ലണ്ടൻ: ഇംഗ്ലണ്ട് ജഴ്സിയിൽ അവസാന മത്സരത്തിനൊരുങ്ങുന്ന വെയ്ൻ റൂണിക്ക് യാത്രനൽകാനൊരുങ്ങി ഫുട്ബാൾ ആരാധകർ. അമേരിക്കക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിച്ചാണ് എക്കാലത്തെയും ടോപ് സ്കോറർക്ക് രാജ്യം യാത്രയയപ്പൊരുക്കുന്നത്. രണ്ടു വർഷം മുമ്പ് ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് റൂണി അവസാനമായി ഇംഗ്ലണ്ടിനുവേണ്ടി ബൂട്ടണിഞ്ഞത്.
റഷ്യൻ ലോകകപ്പിനു മുമ്പായി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതിനൊടുവിലാണ് പ്രിയപ്പെട്ട വെംബ്ലി സ്റ്റേഡിയത്തിൽ മുൻ സൂപ്പർതാരത്തിന് ഒരിക്കൽകൂടി ഇംഗ്ലീഷ് ജഴ്സി നൽകി വീരോചിത വിടവാങ്ങലിന് ഫുട്ബാൾ അസോസിയേഷൻ മനസ്സുകാണിച്ചത്. റൂണിയുടെ 120ാം രാജ്യാന്തര മത്സരമാണിത്. അവസാന മത്സരത്തിൽ സ്പെയിനിനെ അവരുടെ നാട്ടിൽ 3-2ന് തോൽപിച്ച് വമ്പൻ ഫോമിലാണ് ഇംഗ്ലണ്ട്. വിരമിക്കാനുള്ള തീരുമാനം തെറ്റായെന്ന് തോന്നുന്നില്ലെന്നും യുവതാരങ്ങൾ ഏറെ വളർന്നുവരുന്നത് ഇംഗ്ലീഷ് ഫുട്ബാളിന് പ്രതീക്ഷയാണെന്നും റൂണി മാധ്യമങ്ങളോട് പറഞ്ഞു.
‘‘ഒരിക്കൽകൂടി ഇംഗ്ലീഷ് ജഴ്സിയിൽ മടങ്ങിയെത്താനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന് അവസരം നൽകിയ ഫുട്ബാൾ അേസാസിയേഷന് നന്ദി. ലോക കിരീടത്തിൽ മുത്തമിടാൻ കഴിയാത്തതിൽ സങ്കടമുണ്ട്. രാജ്യത്തിനായി സർവതും സമർപ്പിച്ച് കളിച്ചു. ഒരു താരത്തിന് വിടവാങ്ങാനുള്ള അവസരമൊരുക്കുന്നത് സമീപകാലത്തായി ആദ്യമാണ്. പല പ്രമുഖർക്കും അത്തരത്തിലുള്ള അവസരം ലഭിച്ചിട്ടില്ല. ഇതൊരു നല്ല തുടക്കമാണ്. ഇൗ കീഴ്വഴക്കം ഇനിയും തുടരണം’’ - മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഇതിഹാസ താരമായിരുന്ന റൂണി പറഞ്ഞു.
2003ൽ ദേശീയ ടീമിൽ അരങ്ങേറിയ റൂണി 119 മത്സരങ്ങളിൽ 53 ഗോളുകൾ നേടിയിട്ടുണ്ട്. റൂണിക്ക് മടങ്ങിവരാൻ അവസരം നൽകിയതിൽ, ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പീറ്റർ ഷിൽട്ടൺ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഉപഹാരംപോലെ നൽകാനുള്ളതല്ല ദേശീയ ടീമിലേക്കുള്ള അവസരമെന്ന് താരം കുറ്റപ്പെടുത്തി. മറ്റു സൗഹൃദമത്സരങ്ങളിൽ േപാളണ്ട് ചെക് റിപ്പബ്ലിക്കിനെയും ജർമനി റഷ്യയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.