വിജയപ്രതീക്ഷയില്‍  യുവനിരയുടെ നായകന്‍

കോഴിക്കോട്: ടീമിന് പരിചയസമ്പത്തിന്‍െറ കുറവുണ്ടെങ്കിലും പരിചയക്കാരുടെ നാട്ടില്‍ പന്തുതട്ടി യോഗ്യത റൗണ്ട് കടക്കാന്‍ തയാറായിരിക്കുകയാണ് കേരള നായകന്‍ ഉസ്മാനും സംഘവും. 71ാമത് സന്തോഷ് ട്രോഫി പ്രാഥമിക മത്സരങ്ങള്‍ നടക്കാനിരിക്കെ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല കേരളം. ടീമുകള്‍ക്ക് ഒരേ പോയന്‍റ് ലഭിച്ചാല്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാകും വിജയികളെ തീരുമാനിക്കുകയെന്നതിനാല്‍ നാലു ടീമുകളടങ്ങിയ ഗ്രൂപ്പില്‍നിന്ന്  മുഴുവന്‍ മത്സരവും വിജയിച്ചാലേ അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ സഫലമാവുകയുള്ളൂ. പുതുച്ചേരിയില്‍നിന്ന് കാര്യമായ വെല്ലുവിളിയുണ്ടാവില്ളെങ്കിലും കര്‍ണാടകയും ആന്ധ്രയുമായുള്ള മത്സരം മുറുകാന്‍ സാധ്യതയുണ്ടെന്ന് ഉസ്മാന്‍ പറയുന്നു. 

കോഴിക്കോട് പന്തുതട്ടുമ്പോള്‍ അയല്‍ജില്ലക്കാരനായ ഉസ്മാന് കാണികളില്‍ വലിയ പ്രതീക്ഷയാണുള്ളത്. ഏതു ടീമും ആഗ്രഹിക്കുന്നതുപോലെ ഒരു ടീമിന്‍െറ മുന്നേറ്റങ്ങള്‍ക്ക് ആവേശം പകരാന്‍ കാണികളുടെ പിന്തുണ വലുതാണ്. ടീം മൂന്നു ദിവസം കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി. തിങ്കളാഴ്ച ആര്‍മി ടീമുമായി പരിശീലന മത്സരത്തില്‍ ഒത്തിണക്കത്തോടെയാണ് കളിച്ചത്. ഉച്ചക്കുള്ള കളിയായതിനാല്‍ കാണികള്‍ കുറയുമോയെന്ന ആശങ്കയും നായകന്‍ മറച്ചുവെച്ചില്ല. സ്വന്തം നാടായ മലപ്പുറത്തുനിന്ന് സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം കളി കാണാന്‍ തയാറായിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍നിന്നാകും കൂടുതല്‍ കാണികളെ പ്രതീക്ഷിക്കുന്നത്. മൂന്നു സീനിയര്‍ താരങ്ങള്‍ മാത്രമാണ് ഈ പ്രാവശ്യത്തെ ടീമിലുള്ളത്. എന്നാലും യുവനിര ടീമില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ഉസ്മാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

മലപ്പുറം താനൂര്‍ കണ്ണന്തളി പറമ്പത്തില്‍ പരേതനായ കോയയുടെയും സൈനബയുടെയും മകനാണ് ഉസ്മാന്‍. ജാസിറയാണ് ഭാര്യ. താനൂരിലെ സ്പന്ദനം ക്ളബിലൂടെ കളിതുടങ്ങിയ ഉസ്മാന്‍ 2011ലാണ് എസ്.ബി.ടിയിലത്തെുന്നത്. ആര്‍.ബി.ഐ, മലബാര്‍ യുനൈറ്റഡ് എന്നീ ടീമുകളിലും കളിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സന്തോഷ് ട്രോഫി മത്സരത്തിനത്തെുന്നത്. 2014ല്‍ മിസോറമിനെതിരെ നടന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ നട്ടെല്ലിനു പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇക്കുറി സ്വന്തം നാട്ടില്‍ ടീമിനെ നയിക്കാനുള്ള നിയോഗത്തിലാണ് ഉസ്മാന്‍. 
 
Tags:    
News Summary - usman, santhosh trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.