രണ്ട് ഫുട്ബാൾ ടീമുകളുടെ പേരിൽ ഇന്ന് ലോകമറിയുന്ന രാജ്യമാണ് പൗരാണിക പ്രൗഢിയിൽ ഒരുകാലത്ത് ലോകത്തിെൻറ അധിപന്മാരായിരുന്ന സ്പെയിൻ. റയൽ മഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ചരിത്രപരവും ഭൂമി ശാസ്ത്രപരവുമായ സവിശേഷതകളുമുണ്ട്. ഫ്രാേങ്കാ സ്പെയിനിൽ അധികാരം പിടിച്ചെടുത്ത് ഏകാധിപത്യ ഭരണം തുടങ്ങിയപ്പോഴേ ബാഴ്സലോണ സ്ഥിതിചെയ്യുന്ന കാറ്റലോണിയൻ മേഖല അതിനെതിരായ പോരാട്ടങ്ങൾ തുടങ്ങിയിരുന്നു. അതിെൻറ അനുരണങ്ങൾ സ്വാഭാവികമായും തലസ്ഥാനമായ മഡ്രിഡിലെ പ്രബല ഫുട്ബാൾ ടീമിന് എതിരെ പ്രതിഫലിക്കുകയും ചെയ്തു. ഫ്രാേങ്കായുടെ ഇഷ്ട ടീം എന്നതിലേറെ അയാളുടെ പ്രശസ്തി വ്യാപിപ്പിക്കുന്നതിലേക്കായി മഡ്രിഡ് ക്ലബിനെ ഉപയോഗിക്കുകകൂടി ചെയ്തപ്പോൾ കളി കാര്യമാവുകയും ചെയ്തു. അതോടെ, ഇവർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എൽ ക്ലാസികോ ആയി മാറുകയും അത് ലോകത്തെ ഫുട്ബാൾ പ്രേമികളെ ഇരുചേരികളായി ഈ ടീമുകളെ അനുകൂലിക്കുകയും എതിർക്കുകയും ചെയുന്ന അവസ്ഥയും ഉണ്ടാക്കുകയും ചെയ്തു.
അതോടൊപ്പം ‘ടികി ടാക’ എന്ന ഒരു ഫുട്ബാൾ തന്ത്രം ലോകത്തെ കീഴ്മേൽ മറിച്ചു, വിൻസൻറ് ഡെൽ ബോസ്കെ എന്ന കോച്ചും 11 കളിക്കാരും കൂടി കളിക്കളത്തിൽ വർണചിത്രങ്ങൾ വരച്ചുകൊണ്ട് പതിറ്റാണ്ടിലധികം ലോക ഫുട്ബാളിെൻറ അധിപർ തങ്ങളാണെന്ന് വിളിച്ചറിയിക്കുകയും തുടർന്ന് യൂറോപ്യൻ ചാമ്പ്യന്മാരും ലോക ജേതാക്കളും വീണ്ടും യൂറോപ്യൻ ചാമ്പ്യന്മരാവുകയും ചെയ്തു.
46 ദശലക്ഷം ജനസംഖ്യയുള്ള സ്പെയിനിലെ മുഖ്യഭാഷയായ സ്പാനിഷ് ഇന്ന് ലോകത്ത് 470 ദശലക്ഷം പേർ സംസാരിക്കുന്നു. എല്ലാ വൻകരയിലും അവരുടെ നാവികർ ചെന്നെത്തിയതോടെ ഒപ്പം അവരുടെ ഭാഷയും എത്തുകയുണ്ടായി. ഇതൊക്കെയാണെങ്കിലും മറ്റു നാലു ഭാഷകളാണ് അവരുടെ നാട്ടിൽ സംസാരിക്കുന്നത് എന്നത് മറ്റൊരു രസകരമായ കാര്യം -ബോസ്ക്, കറ്റാലൻ, ഗലീസിയൻ, ഓസിറ്റാൻ എന്നിവ. തികച്ചും കൗതുകകരമെന്ന് പറയേണ്ടിയിരിക്കുന്ന മറ്റൊരു കാര്യം ഈ ഭാഷകൾ സംസാരിക്കുന്നവരൊക്കെ സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്നവരുമാണ് എന്നതാണ്.
തലസ്ഥാനമായ മഡ്രിഡിലെ ജനസംഖ്യ ആറു ദശലക്ഷമാണ്. അതാകട്ടെ നോർവെ, അയർലൻഡ്, സ്കോട്ലൻഡ്, ഡെന്മാർക്ക്, ഉറുഗ്വായ് എന്നീ രാജ്യങ്ങളിലൊക്കെ ഉള്ളതിനെക്കാൾ എത്രയോ അധികവും. അറബിയിലെ ‘മാമജ്രിതു’ ആണ് ഇന്നത്തെ മഡ്രിഡ് ആയി രൂപം പ്രാപിച്ചത്. ഒമ്പതാം നൂറ്റാണ്ടിൽ കൊർഡോബയിലെ മുഹമ്മദ് ഒന്നാമൻ മൻസാറാസ് നദിക്കരയിൽ നിർമിച്ച കൊട്ടാരം നിന്ന സ്ഥലമാണ് ഇന്ന് മഹാ നഗരമായി മാറിയിരിക്കുന്ന മഡ്രിഡ്.
