കോഴിക്കോട്: മാർച്ച് 19ന് കൊൽക്കത്തയിൽ കൊടിയേറുന്ന 72ാം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണ മേഖല ഗ്രൂപ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിലെത്തിയ കേരളം, യോഗ്യത മത്സരങ്ങളിലെ അതേ ടീമുമായാണ് പോരാട്ടത്തിനിറങ്ങുക. സന്തോഷ് ട്രോഫിയിൽ അനുഭവസമ്പത്തുള്ള രാഹുല്‍ വി. രാജാണ് ക്യാപ്റ്റൻ. കഴിഞ്ഞ സന്തോഷ് ട്രോഫി ടീം അംഗം എസ്. സീസൺ വൈസ് ക്യാപ്റ്റനാണ്. വെള്ളിയാഴ്ച കോഴിക്കോട്ട് വാർത്ത സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്. 23 വയസ്സാണ് അംഗങ്ങളുടെ ശരാശരി പ്രായം. സതീവൻ ബാലൻ മുഖ്യപരിശീലകനായി തുടരും. സഹ പരിശീലകൻ ബിജേഷ് ബെന്നിന് പകരം ഷാഫി അലി ടീമിനൊപ്പമുണ്ടാവും.
കെ.എസ്.ഇ.ബിയുടെയും എസ്.ബി.ഐയുെടയും അഞ്ചുവീതം താരങ്ങളാണ് കേരളത്തിെൻറ കുപ്പായമണിയുക. കേരള പൊലീസ്, ഗോകുലം കേരള എഫ്.സി, എഫ്.സി കേരള ടീമുകളുടെ രണ്ടുപേരുമുണ്ട്. സെൻട്രൽ എക്സൈസ്, തൃശൂർ സെൻറ് തോമസ് കോളജ്, തൃശൂർ ക്രൈസ്റ്റ് കോളജ്, മമ്പാട് എം.ഇ.എസ് കോളജ് എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതം. ഇൗ മാസം ഒന്നിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച ക്യാമ്പിൽനിന്നാണ് ടീം തെരഞ്ഞെടുത്തത്. ഐ.സി.എൽ ഫിൻകോർപ് സ്പോൺസർ ചെയ്യുന്ന ടീം 14ന് രാത്രി 9.50ന് ട്രെയിൻ മാർഗം എറണാകുളത്തുനിന്ന് യാത്ര തിരിക്കും. 19ന് ചണ്ഡിഗഢുമായാണ് കന്നിപ്പോരാട്ടം.
ടീം അംഗങ്ങൾ: വി. മിഥുൻ, എം. ഹജ്മൽ, അഖിൽ സോമൻ (ഗോൾ കീപ്പർമാർ), എസ്. ലിജോ, രാഹുൽ വി. രാജ്, വൈ.പി. മുഹമ്മദ് ശരീഫ്, വിപിൻ തോമസ്, വി.ജി. ശ്രീരാഗ്, കെ.ഒ. ജിയാദ് ഹസൻ, ജസ്റ്റിൻ ജോർജ് ( പ്രതിരോധനിര), കെ.പി. രാഹുൽ, എസ്. സീസൺ, മുഹമ്മദ് പാറക്കോട്ടിൽ, വി.എസ്. ശ്രീക്കുട്ടൻ, എം.എസ്. ജിതിൻ, ജി. ജിതിൻ, ബി.എൽ. ഷംനാസ് (മധ്യനിര), സജിത്ത് പൗലോസ്, വി.കെ. അഫ്ദൽ, പി.സി. അനുരാഗ് (മുന്നേറ്റനിര). എസ്. അരുൺ രാജാണ് ഫിസിയോ. മാനേജർ പി.സി.എം. ആസിഫ്. കെ.എഫ്.എ ജനറൽ സെക്രട്ടറി പി. അനിൽകുമാർ, കെ.ഡി.എഫ്.എ സെക്രട്ടറി പി. ഹരിദാസൻ, പരിശീലകൻ സതീവൻ ബാലൻ, സഹ പരിശീലകൻ ഷാഫി അലി, മാനേജർ പി.സി.എം. ആസിഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.