ബർലിൻ: നാലുവർഷക്കാലം ബ്രസീൽ ഫുട്ബാളിനെ വേട്ടയാടിയ വേദന, ഇനി അർജൻറീനയുടെ ബൂട്ടിലെ തീരാവേദന. സൗഹൃദം മറന്ന ലോകകപ്പ് സന്നാഹം യൂറോപ്യൻ മണ്ണിലെ കണക്കുതീർക്കലായി മാറിയപ്പോൾ ബ്രസീലിന് മധുരപ്രതികാരത്തിേൻറതായി. അർജൻറീനക്ക് കനത്ത തോൽവിയുടെ തീരാവേദനയും. ബർലിൽ ഒളിമ്പിക്സ് സ്റ്റേഡിയത്തിലായിരുന്നു ജർമനിക്കെതിരെ ബ്രസീലിെൻറ കണക്കുതീർക്കൽ (1-0). മഡ്രിഡിൽ അർജൻറീന സ്പെയിനിന് മുന്നിൽ 6-1ന് ദയനീയമായി കീഴടങ്ങി.
ബർലിൻ ഭരിച്ച് ബ്രസീൽ
ബ്രസീലിന് റിയോ ഡെ ജനീറോയിലെ മാറക്കാന പോലെയാണ് ജർമനിക്ക് ബർലിനിലെ ഒളിമ്പിയ സ്റ്റേഡിയം. രണ്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രതാപികളുടെ കളിമുറ്റം. 2014ൽ മാറക്കാനയിലേക്ക് ബ്രസീൽ തുന്നിച്ചേർത്ത സ്വപ്നങ്ങളായിരുന്നു ബെലോ ഹൊറിസോണ്ടയിലെ മിനീറാവോയിൽ ജർമനി 7-1ന് തച്ചുടച്ചത്. ആ ദുരന്തനാൾ മുതൽ ഒാരോ കാനറി ആരാധകനും പ്രതികാരദാഹവുമായി കാത്തിരുന്നു.
ഒടുവിൽ അവസരമെത്തിയതോ ബർലിനിൽ ബവേറിയന്മാരുടെ അന്തസ്സായ ഒളിമ്പിയ സ്റ്റേഡിയത്തിൽ. മുക്കാൽ ലക്ഷത്തോളം വരുന്ന സ്റ്റേഡിയത്തിലെ ഇരിപ്പിടമെല്ലാം ജനസമുദ്രമായി മാറിയ സൗഹൃദപോരാട്ടത്തിൽ ബവേറിയന്മാരുടെ തലയെടുപ്പിന് കനത്തപ്രഹരം നൽകി ബ്രസീൽ റഷ്യയിലേക്ക് സർവസജ്ജമായി. കളിയുടെ 37ാം മിനിറ്റിൽ ഗബ്രിയേൽ ജീസസിലൂടെയായിരുന്നു ബ്രസീലിെൻറ ജയം. പിന്നീടും ഒരുപിടി അവസരങ്ങളൊരുക്കിയെങ്കിലും ജെറോം ബോെട്ടങ്ങും അേൻറാണിയോ റുഡിഗറും ചേർന്നൊരുക്കിയ പ്രതിരോധമതിലിൽ തട്ടിത്തകർന്നു.
സൗഹൃദമായിരുന്നു മത്സരമെങ്കിലും കളത്തിൽ കോച്ച് ടിറ്റെ ഒത്തുതീർപ്പിനൊരുങ്ങിയില്ല. ജീസസ്-കുടീന്യോ-വില്യൻ ത്രികോണ ആക്രമണം. മധ്യനിരയെ ചലനാത്മകമാക്കി കസ്മിറോയും പൗളീന്യോയും ഫെർണാണ്ടീന്യോയും. പ്രതിരോധത്തിൽ തിയാഗോ സിൽവ, മിറാൻഡ, മാഴ്സലോ, ഡാനി ആൽവസ് എന്നിവർ. ഗോൾകീപ്പറായി അലിസണും. മറുനിരയിൽ മ്യൂളർ, സമി ഖെദീര, മെസ്യുത് ഒാസിൽ എന്നിവരില്ലാതെയാണ് ജർമനിയെത്തിയത്. മരിയോ ഗോമസ് ആക്രമണം നയിച്ചപ്പോൾ മധ്യനിരയിൽ ടോണി ക്രൂസും ഡ്രാക്സ്ലറും പന്തൊഴുക്ക് നിയന്ത്രിച്ചു.
ആദ്യ മിനിറ്റ് മുതൽ ജർമനി ഏകോപിത ആക്രമണത്തിലൂടെ കുതിച്ചെങ്കിലും വിറക്കാൻ ബ്രസീൽ തയാറായില്ല. മുന്നേറ്റങ്ങളുടെ മുനയൊടിച്ച് അവർ തിരിച്ചടിച്ചു. ഒന്നിനു പിന്നാലെ ഒന്നായി വില്യനും ജീസസും ആതിഥേയ ഗോൾമുഖത്ത് ഭീതിവിതച്ചു. 37ാം മിനിറ്റിൽ ഇങ്ങനെയൊരു അവസരം നഷ്ടപ്പെടുത്തി സെക്കൻഡുകൾക്കകമായിരുന്നു ജീസസ് സ്കോർ ചെയ്തത്. വിങ്ങിൽനിന്ന് വില്യൻ ഉയർത്തി നൽകിയ ക്രോസ് പറന്ന് തലവെച്ച് ജീസസ് വലകുലുക്കി. ഗോളി കെവിൻ ട്രാപിെൻറ കൈയിൽ തട്ടിയെങ്കിലും പന്ത് വരകടന്ന് ഗോളായി മാറി. രണ്ടാം പകുതിയിൽ ജർമനി മാറ്റങ്ങളോടെ തിരിച്ചടിക്കാൻ തുനിഞ്ഞെങ്കിലും പ്രതിരോധവും ഭാഗ്യവും ബ്രസീലിന് തുണയായി.
