മഡ്രിഡ്: യൂലൻ ലോപറ്റ്ഗുയിയുടെ താരങ്ങൾ എതിർപോസ്റ്റിലേക്ക് നിറയൊഴിച്ചു നോക്കിയത് 15 തവണ. പക്ഷേ, സിമിയോണി ഒരുക്കിയ കത്രികപ്പൂട്ട് പൊളിക്കാൻ അതുപോരായിരുന്നു. മഡ്രിഡിലെ നഗരവൈരികളായ റയൽ മഡ്രിഡും അത്ലറ്റികോ മഡ്രിഡും തമ്മിലെ പോരാട്ടം ഗോൾരഹിത സമനിലയിൽ. ഇതോടെ ലാ ലിഗയിൽ കിരീടത്തിനുള്ള വടംവലി ഇത്തവണ പതിവിനു വിപരീതമായി കനക്കുമെന്ന് തീർച്ചയായി.
ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ േപായൻറ് പട്ടികയിൽ ആർക്കും മേധാവിത്വമില്ല. ബാഴ്സലോണക്കും റയൽ മഡ്രിഡിനും 14 പോയൻറ് വീതമുള്ളപ്പോൾ, തൊട്ടുപിന്നിലായി മൂന്നും നാലും സ്ഥാനങ്ങളിൽ സെവിയ്യയും (13) അത്ലറ്റികോ മഡ്രിഡുമുണ്ട് (12). കഴിഞ്ഞദിവസം ബാഴ്സലോണ അത്ലറ്റിക് ബിൽബാവോയോട് സമനിലയിൽ കുരുങ്ങിയിരുന്നു.കനത്ത പോരാട്ടമായിരുന്നു സാൻറിയാഗോ ബെർണബ്യൂവിൽ കണ്ടത്.
പന്തടക്കത്തിൽ (65 ശതമാനം) റയൽ മഡ്രിഡ് മുന്നിട്ടുനിന്നെങ്കിലും അത്ലറ്റികോ പ്രതിരോധം പൊളിക്കാൻ ബെയ്ൽ-ബെൻസേമ-അസെൻസിയോ സഖ്യത്തിന് കഴിഞ്ഞില്ല. മികച്ച സേവുകളുമായി റയൽ ഗോളി തിബോ കർടുവ നിറഞ്ഞുനിന്നപ്പോൾ, ഗോളെന്നുറപ്പിച്ച അത്ലറ്റികോയുടെ നീക്കങ്ങളും പാളി. 17ാം മിനിറ്റിൽ ഗ്രീസ്മാനാണ് തുറന്ന അവസരമൊരുക്കിയത്. കർടുവ മാത്രം മുന്നിൽ നിൽക്കെ, അതിവേഗം നീങ്ങി പന്ത് ചിപ്ചെയ്തെങ്കിലും ഗോളായില്ല. ഡീഗോ കോസ്റ്റക്കും സമാനമായ അവസരം ലഭിച്ചു.
മറ്റൊരു മത്സരത്തിൽ സെവിയ്യ െഎബറിനെ 3-1ന് തോൽപിച്ചു. വമ്പൻ േഫാമിലുള്ള ആന്ദ്രെ സിൽവ (47), എവർ ബനേഗ (59, 94) എന്നിവരാണ് സെവിയ്യയുടെ സ്കോറർമാർ. ഏഴു ഗോളുമായി ആന്ദ്രെ സിൽവയാണ് ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.