ഫനൊംപെൻ: ലോകകപ്പിലെ മിന്നും പ്രകടനത്തിനൊടുവിൽ ദേശീയ ടീമിൽനിന്ന് വിരമിച്ച ജാപ്പനീസ് താരം കെസൂക്കി ഹോണ്ട ഇനി പരിശീലകവേഷത്തിൽ. വേതനം കൈപ്പറ്റാതെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ കംബോഡിയയുടെ ജനറൽ മാനേജറായി രണ്ടു വർഷത്തേക്കാണ് ഹോണ്ട കരാർ ഒപ്പിട്ടത്.
ലോകകപ്പ് പ്രീക്വാർട്ടറിൽ ബെൽജിയത്തോട് പരാജയപ്പെട്ടതിനുപിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിച്ച ഹോണ്ട ആസ്ട്രേലിയൻ എ ലീഗ് ക്ലബായ മെൽബൺ വിക്ടറിയുമായി ഇൗ മാസം ആദ്യം കരാറിലെത്തിയിരുന്നു. എ ലീഗ് മത്സരങ്ങൾ നഷ്ടപ്പെടുത്താതെ ഫിഫ അന്താരാഷ്ട്ര കലണ്ടർ പ്രകാരമുള്ള ദിനങ്ങളിൽ മാത്രമാണ് ഹോണ്ട കംബോഡിയൻ ടീമിനൊപ്പം ചേരുക.
ക്ലബ് കരിയറിൽ എ.സി മിലാൻ, സി.എസ്.കെ.എ മോസ്കോ എന്നിവക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ഹോണ്ട 2016ൽ ഫനൊംപെനിൽ ഫുട്ബാൾ അക്കാദമിയും സ്ഥാപിച്ചിരുന്നു. 1972ലെ ഏഷ്യൻ കപ്പിൽ നാലാം സ്ഥാനം നേടിയത് മാത്രമാണ് ഫിഫ റാങ്കിങ്ങിൽ 166ാം സ്ഥാനക്കാരായ കംബോഡിയയുടെ എടുത്തുപറയത്തക്ക മികച്ച പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.