കൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബാളിൽ ഒരു ജയം അകലെ കേരളത്തിന് സ്വപ്നകിരീടം. 13 വർഷം മുമ്പ് അവസാനമായി കേരളമണ്ണിലെത്തിയ ഇന്ത്യൻ ഫുട്ബാളിെൻറ രാജകിരീടത്തിൽ മുത്തമിടാൻ രാഹുൽ രാജിനും കൂട്ടുകാർക്കും ഇനി വംഗനാടൻ കരുത്തിനെ കീഴടക്കണം. അഞ്ചു വർഷത്തിനുശേഷം കലാശപ്പോരാട്ടത്തിൽ ഇടംപിടിച്ച കേരളത്തിെൻറ മനം നിറയെ ഇനി ഞായറാഴ്ചയിലെ ഫൈനൽ അങ്കം മാത്രം. ഒന്നാം സെമിയിൽ മിസോറമിനെതിരെ 1-0ത്തിനായിരുന്നു കേരളത്തിെൻറ ജയം. കർണാടകയെ തോൽപിച്ചാണ് (2-0) ബംഗാളിെൻറ വരവ്. എന്നാൽ, ഗ്രൂപ് റൗണ്ടിൽ ബംഗാളിനെ 1-0ത്തിന് തോൽപിച്ചത് ഫൈനലിൽ കേരളത്തിന് ആത്മവിശ്വാസമാവും. എങ്കിലും, 32 തവണ ജേതാക്കളും 12 വട്ടം റണ്ണറപ്പുമായ വംഗനാട്ടുകാരെ നിസ്സാരമാക്കാൻ കോച്ച് സതീവൻ ബാലൻ സമ്മതിക്കില്ല.
ഹൈേറഞ്ചിൽ കേരള വിപ്ലവം
വടക്കുകിഴക്കൻ വീര്യവുമായി കളത്തിലെത്തിയ മിസോറമിനെ സമർഥമായി പ്രതിരോധിച്ചും കിട്ടിയ അവസരത്തിൽ എതിരാളിയുടെ വലകുലുക്കിയുമാണ് കേരളത്തിെൻറ ഫൈനൽ പ്രവേശനം. കളിയുടെ ആദ്യപകുതിയിൽ ഇരുവരും ഗോൾരഹിത സമനില പാലിച്ചെങ്കിലും മികച്ചുനിന്നത് മിസോറമായിരുന്നു. പത്തു മിനിറ്റിനുള്ളിൽ ലാൽനുൻലുവാംഗയുടെ ഫ്രീകിക്ക് പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചപ്പോഴേ കേരളം ഭയന്നു.
തൊട്ടുപിന്നാലെ ലാൽ റുമാവിയ 17 വാര അകലെനിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് ഗോളി മിഥുൻ ഏറെ കഷ്ടെപ്പട്ട് തട്ടിയകറ്റി രക്ഷകനായി. 33ാം മിനിറ്റിൽ റുമാവിയയിലൂടെ ഹൈറേഞ്ചുകാർക്ക് േക്ലാസ്േറഞ്ചിെൻറ രൂപത്തിൽ സുവർണാവസരം പിറന്നെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. മിസോറമിെൻറ തുടരൻ മുന്നേറ്റത്തിനിടെ ആദ്യ പകുതിയിൽ ഒരു തവണ മാത്രമേ കേരളത്തിന് അവസരം ലഭിച്ചുള്ളൂ. കെ.പി. രാഹുലിെൻറ ബോക്സിനുള്ളിലെ വോളി ശ്രമം പാഴായി. ആദ്യ പകുതി പിരിയും മുമ്പാണ് സൂപ്പർ സബ് ആയി സജിത് പൗലോസിന് പകരം അഫ്ദാലെത്തുന്നത്.
രണ്ടാം പകുതിയിലെ 54ാം മിനിറ്റിൽ തെൻറ ആദ്യ അവസരംതന്നെ അഫ്ദാൽ ഗോളാക്കി മാറ്റി. എം.എസ്. ജിതിൻ വലതു മൂലയിൽനിന്ന് തൊടുത്തുവിട്ട ക്രോസ് രാഹുൽ വലയിലേക്ക് തൂക്കിയിെട്ടങ്കിലും ഗോളി ലാൽതൻപുയ റാൽതെയിൽ തട്ടിത്തെറിച്ചു. റീബൗണ്ട് ചെയ്ത പന്തെത്തിയത് മാർക് ചെയ്യാതെ നിന്ന അഫ്ദാലിന്. ഞൊടിയിടയിൽ എല്ലാം സംഭവിച്ചു. കേരളത്തിെൻറ ഗോൾ ആഘോഷം.
സസ്പെൻഷനിലായ കോച്ച് ഡഗ്ഒൗട്ടിൽ നിന്നും പുറത്തായത് മിസോറമിന് തിരിച്ചടിയായി. തിരിച്ചുവരവിനുള്ള അവരുടെ ശ്രമങ്ങളെ കൂട്ടായ ചെറുത്തുനിൽപിലൂടെ നേരിട്ട് സതീവൻ ബാലെൻറ കുട്ടികൾ കലാശപ്പോരാട്ടത്തിന്. കർണാടകക്കെതിരെ രണ്ടാം പകുതിയിൽ ജിതിൻ മുർമു (57), തീർഥാങ്കർ സർകാർ (93) എന്നിവരാണ് ബംഗാളിനായി സ്കോർ ചെയ്തത്. നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന് പത്തു വർഷത്തിനിടെ അഞ്ചാം ഫൈനൽ പ്രവേശനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.