ജർമനിക്ക് ഫുൾസ്റ്റോപ്
2016 യൂറോകപ്പ് സെമിയിൽ ഫ്രാൻസിനോട് കീഴടങ്ങിയശേഷം തോൽവിയറിയാതെ കുതിപ്പിലായിരുന്നു ജർമനി. തുടർച്ചയായി 22 കളി പൂർത്തിയായപ്പോൾ ആറ് സമനിലയും 16 ജയവും. തോൽവിയറിയാത്ത ഇൗ കുതിപ്പിനാണ് ബ്രസീൽ അന്ത്യംകുറിച്ചത്. 1978-81 സീസണിലെ അപരാജിതമായ 23 മത്സരങ്ങൾ എന്ന സ്വന്തം റെക്കോഡിനരികിലാണ് വീഴ്ച. 1998ൽ 22 മത്സരത്തിലെ കുതിപ്പിനും അന്ത്യംകുറിച്ചത് ബ്രസീൽ തന്നെയായിരുന്നു.
ഇസ്കോ ഡിസ്കോ
അത്ലറ്റികോ മഡ്രിഡിെൻറ വേദിയായ വാൻഡ മെട്രോപൊളിറ്റാനോയിൽ ലയണൽ മെസ്സിയെ ഗാലറിയിലിരുത്തി അർജൻറീനയുടെ ആറു ഗോൾ തോൽവി. കരുത്തുറ്റ രണ്ടു സംഘങ്ങളുടെ പോരാട്ടമെന്ന് വിളിച്ച മത്സരത്തിെൻറ ആദ്യ പകുതിയിൽതന്നെ അർജൻറീന കീഴടങ്ങിയിരുന്നു.
Gol! Diego Costa doesn't miss and puts Spain 1-0 in front. #SPAARG pic.twitter.com/3qaMyO3ZVQ
— Vincent (@VincentGuzman_) March 27, 2018
12ാം മിനിറ്റിൽ ഡീഗോ കോസ്റ്റ തുടങ്ങിയ ഗോൾവേട്ടയിൽ 27ാം മിനിറ്റിൽ ഇസ്കോയും കണ്ണിചേർന്നു. എന്നാൽ, 39ാം മിനിറ്റിൽ ഒടമെൻഡിയുടെ ഹെഡറിലൂടെ അർജൻറീന തിരിച്ചടിച്ചപ്പോൾ ഉയിർത്തെഴുന്നേൽപ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, രണ്ടാം പകുതിയിൽ കണ്ടത് സ്പെയിനിെൻറ ഗോൾ കാർണിവൽ.
ഇസ്കോ (52, 74) രണ്ടുവട്ടം കൂടി വലകുലുക്കി ഹാട്രിക് തികച്ചപ്പോൾ തിയാഗോ അൽകൻറാര (55), ഇയാഗോ അസ്പാസ് (73) എന്നിവർ ചേർന്ന് അർജൻറീനയെ സിക്സർ പായിച്ചു. ‘‘ഏറെ സന്തോഷം നൽകുന്ന വിജയം. ലോകകപ്പ് റണ്ണർ അപ്പുകൾക്കെതിരെയാണ് ചരിത്രജയമെന്നത് ആത്മവിശ്വാസവുമാവുന്നു’’ -സ്പാനിഷ് കോച്ച് ലപോറ്റെ ഗുയിയുടെ വാക്കുകൾ.
ഫ്രാൻസിന് ജയം; ഇംഗ്ലണ്ട്-ഇറ്റലി സമനില
മറ്റു സൗഹൃദ അങ്കത്തിൽ ഫ്രാൻസ്, ബെൽജിയം ടീമുകൾ ജയിച്ചപ്പോൾ ഇംഗ്ലണ്ട്-ഇറ്റലി മത്സരം (1-1) സമനിലയിൽ പിരിഞ്ഞു. ഫ്രാൻസ് 3-1ന് ലോകകപ്പ് ആതിഥേയരായ റഷ്യയെ തോൽപിച്ചു. കെയ്ലിയൻ എംബാപ്പെ (40, 83), പോൾ പോഗ്ബ (49) എന്നിവരാണ് സ്കോർ ചെയ്തത്. ഇംഗ്ലണ്ടിൽ നടന്ന തുല്യശക്തികളുടെ പോരാട്ടത്തിൽ ലീഡ് നേടിയശേഷമാണ് ഇംഗ്ലണ്ട് സമനില വഴങ്ങിയത്.
ജാമി വാർഡി ഇംഗ്ലണ്ടിനായും (26) ലോറൻസോ ഇൻസിഗ്നെ (87) ഇറ്റലിക്കായും വലകുലുക്കി. സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് ഇല്ലാതെയിറങ്ങിയ ഇൗജിപ്തിനെ ഗ്രീസ് (0-1) തോൽപിച്ചു. ബെൽജിയം 4-0ത്തിന് സൗദി അറേബ്യയെ വീഴ്ത്തി. റൊമേലു ലുകാക്കു ഇരട്ട ഗോൾ നേടി. ബാറ്റ്ഷുയി, ഡി ബ്രുയിൻ എന്നിവർ ഒാരോ ഗോളടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.