2002ൽ സഹ ആതിഥേയർ എന്ന നിലയിൽ ലോകകപ്പ് സെമിയിലെത്തിയ ദക്ഷിണ കൊറിയയും അവരുടെ പരിശീലകൻ ഗുസ് ഹിഡിങ്കും ഒരു വിസ്മയംപോലെ ഏറെ നാൾ ഫുട്ബാൾ ആരാധകരുടെ ഖൽബിൽ ഇടംതേടിയിരുന്നു. അവസാന നിമിഷങ്ങളിലെ കൊടുങ്കാറ്റുപോലുള്ള അവരുടെ കടന്നുകയറ്റത്തിൽ അന്ന് കട പുഴകിയത് ഫുട്ബാൾ ഇതിഹാസങ്ങളായ അസൂറികളായിരുന്നു. തൊട്ടുപിന്നാലെ ക്വാർട്ടറിൽ വമ്പന്മാരായ സ്പാനിഷ് പടയെയും കെട്ടുകെട്ടിച്ചു.
കൊറിയൻ പടയോട്ടത്തെ സെമിയിൽ വീഴ്ത്താൻ ജർമൻകാർക്ക് തങ്ങളുടെ മുഴുവൻ അടവും പുറത്തെടുക്കേണ്ടിവന്നു. എന്നിട്ടും ഏകപക്ഷീയമായ ഒരു ഗോളിനാണവർ രക്ഷപ്പെട്ടത്.
ചൈനയിൽ കാൽപന്തുകളി നിലവിൽവന്ന സമയത്തുതന്നെ കൊറിയൻ സാമ്രാജ്യത്തിലും ‘ചുക്ക് കുക്കു’ എന്ന പേരിൽ തുകൽപന്തുകൊണ്ടുള്ള കാൽപന്തുകളിയുണ്ടായിരുന്നു. ജപ്പാൻ കൊറിയൻ പെനിസൂലാ കൈയടക്കിയതോടെ അവർക്ക് ഫുട്ബാൾ അന്യമായി. അത് നിരോധിച്ചുകൊണ്ടുള്ള നിയമവും നിലവിൽവന്നു. ഒടുവിൽ ബ്രിട്ടീഷ് സൈനികർ അത് തിരിച്ചുകൊണ്ടുവന്നുവെങ്കിലും ഒന്നാം നമ്പർ കായിക വിനോദം ബേസ്ബാൾ ആയിക്കഴിഞ്ഞിരുന്നു.
ഒരുകാലത്തു ഏഷ്യൻ ഫുട്ബാളിെൻറ അധിപന്മാരായിരുന്നവർ 1956ലും 60ലും വൻകര ചാമ്പ്യന്മാരുമായി.
ജനകീയ വിനോദമായിരുന്നെങ്കിലും ദേശീയ ലീഗ് മത്സരങ്ങൾക്ക് ജന ഹൃദയങ്ങളെ കീഴടക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാകണം അവരുടെ അറിയപ്പെടുന്ന യുവതാരങ്ങളെല്ലാം കാലാകാലങ്ങളായി യൂറോപ്യൻ ലീഗിൽ ഇടംകണ്ടെത്തിയത്. ഏഷ്യൻ യോഗ്യത മത്സരങ്ങളിൽ മുൻകാലങ്ങളിലെപ്പോലെ വശ്യതയോ ആധികാരികതയോ കൊറിയക്ക് അവകാശെപ്പടാനില്ലായിരുന്നു. ഉസ്ബകിസ്താനുമായി നേടിയ ഗോൾ രഹിത സമനില, ഇറാന് പിറകെ രണ്ടാം സ്ഥാനക്കാരായി റഷ്യയിൽ എത്തിച്ചു. ജർമൻകാരനായ കോച്ച് യൂലി സ്ട്ടീലിക്കെയെ മാറ്റി പകരം അവരുടെ ജൂനിയർ ടീം പരിശീലകൻ ഷൈൻ ടെ യൂങ്ങിന് ചുമതല നൽകിക്കൊണ്ടാണവർ തങ്ങളുടെ 10ാം ലോകകപ്പിനെത്തുന്നത്.
ലോകജേതാക്കളായ ജർമനിയും മെക്സികോയും സ്വീഡനുമാണ് കൊറിയക്കൊപ്പം ഗ്രൂപ് റൗണ്ടിലുള്ളത്. ജർമനിക്കെതിരെ ഇതുവരെ കളിച്ച മൂന്നിൽ രണ്ടിലും തോറ്റതാണെങ്കിലും അവിസ്മരണീയമായ ഒരു വിജയം അവരുടെ റെേക്കാഡ് ബുക്കിലുണ്ട്. മെക്സികോക്കെതിരെ 12 മത്സരങ്ങൾ കളിച്ചപ്പോൾ ആറു തോൽവി വഴങ്ങി. നാലു കളിയിലെ വിജയവും രണ്ടു സമനിലകളും ആത്മവിശ്വാസമാണ്. സ്വീഡനോട് മാത്രമാണ് അവർക്കു നെഗറ്റിവ് റെേക്കാഡുള്ളത്. കളിച്ച നാല് മത്സരങ്ങളിൽ രണ്ടു പരാജയങ്ങളും രണ്ടു സമനിലകളും. ടോട്ടൻഹാമിെൻറ ഹെങ്മിൻ സോൺ ആണ് കൊറിയക്കാരുടെ സൂപ്പർസ്റ്റാർ.
ജർമനിയിലെ ഹാംബർഗ് ഫുട്ബാൾ അക്കാദമിയിൽനിന്ന് കളി പഠിച്ച ഈ ഗോൾവേട്ടക്കാരൻ ഏഷ്യൻ വൻകരയിലെ മികച്ച ഫുട്ബാളറുമാണ്. യൂറോപ്യൻ ലീഗുകളിൽ കളിച്ചു പരിചയമുള്ള യുവതാരം ഹീ ചാൻ ഹ്വാങ്, സോണിനു ഒപ്പം മുൻനിരയിലുണ്ടാകും. ഏറ്റവും മികച്ച ഗോൾകീപ്പർമാരുള്ള ടീം ആണ് കൊറിയക്കാരുടേത്. പുതിയ കോച്ച് ഷിൻ 4-4 -2 ഫോർമേഷനിലാണ് ടീമിനെ അണിനിരത്തുന്നത്.
പ്രവചനം
പോരാട്ടം ആദ്യ റൗണ്ടിൽ അവസാനിച്ചേക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.