കൊച്ചി: ആദ്യമായി സന്തോഷ് ട്രോഫി നേട്ടം കുറിച്ച മണ്ണിൽ കേരളത്തിെൻറ നവ കിരീടധാരികൾക്ക് ആവേശത്തിൽ പൊതിഞ്ഞ സ്വീകരണം. 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആറാം കിരീടനേട്ടവുമായി കൊച്ചിയിലെത്തിയ കേരള ടീമംഗങ്ങൾക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും ഫുട്ബാൾ പ്രേമികൾ ഹൃദയം പകുത്തുനൽകി. സന്തോഷ് ട്രോഫിയിലെ അവസാന ഫൈനലിൽ കണ്ണീരണിഞ്ഞ മണ്ണിൽ ട്രോഫിയുമായി യുവരാജാക്കന്മാർ അണിനിരന്നപ്പോൾ അത് കാലം കാത്തുവെച്ച നീതികൂടിയായി. ഉച്ചക്കുശേഷം മൂന്നോടെയാണ് കേരള ടീമുമായി വിസ്താര എയർവേസ് നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയത്. നാലോടെ പരിശീലകന് സതീവന്‍ ബാലനും ട്രോഫിയേന്തി നായകന് രാഹുല്‍ വി. രാജും ആദ്യമെത്തി.
വിമാനത്താവളത്തിനു പുറത്ത് ആഘോഷം അല്ലതല്ലി. വാദ്യമേളങ്ങൾ ആഘോഷത്തിെൻറ മാറ്റ് വർധിപ്പിച്ചു. ആരാധകരുടെ അഭിനന്ദനത്തിനും ജയ്വിളികൾക്കും നടുവിലൂടെ ടീം അംഗങ്ങൾ ഓരോരുത്തരായി പുറത്തേക്ക്. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രി കെ.ടി. ജലീൽ, എം.എൽ.എമാരായ ഹൈബി ഈഡൻ, അന്‍വര്‍ സാദത്ത്, കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല എന്നിവര്‍ ടീമംഗങ്ങളെ സ്വീകരിച്ചു. തുടര്‍ന്നു പ്രത്യേകം തയാറാക്കിയ ബസില്‍ ടീമംഗങ്ങളും സ്റ്റാഫുകളും കേരള ഫുട്ബാള്‍ അസോസിയേഷന് കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണത്തിനായി പുറപ്പെട്ടു.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണത്തിനുശേഷം ടീമംഗങ്ങൾ പുറത്തുവരുേമ്പാൾ സന്തോഷ് ട്രോഫി കൗതുകപൂർവം വീക്ഷിക്കുന്നവർ
നാസിക് ഡോളിെൻറ അകമ്പടിയോടെയാണ് ടീമിനെ സ്റ്റേഡിയത്തിൽ വരവേറ്റത്. കേരളത്തിെല കാൽപന്ത് ആരവങ്ങളെ ലോകത്തിനു മുന്നിലെത്തിച്ച കലൂർ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് താരങ്ങളെത്തി. ട്രോഫി ഉയർത്തിപ്പിടിച്ചും ചിത്രങ്ങൾക്ക് പോസ് ചെയ്തും സ്വീകരണത്തിെൻറ ആരവങ്ങളിൽ താരങ്ങളും അലിഞ്ഞു. പല താരങ്ങളുടെയും കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. മക്കൾ കൊണ്ടുവന്ന സുവര്‍ണ നേട്ടത്തിെൻറ സന്തോഷത്തില്‍ മന്ത്രി ഉൾപ്പെടെ സംസാരിക്കുമ്പോള്‍ പലരുടെയും കണ്ണുനിറഞ്ഞു. ടീമംഗം അനുരാഗിന് ടീം സ്പോണ്സര് കൂടിയായ ഐ.സി.എല്‍ ഫിന്‍കോര്‍പ് വീടു നിര്‍മിച്ചുനല്‍കുമെന്ന പ്രഖ്യാപനം താരങ്ങള്‍ കൈയടികളോടെയാണ് വരവേറ്റത്.
മന്ത്രിച്ചോദ്യം
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനിടെയാണ് മന്ത്രി കെ.ടി. ജലീലിെൻറ ചോദ്യമെത്തിയത്. കേരളത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ മത്സരത്തിലെ അവസാന നിമിഷത്തെ ഗോളിനെക്കുറിച്ചും ടൈബ്രേക്കറിലെ സമർദത്തെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ജയിക്കുമെന്ന പ്രതീക്ഷകൾ അപ്പോഴുമുണ്ടായിരുന്നോ? അദ്ദേഹം ചോദിച്ചു.
