മഡ്രിഡ്: സാൻറിയാഗോ ബെർണബ്യൂവിലെ ആദ്യ മത്സരത്തിൽതന്നെ റയൽ മഡ്രിഡിന് പിഴച്ചു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാെത കളത്തിലെത്തിയ ചാമ്പ്യന്മാർ, വലൻസിയയോടാണ് സമനിലയിൽ കുരുങ്ങിയത്. യുവതാരം അസെൻസിയോയുടെ രണ്ടു സൂപ്പർ ഗോളുകളാണ് റയലിന് സമനിലയൊരുക്കിക്കൊടുത്തത്. 90 മിനിറ്റും കളിക്കാൻ സിനദിൻ സിദാൻ അവസരം നൽകിയിട്ടും ഒരു ഗോൾപോലും അടിക്കാനാവാതെ ഫ്രഞ്ച് താരം കരിം ബെൻസേമ തീർത്തും നിറംമങ്ങി. അരഡസൻ സുവർണാവസരങ്ങളാണ് ബെൻസേമ കളഞ്ഞുകുളിച്ചത്.
ഇറ്റാലിയൻ ക്ലബ് എ.സി മിലാനിൽനിന്ന് ഇത്തവണ ക്ലബിലെത്തിയ ജൊഫ്രി കൊണ്ടോഗ്ബിയടക്കമുള്ള മികച്ച താരങ്ങളുമായാണ് വലൻസിയ റയലിനെ നേരിടാനെത്തിയത്. റയലിെൻറ മുന്നേറ്റത്തെ തടഞ്ഞ്, സൂക്ഷിച്ച് തുടങ്ങിയെങ്കിലും 10ാം മിനിറ്റിൽതന്നെ വലൻസിയയുടെ വലകുലുങ്ങി. ക്രിസ്റ്റ്യാനോയുടെ പിൻഗാമിയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന യുവതാരം അസെൻസിയോയുടെ മികച്ച ഗോളിൽ വലൻസിയക്ക് അടിതെറ്റി.
സ്പാനിഷ് താരത്തിെൻറ ഒറ്റക്കുള്ള കുതിപ്പിലാണ് ഗോൾ. എന്നാൽ, റയലിെൻറ സന്തോഷം അധികം നീണ്ടുനിന്നില്ല. 18ാം മിനിറ്റിൽ കാർലോസ് സോളറിലൂടെ തിരിച്ചടിച്ച് വലൻസിയ ഞെട്ടിച്ചു. 35, 42, 44, മിനിറ്റുകളിൽ ബെൻസേമക്ക് ലഭിച്ച അവസരങ്ങൾ പാഴാക്കി. 77ാം മിനിറ്റിലെ കൗണ്ടർ അറ്റാക്കിൽ ഗോൾ നേടി വലൻസിയ റയലിനെ വീണ്ടും വിരട്ടി. എന്നാൽ, 83ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് സുന്ദരമായി വലയിലെത്തിച്ച് ക്രിസ്റ്റ്യാനോയുടെ വിടവ് അസെൻസിയോ നികത്തുകയായിരുന്നു. കളിതീരാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ റീബൗണ്ടിൽ ബെൻസേമക്ക് ലഭിച്ച അവസരവും കളഞ്ഞപ്പോൾ കുമ്മായവരക്കരികിൽ സിനദിൻ സിദാൻ രോഷാകുലനാകുന്നതിനും ബെർണബ്യൂ സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.