കൊൽക്കത്ത: 13 വർഷത്തെ ഇടവേളക്കുശേഷം സന്തോഷ് ട്രോഫിയിൽ കിരീടം സ്വപ്നം കാണുന്ന കേരളം ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിൽ വെള്ളിയാഴ്ച മണിപ്പൂരിനെ നേരിടും. ഗ്രൂപ് എയിൽ ആദ്യ കളിയിൽ ചണ്ഡിഗഢിനെ തകർത്തതിെൻറ ആത്മവിശ്വാസത്തിലാണ് സതീവൻ ബാലെൻറ ശിഷ്യർ രബീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. മണിപ്പൂരാകെട്ട ആദ്യ കളിയിൽ പശ്ചിമ ബംഗാളിനോട് തോൽക്കുകയും രണ്ടാം മത്സരത്തിൽ ചണ്ഡിഗഢിനോട് സമനിലയിൽ കുടുങ്ങുകയും ചെയ്തിരുന്നു. ചണ്ഡിഗഢിനെതിരെ പുറത്തെടുത്ത ആക്രമണാത്മക ഫുട്ബാൾ തന്നെ മണിപ്പൂരിനെതിരെയും കെട്ടഴിക്കാനാവും കേരളത്തിെൻറ ശ്രമം.
ആദ്യ കളിയിൽ മികച്ച ഫോമിലായിരുന്ന എം.എസ്. ജിതിെൻറ നേതൃത്വത്തിൽ വിങ്ങുകൾ കേന്ദ്രീകരിച്ചുതന്നെയാവും കൂടുതൽ നീക്കങ്ങൾ. ക്യാപ്റ്റൻ രാഹുൽ വി. രാജിെൻറ നേതൃത്വത്തിലുള്ള പ്രതിരോധവും എസ്. സീസൻ നയിക്കുന്ന മധ്യനിരയും വി.കെ. അഫ്ദൽ മുന്നണിപ്പോരാളിയായ മുൻനിരയും ഒത്തിണക്കത്തോടെ കളിക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ. ഞായറാഴ്ച മഹാരാഷ്ട്രക്കെതിരെയും ചൊവ്വാഴ്ച നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെതിരെയുമാണ് കേരളത്തിെൻറ ശേഷിക്കുന്ന മത്സരങ്ങൾ. രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയൻറുമായി ബംഗാളാണ് ഗ്രൂപ്പിൽ മുന്നിൽ. കേരളത്തിന് മൂന്ന് പോയൻറും മണിപ്പൂരിനും ചണ്ഡിഗഢിനും ഒാരോ പോയൻറ് വീതവുമാണുള്ളത്. മഹാരാഷ്ട്ര അക്കൗണ്ട് തുറന്നിട്ടില്ല.
മിസോറമിനും കർണാടകക്കും ജയം കൊൽക്കത്ത: ഗ്രൂപ് ബിയിൽ കരുത്തരായ മിസോറം തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയപ്പോൾ ആറുതവണ ജേതാക്കളായിട്ടുള്ള ഗോവ രണ്ടാം തോൽവി ഏറ്റുവാങ്ങി. മിസോറം 5-0ത്തിന് ഒഡിഷയെ തകർത്തപ്പോൾ, ഗോവയെ കർണാടക 4-1ന് അട്ടിമറിക്കുകയായിരുന്നു. ലാൽ റൊമാവിയ (41, 59), മത്സ്വാംഡലാങ് (73), ലാൽബിയാഖ്ലുവ (37), ലാൽറിൻപൂയ (91) എന്നിവരായിരുന്നു മിസോറമിെൻറ സ്കോറർമാർ. മിസോറം ആദ്യ കളിയിൽ ഗോവയെ 3-1ന് തോൽപിച്ചിരുന്നു.
കർണാടകക്കെതിരെ 27ാം മിനിറ്റിൽ കപിൽ ഹോബ്ലെയുടെ ഗോളിൽ ലീഡെടുത്തത് ഗോവയായിരുന്നു. എന്നാൽ, ഇടവേളക്കുശേഷം കർണാടക ഗോൾമഴ പെയ്യിച്ചപ്പോൾ ഗോവ തകർന്നു. വിഗ്നേഷ് (54), രാജേഷ് (61), ലിയോൺ അഗസ്റ്റിൻ (89) എന്നിവർക്കൊപ്പം ഒരു ഗോൾ ഗോവൻ താരം മാത്യു ഗോൺസാലസ് (69) ദാനമായി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.