അവസാന നിമിഷം ഗോൾ വീണെങ്കിലും കളി തീർന്നിട്ടില്ലെന്നും ജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നുമായിരുന്നു ക്യാപ്റ്റൻ രാഹുൽ വി. രാജിെൻറ മറുപടി. ജയിച്ചുനിന്ന മത്സരത്തിെൻറ അവസാന നിമിഷങ്ങളിൽ ബംഗാൾ ഗോളടിച്ചപ്പോൾ നിരാശ തോന്നി. പക്ഷേ, ടൂർണമെൻറിലുടനീളം മികച്ച ഫോമിൽ ഗോൽവല കാത്ത വി. മിഥുനിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. അവനാണ് ശരിക്കും ഹീറോ.
ജയിച്ചുനിൽക്കുന്ന മത്സരത്തിൽ ബംഗാളിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചപ്പോൾ സമർദം ഏറെയായിരുന്നുവെന്ന് പരിശീലകൻ സതീവൻ ബാലൻ. കിക്കെടുത്ത് ഗോൾ കാണുന്നതിൽ പ്രഗല്ഭനായ തീർഥാങ്കർ സർക്കാറാണ് വരുന്നത്. കിക്ക് എങ്ങനെയെങ്കിലും പുറത്തേക്കുപോകണേയെന്നായിരുന്നു പ്രാർഥന. ഗോൾ കേറിയപ്പോൾ നിരാശ ബാധിച്ചു. അമർഷം താനെ പ്രകടമായി. പക്ഷേ, കളി കഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവ് പുതിയ ഊർജം നൽകി. വലതുവശത്തെത്തുന്ന രണ്ടു കിക്കുകളെങ്കിലും തടഞ്ഞാൽ നമ്മൾ ജയിച്ചുവെന്ന് ഗോൾകീപ്പർ മിഥുനോട് പറഞ്ഞു. അത് സാധ്യമായതോടെ വിജയം നാം നേടി.
പാരിതോഷികം അടുത്ത കാബിനറ്റിൽ -മന്ത്രി കെ.ടി. ജലീൽ
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമംഗങ്ങൾക്കുള്ള സമ്മാനം അടുത്ത കാബിനറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. ഏറ്റവും അനുയോജ്യമായ പാരിതോഷികമാകും താരങ്ങൾക്ക് നൽകുക. ആറിന് വിജയദിനം ആഘോഷിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് സംസ്ഥാന സർക്കാറിെൻറ നേതൃത്വത്തിൽ ടീമിന് സ്വീകരണമൊരുക്കും.
നിരാശയിലും പ്രതീക്ഷ കൈവിട്ടില്ല -മിഥുൻ
‘‘അവസാന നിമിഷം ഫ്രീകിക്കിൽ ബംഗാൾ ഗോൾ നേടിയപ്പോഴുള്ള നിരാശ ചെറുതായിരുന്നില്ല. പക്ഷേ, സന്തോഷം നഷ്ടപ്പെടുത്താൻ ഞങ്ങൾ ഒരുക്കമായിരുന്നില്ല. ഗോൾവലക്കു മുന്നിൽ മികച്ച പ്രകടനം നടത്താൻ ശക്തിപകർന്നത് ടീമംഗങ്ങളുടെയും കോച്ചിെൻറയും ആ മനോഭാവമായിരുന്നു’’ ^ടൈബ്രേക്കറിലേക്ക് നീങ്ങിയ മത്സരത്തിൽ ബംഗാളിെൻറ രണ്ടു കിക്കുകൾ തടഞ്ഞിട്ട് ഹീറോയായ മിഥുൻ പറഞ്ഞു. ഷൂട്ടൗട്ടിൽ വലതുവശത്തേക്കുള്ള രണ്ടു കിക്കെങ്കിലും തടഞ്ഞാൽ വിജയിക്കാമെന്ന് കരുതിയിരുന്നു. അതനുസരിച്ചായിരുന്നു പൊസിഷൻ ചെയ്തത്. വലതുവശത്തേക്കു വന്ന ആദ്യ കിക്ക് തടഞ്ഞതോടെ ആത്മവിശ്വാസം വർധിച്ചു. രണ്ടാം കിക്കും തടഞ്ഞതോടെ വിജയം ഉറപ്പിക്കുകയായിരുന്നെന്നും മിഥുൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.