേരളത്തിെൻറയും പൊലീസിെൻറയും ഗോൾവല കാത്ത കെ.ടി. ചാക്കോ, രണ്ടുതവണ ഫെഡറേഷൻ കപ്പ് ജേതാക്കളായ ടീമിലെ എം. ബാബുരാജൻ എന്നിവർ മേയ് 30ന് സർവിസിൽനിന്ന് വിരമിക്കും. 1990, 91 വർഷങ്ങളിൽ പൊലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കുമ്പോൾ നിറസാന്നിധ്യമായിരുന്നു മൂവരും. കോട്ടക്കൽ കോഴിച്ചെന ക്ലാരി ആർ.ആർ.ആർ.എഫ് കമാൻഡൻറാണ് ഷറഫലി. ചാക്കോ ഇടുക്കി കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയൻ െഡപ്യൂട്ടി കമാൻഡൻറും ബാബുരാജൻ കണ്ണൂർ കെ.എ.പി നാല് അസി. കമാൻഡൻറുമണ്. ലോക്ഡൗൺ സാഹചര്യത്തിൽ യാത്രയയപ്പ് ചെറിയ ചടങ്ങിലൊതുങ്ങും.
1984ൽ കേരള പൊലീസ് ടീമിലെത്തുകയും കരിയറിൽ ഉന്നതപദവികൾ അലങ്കരിക്കുകയും ചെയ്തയാളാണ് മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശി ഷറഫലി. 1985 മുതൽ 1995വരെ ഇന്ത്യൻ ജഴ്സിയിൽ അവിഭാജ്യഘടകമായി പ്രതിരോധം സംരക്ഷിച്ചു. സാഫ് ഗെയിംസ് ജേതാക്കളായ ടീമിലുൾപ്പെടെ അംഗമായിരുന്നു. 1993ലെ സൂപ്പർ സോക്കർ കപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ഇടവേളകളിൽ പൊലീസ് ടീമിൽനിന്ന് മാറി കൊൽക്കത്തയിലെത്തി മുഹമ്മദൻസിനും മോഹൻബഗാനും കളിച്ചു. 10 തവണ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയിൽ ഇറങ്ങിയ ഷറഫലി, ബംഗാൾ ടീം കുപ്പായവുമണിഞ്ഞിട്ടുണ്ട്.
എട്ടു വർഷം പൊലീസ് ടീമിെൻറ മാനേജറുമായി. 1987ലാണ് പത്തനംതിട്ട തിരുവല്ല ഓതറ സ്വദേശിയായ ചാക്കോ പൊലീസ് ടീമിലെത്തുന്നത്. എട്ടു തവണ കേരളത്തിെൻറ സന്തോഷ് ട്രോഫി ടീം ഗോൾ കീപ്പർ. 1991 മുതൽ നാലു വർഷം ഇന്ത്യൻ ടീമിെൻറ ഗോൾ പോസ്റ്റിലെ സ്ഥിരസാന്നിധ്യം. 1990ൽ തൃശൂരിലെ ഫെഡറേഷൻ കപ്പ് വിജയത്തിന് ശേഷം പിറ്റേവർഷം കണ്ണൂരിലും ടീം നേട്ടം ആവർത്തിച്ചു. കണ്ണൂരിൽ ക്യാപ്റ്റനായി നിയോഗിച്ചിരുന്നത് വി.പി. സത്യനെയായിരുന്നെങ്കിലും പരിക്കേറ്റതിനാൽ ടീമിനെ നയിക്കാനും കപ്പുയർത്താനും ഭാഗ്യമുണ്ടായത് ചാക്കോക്കാണ്. കൂടെ ഐ.എം. വിജയൻ, യു. ഷറഫലി, സി.വി. പാപ്പച്ചൻ, സി. ജാബിർ, കുരികേശ് മാത്യു, ഹബീബ് റഹ്മാൻ, തോബിയാസ്, ബാബുരാജൻ തുടങ്ങിയവരുമുണ്ടായിരുന്നു. പൊലീസിലെ മികച്ചസേവനത്തിന് രാഷ്ട്രപതിയുടെ ഉൾപ്പെടെ മെഡലുകൾ ചാക്കോക്ക് ലഭിച്ചു. 1987 പൊലീസ് ബാച്ചിലെ പയ്യന്നൂർ സ്വദേശിയായ വിങ് ബാക്ക് ബാബുരാജൻ രണ്ടു തവണ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.