കൊൽക്കത്ത: ഇന്ത്യയുടെ മുൻനിര ഗോൾവേട്ടക്കാരനായി മാറിയ ഫുട്ബാൾ താരം സുനിൽ ഛേത്രിക്ക് ഗോൾ നേടാനാകുമെന്ന് തോന്നിയിരുന്നില്ലെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ സുബ്രതോ ഭട്ടാചാര്യ. 17 വർഷംമുമ്പ് കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാനിൽ ട്രയൽസിനെത്തുേമ്പാൾ ഛേത്രിയിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഗോൾ നേടാൻകഴിവുള്ള കളിക്കാരനായി മാറുമെന്ന് കരുതിയില്ല.
‘ബഗാെൻറ ഗ്രൗണ്ടിൽ ഒരുകൂട്ടം ചെറുപ്പക്കാർ ട്രയൽസിൽ പങ്കെടുക്കുന്നത് അൽപം അകലെനിന്ന് നോക്കി നിൽക്കുകയായിരുന്നു ഞാൻ. കളിക്കാരെ ചെറുപ്പത്തിലേ കണ്ടെത്താൻ ശ്രമിക്കുന്ന ബഗാനിൽ ഇത് സ്ഥിരം കാഴ്ചയായിരുന്നു. സുനിൽ ഛേത്രിയടക്കം കളിക്കുന്നുണ്ടായിരുന്നു. ഈ ചെറുപ്പക്കാരിൽ പ്രത്യേകതയുള്ളതായി ആരെയും കണ്ടില്ല. ഛേത്രിയും സുബ്രതോപോളും മാത്രം അൽപം വ്യത്യസ്തരായിരുന്നു.
അവർ ഭാവിവാഗ്ദാനത്തിെൻറ സൂചനകൾ നൽകി. ഇരുവരിലും മികച്ച കളിക്കാരാകണമെന്ന ആഗ്രഹവും അഭിലാഷവുമുണ്ടായിരുന്നു. മികച്ച വേഗതയും ഷൂട്ട് ചെയ്യാനുള്ള കഴിവുമുണ്ടായിരുന്നു ഛേത്രിക്ക്. അഞ്ച് അടി ഏഴ് ഇഞ്ച് മാത്രം ഉയരമുള്ള അവൻ സെറ്റ് പീസുകളിൽപോലും ഗോൾ നേടാൻ ശ്രമിച്ചു. മികച്ച പ്രതിരോധനിരക്കാരെ മറികടക്കുന്നതും കണ്ടു. കളി നല്ലരീതിയിൽ മനസ്സിലാക്കുകയും ഗോളടിക്കാൻ പന്തുനൽകാൻ സഹകളിക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഗോളിനായുള്ള അടങ്ങാത്ത അഭിനിവേശമാണ് ഛേത്രിയിൽ ഏറ്റവും മികച്ച ഗുണമായിക്കണ്ടത്’ ഭട്ടാചാര്യ പറഞ്ഞു. ആ ട്രയൽസ് കഴിഞ്ഞ് ബഗാനിൽ മൂന്നുവർഷ കരാറിൽ ഒപ്പിട്ട ഛേത്രി പിന്നീട് ഭട്ടാചാര്യയുടെ മകളുടെ ഭർത്താവുമായി.
2015 ജൂൺ 12ന് പാകിസ്താനെതിരെ ഗോളോടെ അരങ്ങേറിയ ഛേത്രി 115 കളികളിൽനിന്ന് 77 ഗോളുകളാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.