മുംബൈ: മുമ്പത്തെ പോലെ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് പോകാനല്ല; കപ്പിൽ മുത്തമിട്ട് ചരിത്രം കുറിക്കാനാണ് ഉത്തര അമേരിക്കൻ കൗമാരക്കൂട്ടവും തെക്കനമേരിക്കക്കാരായ പരഗ്വേയും മോഹിക്കുന്നത്. വ്യാഴാഴ്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെകീട്ട് അഞ്ചിന് ‘ബി’ ഗ്രൂപ്പിലെ ഒന്നാമന്മാരായ പരഗ്വേ തുർക്കിയെയും രാത്രി എട്ടിന് ‘എ’ ഗ്രൂപ്പിലെ ഒന്നാമന്മാരായ അമേരിക്ക കൊളംബിയയെയും നേരിടും. കഴിഞ്ഞ രണ്ട് റൗണ്ടുകളിൽ തോൽവി അറിയാതെ ഇരുവരും നോക്കൗട്ട് പോരിലേക്ക് കടന്നു കഴിഞ്ഞു. ഗ്രൂപ്പിലെ അവസാന പോരിലും ജയം നിലനിർത്തി ശക്തികൂട്ടാനാണ് ഇരുവരുടെയും ശ്രമം
16ാം തവണയാണ് അമേരിക്ക കൗമാരപോരിൽ ബൂട്ടുകെട്ടുന്നത്. 1999 ൽ നാലാമന്മാരായതാണ് വിശ്വപോരിലെ മികച്ച പ്രകടനം. കഴിഞ്ഞ സീസണിൽ ഗ്രൂപ് പോരിൽ തന്നെ വീണുപോയി. അടുത്തവർഷം നടക്കുന്ന ലോകകപ്പിൽ കളിക്കാൻ സീനിയർ താരങ്ങൾ യോഗ്യത നേടാതെ പോയ സാഹചര്യത്തിൽ കൗമാരപ്പടയിലേക്കാണ് അമേരിക്കയുടെ നോട്ടം. ഭാവിയിലേക്കുള്ള ലക്ഷണമൊത്ത പടയെയാണ് രൂപപ്പെടുത്തിയതെന്ന് കോച്ച് ജോൺ ഹാക്ക്വർത്ത് പറയുന്നു. ഘാനയോട് തോറ്റും ഇന്ത്യയോട് ജയിച്ചുമാണ് കൊളംബിയ അമേരിക്കക്കെതിരെ ഇറങ്ങുന്നത്.നാലാം തവണയാണ് പരഗ്വേ കൗമാര വിശ്വപോരിന് ഇറങ്ങുന്നത്. 1999ൽ അമേരിക്കക്ക് പിന്നിൽ അഞ്ചാം സ്ഥാനത്തെത്തിയതാണ് മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.