ബംഗളൂരു: യുവരക്തങ്ങളുടെ കരുത്തിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പ്രതീക്ഷയുമായി കേരളം വ്യാഴാഴ്ച കളത്തിലിറങ്ങുന്നു. ബംഗളൂരുവിൽ നടക്കുന്ന ദക്ഷിണ മേഖല യോഗ്യത റൗണ്ട് ഗ്രൂപ് ബി പോരാട്ടത്തിൽ ആന്ധ്രയാണ് എതിരാളികൾ. താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ വൻ മാർജിൻ ജയമാണ് ലക്ഷ്യം. ഗ്രൂപ്പിൽ കേരളത്തിന് രണ്ടേരണ്ട് മത്സരങ്ങളേയുള്ളൂ. രണ്ടാമത്തെ മത്സരം കരുത്തരായ തമിഴ്നാടുമായായതിനാൽ ആദ്യ മത്സരത്തിൽ തകർപ്പൻ ജയത്തോടെ മികച്ച ഗോൾശരാശരി നേടി നില ഭദ്രമാക്കാനാണ് ശ്രമമെന്ന് കോച്ച് സതീവൻ ബാലൻ പറഞ്ഞു.
എന്നാൽ, ടീമംഗങ്ങൾക്ക് പരിശീലനത്തിന് നല്ല മൈതാനം ലഭിക്കാത്തതിലെ പരിഭവം അദ്ദേഹം മറച്ചുവെച്ചില്ല. കൃത്രിമപ്പുൽമൈതാനത്ത് കളിക്കേണ്ട ടീമിന് ബുധനാഴ്ച മൺമൈതാനത്തായിരുന്നു പരിശീലനം. 22ന് നടക്കുന്ന തമിഴ്നാടുമായുള്ള മത്സരം നിർണായകമാണെങ്കിലും ആന്ധ്രയുമായുള്ള മത്സരത്തിെൻറ ഫലമനുസരിച്ചു മാത്രമേ തന്ത്രങ്ങൾ മെനയാനാകൂ. ഒരുപിടി മികച്ച യുവതാരങ്ങളുള്ളത് ടീമിന് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടീമിലെ അഞ്ച് അണ്ടർ 21 താരങ്ങളിൽ എം.എസ്. ജിതിനും കെ.പി. രാഹുലും ശ്രീകുട്ടനും ആന്ധ്രക്കെതിരെ അരങ്ങേറ്റം കുറിച്ചേക്കും. കഴിഞ്ഞവർഷം ഗോവയിൽ നടന്ന സന്തോഷ്ട്രോഫി ഫൈനൽ റൗണ്ടിൽ കേരളത്തിെൻറ കുതിപ്പ് സെമിഫൈനലിൽ അവസാനിച്ചിരുന്നു. ഒരു വ്യാഴവട്ടത്തിലേറെയായി കിരീടദാരിദ്ര്യം അനുഭവിക്കുന്ന കേരളം ഇത്തവണ പുതുമുഖങ്ങളുടെ കരുത്തിലാണ് ബൂട്ടുകെട്ടുന്നത്. കഴിഞ്ഞവർഷം ബൂട്ടണിഞ്ഞ ക്യാപ്റ്റൻ രാഹുലും വൈസ് ക്യാപ്റ്റൻ സീസണുമടക്കം ആറു താരങ്ങൾ മാത്രമാണ് ഇത്തവണയും ടീമിനൊപ്പമുള്ളത്. കാലിക്കറ്റ് സർവകലാശാല ടീമിെൻറ പരിശീലകൻകൂടിയായ സതീവൻ ബാലന് കേരളത്തിെൻറ മുഖ്യപരിശീലക വേഷത്തിൽ അരങ്ങേറ്റംകൂടിയാണ് ഇൗ ടൂർണമെൻറ്. ബംഗളൂരു കെ.എസ്.എഫ്.എ ഫുട്ബാൾ സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനാണ് മത്സരം.
മലയാളി മികവിൽ ജയിച്ചു തുടങ്ങി കർണാടക
ബംഗളൂരു: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ടിൽ ബുധനാഴ്ച നടന്ന ഗ്രൂപ് എ മത്സരങ്ങളിൽ കർണാടകക്കും സർവിസസിനും ജയം. ഗോൾമഴ പെയ്ത ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കർണാടക മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് തെലങ്കാനയെ തകർത്തപ്പോൾ സർവിസസ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് പോണ്ടിച്ചേരിയെ വീഴ്ത്തി. മലയാളിതാരങ്ങളുടെകൂടി കരുത്തിലായിരുന്നു ആതിഥേയ ജയം. ബാറിന് കീഴിൽ ഷൈൻഖാൻ, പ്രതിരോധത്തിൽ പി.പി. ഷഫീൽ, മധ്യനിരയിൽ ലിയോൺ അഗസ്റ്റിൻ എന്നിവരാണ് കർണാടകക്കുവേണ്ടി കളത്തിലിറങ്ങിയത്. മൂവരും കോഴിക്കോട് സ്വദേശികളാണ്.
തെലങ്കാനക്കെതിരെ തുടക്കം മുതൽ ആക്രമിച്ചുകളിച്ച കർണാടക ഏഴാം മിനിറ്റിൽതന്നെ ആദ്യ ഗോൾ കുറിച്ചു. മുന്നേറ്റ താരം എസ്. രാജേഷാണ് അക്കൗണ്ട് തുറന്നത്. ഇടവേളക്ക് പിരിയുേമ്പാൾ രണ്ട് ഗോൾ ലീഡ് നേടിയ കർണാടക രണ്ടാം പകുതിയിൽ മൂന്നു ഗോൾകൂടി തെലുങ്കു വലയിൽ അടിച്ചുകയറ്റി. രാജേഷ്, ലിറ്റൺ ഷിൽ എന്നിവർ രണ്ടു ഗോൾ വീതം നേടി. 83ാം മിനിറ്റിൽ അസ്ഹറുദ്ദീെൻറ വകയായിരുന്നു അവസാന ഗോൾ.
കരുത്തരായ സർവിസസിെൻറ വല കുലുക്കി പോണ്ടിച്ചേരി തുടക്കം ഗംഭീരമാക്കിയെങ്കിലും രണ്ടാം പകുതിയിൽ കാലിടറി. മധ്യനിര താരം കാർത്തികേയനായിരുന്നു പോണ്ടിേച്ചരിക്കായി സ്കോർ ചെയ്തത്്. 20ാം മിനിറ്റിൽ 30 വാര അകലെ നിന്നുള്ള നെടുനീളൻ ഷോട്ടിലൂടെ സർവിസസിെൻറ അർജുൻ ടുഡു സമനില ഗോൾ നേടി. ഗൗതം സിങ്, നാനിഷ് സിങ് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.