ക്വാലാലംപുർ: മലേഷ്യയിലെ പെതാലിൻ ജയയിലാണ് പന്തുരുളുന്നതെങ്കിലും ഇന്ത്യയുടെയും ഇൗ ആൺകുട്ടികളുടെയും മനംനിറയെ പെറുവിലെ കൗമാര ലോകകപ്പാണ്. അണ്ടർ 16 ഏഷ്യാകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ദക്ഷിണ കൊറിയക്കെതിരെ ജയിച്ചാൽ കൗമാര സംഘത്തിന് ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിക്കാം. ഫുട്ബാൾ ആരാധകരുടെ പ്രാർഥനകളും ആശംസകളും ഒപ്പമുണ്ടെങ്കിലും തിങ്കളാഴ്ചയിലെ പോരാട്ടം ജയിക്കാൻ ഏറെ വിയർപ്പൊഴുക്കണം.
ഏഷ്യയിലെ മുൻനിര ടീമാണ് എതിരാളികൾ. പാരമ്പര്യത്തിലും കളിയിലും ഏറെ മുന്നിൽ. അവർക്കെതിരെ ഉജ്ജ്വലമായി കളിക്കുകയും ഭാഗ്യം തുണക്കുകയും ചെയ്താൽ ബിബിയാനോ ഫെർണാണ്ടസിെൻറ കുട്ടികൾ ഇന്ത്യൻ ഫുട്ബാളിന് പുതു ചരിത്രം കുറിക്കും. 2019 ഒക്ടോബറിൽ പെറു േവദിയാവുന്ന അണ്ടർ 17ലോകകപ്പിന് ഏഷ്യാ കപ്പിലെ നാല് സെമിഫൈനലിസ്റ്റുകൾക്ക് നേരിട്ട് യോഗ്യത നേടാമെന്നാണ് മാനദണ്ഡം. അതുപ്രകാരം ഇന്ത്യ-കൊറിയ നാലാം ക്വാർട്ടറിലെ വിജയികൾക്കും ഒറ്റജയത്തിലൂടെ ലോകകപ്പ് ബർത്തുറപ്പിക്കാം.
കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്നതിനാൽ ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചവരാണ് ഇന്ത്യ. ഇക്കുറി കളിച്ചു ജയിച്ച് യോഗ്യത നേടിയാൽ വളരുന്ന ഫുട്ബാൾ കരുത്തിന് ഉൗർജമായിമാറും. 2002ലാണ് ഇന്ത്യ അണ്ടർ 16ടീം ഏഷ്യാകപ്പ് ക്വാർട്ടറിൽ ഇടം നേടിയത്. അന്ന്, ദക്ഷിണ കൊറിയക്കു മുന്നിൽ 1-3ന് കീഴടങ്ങി ലോകകപ്പ് സ്വപ്നം അവസാനിപ്പിച്ചു. പിന്നീടൊരിക്കലും ഗ്രൂപ് റൗണ്ടിനപ്പുറം കടന്നിട്ടില്ല.
വിസ്മയ യാത്ര
ഗ്രൂപ് ‘സി’യിൽനിന്ന് ഒരു ജയവും രണ്ട് സമനിലയുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടർ ടിക്കറ്റ് നേടിയത്.ആദ്യ മത്സരത്തിൽ വിയറ്റ്നാമിനെതിരെയാണ് (1-0) ജയം. പിന്നാലെ, ഏഷ്യയിലെ ഒന്നാം നമ്പർ ടീമായ ഇറാനെയും (0-0), അവസാന മത്സരത്തിൽ ഇന്തോനേഷ്യയെയും (0-0) സമനിലയിൽ തളച്ചതോെട അഞ്ചു പോയൻറുമായി ക്വാർട്ടർ ഉറപ്പിച്ചു. ഇന്തോനേഷ്യയും നോക്കൗട്ടിലെത്തിയതോടെ ഇറാൻ പുറത്തായി.
‘ഡി’യിൽനിന്ന് മൂന്നിൽ മൂന്ന് ജയവുമായാണ് കൊറിയയുടെ വരവ്. ആസ്ട്രേലിയ, ഇറാഖ്, അഫ്ഗാൻ ടീമുകളെയാണ് ഇവർ ഗോൾമഴയിൽ മുക്കിയത്. 12 ഗോളടിച്ചു കൂട്ടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയില്ല.
‘കൊറിയ കരുത്തരായ എതിരാളിയാണ്. കിരീട ഫേവറിറ്റും. അവർക്കു മുന്നിൽ ഞങ്ങൾക്ക് ആരും വിജയ സാധ്യത നൽകുന്നില്ല. എന്നാൽ, ഗ്രൂപ് റൗണ്ട് മുതൽ ഞങ്ങളെ ഇങ്ങനെയാണ് വിലയിരുത്തിയത്. അതേ കളിയുമായിതന്നെ കൊറിയയെയും നേരിടും. സമ്മർദങ്ങളൊന്നുമില്ലാതെ സ്വാഭാവിക ഫുട്ബാൾകളിക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. ’ -കോച്ച് ബിബിയാനോ പറയുന്നു. മലപ്പുറം മൊറയൂർ സ്വദേശി മൂത്തേടത്ത് ഷഹബാസ് അഹമ്മദാണ് ടീമിലെ ഏക മലയാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.