പാരിസ്: നിർണായക പോരാട്ടത്തിൽ ഒരിക്കൽ കൂടി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ താരമായ ദിനത്തിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചു.
രണ്ടാം പാദ പോരാട്ടത്തിൽ ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയെ 2-1 ന് തകർത്താണ് സിനദിൻ സിദാന്റെ സംഘം ചാമ്പ്യൻസ് ലീഗിലെ അവസാന എട്ടിൽ ഇടം പിടിച്ചത്. ഇരു പാദങ്ങളിലുമായി 2-5 ന്റെ വിജയമാണ് റയൽ സ്വന്തമാക്കിയത്.
51-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റയലിനായി ആദ്യ ഗോൾ നേടി. 71 -ാം മിനിറ്റിൽ കവാനിയിലുടെ പി.എസ്.ജി തിരിച്ചടിച്ചു. എന്നാൽ 80- മിനിറ്റിൽ കസി മാറോ പി.എസ്.ജി വല കുലുക്കി വിജയഗോൾ കുറിച്ചു. കവാനിയുടെ ഗോൾ നേട്ടത്തിന് മുമ്പ് 66- മിനിറ്റിൽ പി.എസ്.ജി മിഡ്ഫീൽഡർ മാർ കോ വെരാറ്റി ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയത് ഫ്രഞ്ച് സംഘത്തിന് കനത്ത തിരിച്ചടിയായി.
റയലിന്റെ കളിമുറ്റത്ത് നടന്ന ആദ്യ പാദത്തിൽ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകൾ നേടിയിരുന്നു. 3-1 നായിരുന്നു റയൽ അന്ന് ജയിച്ചത്.
സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തായത് പി. എസ്. ജിക്ക് കനത്ത ആഘാതമാണ് നൽകിയതെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം. ലാലിഗ കിരിടം കൈവിട്ട സിദാന് ചാമ്പ്യൻസ് ലീഗ് കപ്പ് നിലനിർത്തേണ്ടത് നിലനിൽപ്പിന്റെ കാര്യവുമാണ്.
മറ്റൊരു മത്സരത്തിൽ ഇംഗ്ലിഷ് ശക്തികളായ ലിവർപൂളിനെ എഫ്.സി പോർട്ടോ ഗോൾരഹിത സമനിലയിൽ തളച്ചെങ്കിലും ആദ്യ പാദത്തിെലെ ലീഡിൽ 5-0ത്തിന് യുർഗൻ ക്ലോപ്പിന്റെ സംഘം അവസാന എട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.