ഹോചിമിൻ (വിയറ്റ്നാം): കോവിഡിനെ ഭയന്ന് ലോകം വീടുകളിലേക്ക് ഒതുങ്ങിയതും കളിമൈതാനങ്ങളിൽ നിന്നും കാണികളെ ഒഴിവാക്കിയതൊന്നും വിയറ്റ്നാമിൽ അറിയില്ലെന്ന് തോന്നുന്നു. കാരണം, ജനങ്ങൾ തിങ്ങിനിറയുന്ന ഫുട്ബാൾ മൈതാനങ്ങൾ അവിടെ പഴയപടിതന്നെ.
കോവിഡ് വ്യാപനത്തിനിടെ മാർച്ചിൽ നിർത്തിവെച്ച വിയറ്റ്നാം ലീഗ് ഫുട്ബാൾ വെള്ളിയാഴ്ച പുനരാരംഭിച്ചപ്പോൾ കാണികളെക്കൊണ്ട് ഗാലറി തിങ്ങിനിറഞ്ഞു.
മാസ്കോ, സാമൂഹിക അകലമോ ഉൾപ്പെടെ കോവിഡ് മുൻകരുതലുകളൊന്നുമില്ലാതെയായിരുന്നു കാണികളെത്തിയത്. കോവിഡ് വ്യാപനം പിടിച്ചുകെട്ടിയെന്ന ആത്മവിശ്വാസത്തിലാണ് പതിവ് പോലെ കളി നടത്താൻ വിയറ്റ്നാം സർക്കാർ അനുമതി നൽകിയത്. സ്റ്റേഡിയത്തിന് പുറത്ത് താപനില പരിശോധിച്ച് മാത്രമേ പ്രവേശിപ്പിക്കൂവെന്നും, മാസ്ക് അണിയണമെന്നുമെല്ലാം സംഘാടകർ നിർദേശിച്ചിരുന്നെങ്കിലും കാണികളിൽ ഭൂരിഭാഗവും മുൻകരുതലുമില്ലാതെയാണ് കളി കണ്ടത്.
10 കോടി ജനങ്ങളുള്ള രാജ്യത്ത് 328 കോവിഡ് കേസുകളാണുള്ളത്. ഇതുവരെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയുമായി അതിർത്തി പങ്കിടുന്ന വിയറ്റ്നാമിെൻറ കോവിഡ് പ്രതിരോധം ഏറെ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.