മോസ്കോ: ആദ്യ മത്സരത്തിലെ മിന്നും ഹാട്രിക്കിന് പിന്നാലെ രണ്ടാം മത്സരത്തിലും പോർചുഗലിെൻറ ‘വിന്നിങ് െഎക്കൺ’ ആയിമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാനോളം പുകഴ്ത്തുകയാണ് കോച്ച് ഫെർണാണ്ടോ സാൻറോസ്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞിനോടാണ് ക്രിസ്റ്റ്യാനോയെ പരിശീലകൻ ഉപമിക്കുന്നത്. യൂറോ കപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ടെങ്കിൽ ലോകകിരീടവും പോർചുഗലിലേക്കെത്തിക്കാൻ ക്രിസ്റ്റ്യാനോക്കാവുമെന്നാണ് കോച്ച് വിശ്വസിക്കുന്നത്.
‘‘ക്രിസ്റ്റ്യാേനാ റൊണാൾഡോ ശരിക്കും ഒരു ഇതിഹാസമാണ്. ഒാരോ മത്സരത്തിലും അയാൾ സ്വയം അടയാളപ്പെടുത്തൽ നടത്തുന്നു. പോർചുഗലിെൻറ അഭിമാനമായ ‘പോർട്ട് വീഞ്ഞാണവൻ’ (പത്തു വർഷത്തോളം പഴക്കുമുള്ള വീര്യം കൂടിയ പോർചുഗീസ് വീഞ്ഞ്). പ്രായം കൂടുംതോറും കളിയിലും ശൈലിയിലും മാറ്റംവരുത്തുന്നു. മറ്റു കളിക്കാരിൽനിന്നും വ്യത്യസ്തമായി എന്നും സ്ഥിരത പുലർത്തുന്നു. അഞ്ചു വർഷം മുമ്പ് ചെയ്ത റോളല്ല കളത്തിൽ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ഒാരോ മത്സരത്തിലും എന്താണ് ചെയ്യേണ്ടതെന്ന് ആരും പറയാതെ തന്നെ അയാൾക്ക് നന്നായറിയാം’’- പോർചുഗൽ പരിശീലകൻ പറയുന്നു.
പോർചുഗൽ താരങ്ങളും നിർണായക ജയത്തിനുശേഷം സൂപ്പർ താരത്തെ പുകഴ്ത്തി. ‘‘ക്രിസ്റ്റ്യാനോയെ വർണിക്കാൻ വാക്കുകളില്ല, അസാധാരണ കളിക്കാരനാണ് അദ്ദേഹം’’ -സഹതാരം ബെർണാഡോ സിൽവക്ക് പറയാനുള്ളത് അതായിരുന്നു. മത്സരശേഷം മൊറോക്കോ കോച്ചും ക്രിസ്റ്റ്യാനോയെകുറിച്ച് വാചാലനായി: ‘‘അയാളെ പൂട്ടാൻ പല അടവുകളും ഒരുക്കിയിരുന്നു. എന്നാൽ, എല്ലാ കെണിയിൽനിന്നും ക്രിസ്റ്റ്യാനോ രക്ഷപ്പെട്ടു. ഞങ്ങൾ ജയിക്കേണ്ട മത്സരമായിരുന്നു അത്’’ -ഹാർവെ റെനാർഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.