ടൂറിൻ: യൂറോപ്പിൽ ഇനിയെല്ലാം ഫൈനലാണ്. ഒന്നല്ല, എട്ട് ടീമുകൾ സ്വന്തം നാട്ടിലും എതിരാളിയുടെ നാട്ടിലുമായി അങ്കംവെട്ടുന്ന നാല് ഫൈനലുകൾ. യുവേഫ ചാമ്പ്യൻസ് ലീഗിൽ കിരീടമുയർത്താൻ കെൽപുള്ള വമ്പന്മാരെല്ലാം ക്വാർട്ടർ ഫൈനലിൽ ഒന്നിച്ചതോടെ ആരാധകർക്ക് ആഘോഷവും സങ്കടവുമാണ്. പ്രിയപ്പെട്ട എട്ട് ടീമുകളിൽ നാലുപേർ കിരീടപ്പോരാട്ടത്തിെൻറ പാതിവഴിയിൽതന്നെ മടങ്ങേണ്ടിവരുമല്ലോയെന്ന സങ്കടം. ചൊവ്വാഴ്ച രാത്രിയിൽ ഇറ്റാലിയൻ വമ്പന്മാരായ യുവൻറസും സ്പാനിഷ് ജേതാക്കളായ ബാഴ്സലോണയും ആദ്യപാദ ക്വാർട്ടറിൽ ഏറ്റുമുട്ടുേമ്പാൾ ഒാർമയിലെത്തുന്നത് 2015 ഫൈനൽ. രണ്ടാം മത്സരത്തിൽ ജർമൻ ബുണ്ടസ് ലിഗയിലെ ബൊറൂസിയ ഡോർട്മുണ്ടും ഫ്രഞ്ച് ക്ലബ് മൊണാകോയും. കൂട്ടത്തിൽ താരതമ്യേന താരത്തിളക്കം കുറഞ്ഞതെങ്കിലും കളിയിൽ ഇേഞ്ചാടിഞ്ച്. ബുധനാഴ്ചയാണ് സൂപ്പർ പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡും മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണികും ജർമനിയിൽ പന്തുതട്ടും. മഡ്രിഡിൽ അത്ലറ്റികോ മഡ്രിഡും ഇംഗ്ലീഷ് ജേതാക്കളായ ലെസ്റ്റർ സിറ്റിയും തമ്മിൽ.
യുവൻറസ് Vs ബാഴ്സലോണ
ബാഴ്സലോണയും യുവൻറസും ചാമ്പ്യൻസ് ലീഗിൽ മുഖാമുഖമെത്തുേമ്പാൾ രണ്ടു വർഷം മുമ്പ് ബെർലിൻ വേദിയായ ഫൈനലാവും ഒാർമയിലെത്തുക. ജിയാൻ ലൂയിജി ബുഫണിനെയും ആന്ദ്രെ പിർലോയെയും കണ്ണീരിലാഴ്ത്തി ബാഴ്സലോണ യൂറോപ്യൻ കിരീടമുയർത്തിയ പോരാട്ടം. ഒളിമ്പിക് സ്റ്റേഡിയത്തിൽ 3-1നായിരുന്നു ബാഴ്സലോണയുടെ ജയം. സുവാരസും നെയ്മറും ഇവാൻ റാകിടിച്ചും ചാമ്പ്യന്മാർക്കായി വലകുലുക്കി. അന്നിറങ്ങിയവരിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാഴ്സ രണ്ടു വർഷത്തിനിപ്പുറം യുവൻറസിനെ നേരിടാനെത്തുന്നത്. കറ്റാലന്മാരുടെ ആക്രമണം നയിക്കുന്നത് എം.എസ്.എൻ എൻജിൻ. മധ്യനിരയിൽ ഇനിയേസ്റ്റ, റാകിടിച്, പ്രതിരോധത്തിൽ ജെറാർഡ് പിക്വെ, യാവിയർ മഷറാനോ, ജോർഡി ആൽബ. ഇവർക്കൊപ്പം അന്ന് വിങ് കാത്ത ഡാനി ആൽവസ് ബാഴ്സക്കൊപ്പമില്ലെങ്കിലും ഇന്ന് ഗ്രൗണ്ടിലുണ്ടാവും. യുവൻറസിെൻറ വിങ് കാക്കാൻ എന്നു മാത്രം വ്യത്യാസം.
പക്ഷേ, അന്നത്തെ യുവൻറസിൽനിന്ന് ഇന്നത്തെ ടീം ഏറെ മാറിമറിഞ്ഞു. ഗോളി ബഫണും പ്രതിരോധത്തിലെ ബനൂച്ചി, ബർസാഗ്ലി, സ്റ്റെഫാൻ ലിഷ്റ്റൈനർ, മുന്നേറ്റത്തിലെ സ്റ്റെഫാനോ സ്റ്റുറാറോ എന്നിവരൊഴികെ ശേഷിച്ചവരെല്ലാം വിവിധ തട്ടകങ്ങളിലേക്ക് ചേക്കേറി. എങ്കിലും യുവൻറസിെൻറ കരുത്തിലും വീര്യത്തിലും മാറ്റമില്ല. മാറിയത് ബാഴ്സലോണയാണോയെന്ന് സംശയം.