യൂറോപ്പിലെ വൻ രാജ്യങ്ങളുടെ പ്രൗഢികൾ ഒന്നുമില്ലാത്ത സ്പെയിനിൽ കാര്യമായ വ്യവസായ സംരംഭങ്ങൾ ഒന്നുമില്ലെങ്കിലും അവർ സമ്പന്നമായിരിക്കുന്നത് പ്രകൃതി കനിഞ്ഞുനൽകിയിരിക്കുന്ന വിഭവങ്ങളുടെ ബുദ്ധിപൂർവമായ വിപണനം കൊണ്ടാണ്. ലിക്വിഡ് ഗോൾഡ് എന്ന വിശേഷണമുള്ള ഒലിവ് എണ്ണയുടെ അമ്പതു ശതമാനവും ലഭിക്കുന്നത് അവിടത്തെ തീരദേശ മേഖലകളിൽനിന്നും മലനിരകളിൽനിന്നുമാണ്. അതെ മേഖലകളിലെ പ്രകൃതിഭംഗി അവർ വിനോദസഞ്ചാരത്തിനുകൂടി തുറന്നുകൊടുത്തപ്പോൾ സഞ്ചാരികളുടെ പറുദീസയായി കാളപ്പോരിെൻറ നാട്. ഈ വിനോദം അംഗീകരിക്കപ്പെട്ട ഏക രാഷ്ട്രവുമാണ് സ്പെയിൻ.
ചോക്ലറ്റ് ആദ്യമായി യൂറോപ്പിൽ കൊണ്ടെത്തിച്ചത് ലോകം കീഴടക്കാൻ കറങ്ങിയ സ്പാനിഷ് നാവികരായിരുന്നു. ഇന്ന് യൂറോപ്യരുടെ മുഖ്യ ആഹാരമായ ഉരുളക്കിഴങ്ങ് ലാറ്റിനമേരിക്കയിൽനിന്ന് കടൽ കടത്തിക്കൊണ്ടുവന്നതും സ്പാനിഷ് അർമാഡകൾ ആയിരുന്നു. ഒപ്പം ഓറഞ്ച്, അവക്കാഡോ, വാഴപ്പഴം എന്നിവയുടെ സ്വാദ് അറിഞ്ഞതും മഡ്രിഡ് വഴിയായിരുന്നു.
ഇതുപോലെ സാമൂഹിക, രാഷ്ട്രീയ വൈചിത്ര്യങ്ങൾ ഉണ്ടെങ്കിലും ഫുട്ബാൾ അവർക്കൊരു കേവല വികാരം മാത്രമല്ല, ജീവിതമായി അവരെ വശീകരിച്ചിരിക്കുന്നു. ക്ലബ് മത്സരങ്ങളായാലും രാജ്യാന്തര മത്സരങ്ങളായാലും ‘കാണാം വിറ്റും ഓണം ഉണ്ണണം’ എന്ന നമ്മുടെ ഫിലോസഫിയാണവർക്ക്.
അങ്ങനെയുള്ള മുൻ ലോക, യൂറോപ്യൻ ചാമ്പ്യന്മാർ റഷ്യയിൽ എത്തുന്നത് എന്നും അവർക്കു പേടിസ്വപ്നമായ ഇറ്റലിക്കാരെ ഒരു വഴിക്കാക്കിക്കൊണ്ടാണ്. എന്നാൽ റഷ്യയിൽ ഗ്രൂപ് ബിയിൽ ഒപ്പമുള്ളത് ഏതാണ്ട് അവരെപ്പോലെ കളിക്കുന്ന അയൽക്കാരായ പോർചുഗലും ആഫ്രിക്കയിലെ കരുത്തരായ മൊറോക്കോയും പിന്നെ ഏഷ്യയിൽനിന്ന് ഇറാനുമാണ്.
പ്രവചനം
ടികി ടാക്ക കൈവിട്ടുപോയെങ്കിലും കരുത്തിെൻറയും കെട്ടുറപ്പിെൻറയും മറ്റൊരു രൂപമായി യോഗ്യത മത്സരങ്ങളിൽ മുന്നേറിയ അവരുടെ പുതിയരൂപം എന്തായാലും ആകർഷകമാണ്. ആ ശൈലി വിജയമായിത്തീരുമോ എന്നറിയാൻ ഗ്രൂപ് മത്സരങ്ങൾ കഴിയും വരെ കാക്കേണ്ടതുണ്ട്. എന്നിരുന്നാലും അയൽക്കാർക്കൊപ്പം സ്പെയിനും അടുത്ത റൗണ്ടിലുണ്ടാകും.
നാളെ: മൊറോക്കോ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.