എം.എസ്.എൻ x ബി.ബി.സി
സ്പാനിഷ് ലാ ലിഗയിലെ നിർണായക മത്സരത്തിൽ മലാഗയോട് തോറ്റതിെൻറ ക്ഷീണത്തിലാണ് ബാഴ്സലോണ ഇറ്റലിയിൽ വിമാനമിറങ്ങിയത്. മെസ്സി-നെയ്മർ-സുവാരസ് ത്രയം അണിനിരന്നിട്ടും മലാഗയുടെ പ്രതിരോധത്തിൽ വീണുപോയ കറ്റാലന്മാർ എങ്ങനെ യുവൻറസിെൻറ ഇറ്റാലിയൻ നിർമിത പ്രതിരോധ മല പൊളിച്ചിടും. അപ്രാപ്യമെന്നാണ് നിരീക്ഷക പക്ഷം. ബാഴ്സക്ക് മലാഗയോടേറ്റ തോൽവി തങ്ങളുടെ തയാറെടുപ്പിനെ ബാധിക്കില്ലെന്ന് യുവൻറസ് കോച്ച് മാസിമിലിയാനോ അലെഗ്രി പറയുേമ്പാൾ ആ വാക്കുകളിലെല്ലാമുണ്ട്. ബാഴ്സയുടെ കഴിഞ്ഞ മത്സരത്തെ ആശ്രയിച്ചല്ല തങ്ങളുടെ ഗെയിം പ്ലാനെന്ന് മാസിമിലിയാനോ വ്യക്തമാക്കുന്നു.
‘‘സീസണിലെ ഏറ്റവും കടുത്ത പോരാട്ടത്തിനാണിറങ്ങുന്നത്. മെസ്സി, നെയ്മർ, സുവാരസ് കൂട്ടിനെപ്പോലൊരു മുന്നേറ്റമുള്ള ടീമിനെതിരെ പ്രതിരോധം തന്നെയാണ് ശ്രദ്ധ. കിട്ടിയ അവസരങ്ങളിൽ ആക്രമിച്ച് ഗോളടിക്കും. അതിനായി ഹിഗ്വെയ്നും ഡിബാലയും യുവാൻ ക്വാഡ്രാഡോയുമുണ്ട്. എതിരാളിയെ കുറച്ചുകാണിച്ചാൽ വലിയ വിലനൽകേണ്ടിവരും’’ -മാസിമിലിയാനോ പറയുന്നു. ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ കൂട്ടായ ‘ബി.ബി.സി’യാണ് യുവൻറസിെൻറ മിടുക്ക്. ആന്ദ്രെ ബർസാഗ്ലി, ലിയനാർഡോ ബനൂച്ചി, ജോർജിയോ ചെല്ലിനി (ബി.ബി.സി) വൻമലയെ മറികടന്നാൽതന്നെ, പോസ്റ്റിനു കീഴിൽ ബഫണിെൻറ കൈത്തഴക്കമുള്ള കൈകളെ വീഴ്ത്തണം. ചുരുക്കത്തിൽ എം.എസ്.എൻ-ബി.ബി.സി പോരാട്ടമാവും ടൂറിൻ അങ്കത്തിെൻറ ഹൈലൈറ്റ്.
സ്വന്തംമണ്ണിൽ നാലു ഗോളെങ്കിലും അടിക്കാൻ യുവൻറസിന് ശേഷിയുണ്ടെന്നാണ് മുൻ ഗോളി ഡിനോ സോഫിെൻറ അഭിപ്രായം. എന്നാൽ, പി.എസ്.ജിയെപ്പോലെ രണ്ടാം പാദത്തിൽ അടിച്ചതത്രയും വഴങ്ങാൻ മാത്രം യുവൻറസ് ദുർബലരല്ലെന്നും സോഫ് പറയുന്നു. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കെതിരെ ആദ്യ പാദത്തിൽ 4-0ത്തിന് തോറ്റശേഷം രണ്ടാം പാദത്തിൽ 6-1ന് ജയിച്ചുകയറിയ ബാഴ്സലോണയുടെ അദ്ഭുതം യുവൻറസിനോട് നടക്കില്ലെന്നാണ് മുൻ ഇതിഹാസതാരത്തിെൻറ ഒാർമപ്പെടുത്തൽ. മലാഗക്കെതിരായ തോൽവിയുടെ വീഴ്ചകൾ പരിഹരിച്ചാണ് ബാഴ്സലോണയിറങ്ങുന്നത്. ഇനിയേസ്റ്റയും റാകിടിച്ചും പ്ലെയിങ് ഇലവനിൽതന്നെയുണ്ടാവും. അതേസമയം, സസ്പെൻഷനിലുള്ള സെർജിേയാ ബുസ്കറ്റ്സിെൻറ അസാന്നിധ്യം തലവേദനയും സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.