ലോകകപ്പ് എന്ന ദൃശ്യവിസ്മയം വാക്കുകളുടെ പ്രതിഫലനം ആകണമെങ്കിൽ അതിൽ കളിക്കളം കാൻവാസാക്കി ചിത്രമെഴുതി മുന്നേറുന്ന ലാറ്റിനമേരിക്കൻ ടീമുകളായ അർജൻറീനയും വേണം. എന്നാൽ, ഇത്തവണ യോഗ്യത മത്സരങ്ങളുടെ തുടക്കത്തിൽ ടീമിന് കാലിടറിയിരുന്നു. നാല് മത്സരങ്ങൾ വിജയിക്കാൻ കഴിയാതെ പോയതോടെ ഗ്രൂപ്പിൽനിന്ന് നിലവിലെ രണ്ടാം സ്ഥാനക്കാർ കൊഴിഞ്ഞുപോകുമെന്ന് കരുത്തപ്പെട്ട ഘട്ടത്തിൽ കാൽപന്തിെൻറ മിശിഹയായ ലയണൽ മെസ്സി അവരെ അർഹമായ സ്ഥാനത്ത് എത്തിക്കുകയായിരുന്നു. ഗ്രൂപ് ഡിയിൽ അവർക്കൊപ്പമുള്ളത് യൂറോപ്യൻ വിസ്മയങ്ങളായ, ഹിമപുത്രന്മാരായ ഐസ്ലൻഡ്, യൂഗോസ്ലാവ്യൻ ഫുട്ബാളിെൻറ അനന്തരാവകാശികളായ ക്രൊയേഷ്യ, പിന്നെ സന്നാഹമത്സരത്തിൽ അർജൻറീനയെ നാണംകെടുത്തിയ ആഫ്രിക്കയിൽനിന്നുള്ള കരുത്തിെൻറ പ്രതീകങ്ങളായ നൈജീരിയ എന്നീ വൻ ശക്തികളാണ്.
അർജൻറീന
വിശേഷണങ്ങൾക്കൊക്കെ അപ്പുറമായ ലോകത്തിലെ മികച്ച പന്ത് കളിക്കാരനുള്ള ബാലൻ ഡി ഒാർ അഞ്ചുതവണ നേടിയ മെസ്സി തന്നെയാണ് ‘ലെ ആൽബിസെലസ്റ്റ’യുടെ ആത്മാവ്. ഒറ്റക്ക് അവരെ ഫൈനൽ റൗണ്ടിലേക്ക് നയിച്ച ഫുട്ബാൾ മിശിഹക്ക് അവരെ കപ്പ് വിജയത്തിലേക്ക് നയിക്കാനാവുമോ എന്നതാണ് ഈ ലോകകപ്പിെൻറ മില്യൻ ഡോളർ ചോദ്യം.
പരിക്കുപറ്റിയ സെർജിയോ അഗ്യൂറോക്ക് സമയത്തിന് ഫോമിലെത്തുവാനായാൽ എയ്ഞ്ചൽ ഡി മരിയക്കും പൗളോ ഡിബാലക്കും ഒപ്പം മുന്നേറ്റനിരയിൽ ശക്തമായ സാന്നിധ്യമാകാനാകും. എന്നിരുന്നാലും യോഗ്യത റൗണ്ടിലെ 18 മത്സരങ്ങളിൽ വെറും 19 ഗോളുകൾ മാത്രം അടിച്ച അവരുടെ മുന്നേറ്റ നിര ഏറെ മാറേണ്ടതുണ്ട്. അെല്ലങ്കിൽ കടുകട്ടി ഡിഫൻസുള്ള നൈജീരിയക്കും ക്രൊയേഷ്യക്കും മുന്നിൽ വിയർക്കേണ്ടിവരും.
ഐസ്ലൻഡ്
കഴിഞ്ഞ യൂറോകപ്പിലെ ത്രസിപ്പിക്കുന്ന ടീം ആയിരുന്നു ഐസ്ലൻഡ്. ഇംഗ്ലണ്ടിനെതിരെ കൂസലില്ലാതെ അവർ കെട്ടഴിച്ചുവിട്ട ഫുട്ബാൾ ചങ്കുറപ്പിെൻറ കളിയായി വാഴ്ത്തപ്പെട്ടു. നാലാം മിനിറ്റിൽ വീണ ഗോൾ രണ്ടു മിനിറ്റിനകം തിരിച്ചുകൊടുത്ത് അവർ കളം നിറഞ്ഞു കളിച്ചപ്പോൾ എതിരാളികൾ വിരണ്ടുനിന്നുപോയി. വിജയ ഗോൾ കൂടി നേടിയിട്ടേ മഞ്ഞുമനുഷ്യരുടെ ഫുട്ബാൾ താണ്ഡവം അവസാനിച്ചുള്ളൂ. അവരാണ് ജൂൺ 16ന് ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ അർജൻറീനയെ നേരിടുന്നത് എന്നത് ലാറ്റിനമേരിക്കക്കാരുടെ ഹൃദയമിടിപ്പിന് വേഗതയേറ്റും. 2012 മുതൽ പ്രീമിയർ ലീഗിൽ കളിക്കുന്ന എവർട്ടണിെൻറ ഗിൽഫി സിഗൂഡ്സൺ, ഫ്രാൻസിലെ നാൻസിന് കളിക്കുന്ന കോൾബെയെൻ സിഗ്ബ്രൂസൺ, ജർമനിയിലെ ഔഗൂസ്ബുർഗിെൻറ ആൽഫ്രഡ് ഫിബോഗ്സൺ എന്നിവരാണ് ഐസ്ലൻഡിെൻറ കളി നിയന്ത്രിക്കുന്നത്.
ക്രൊയേഷ്യ
അപകടകാരികളായ ശക്തികൾ എന്ന വിശേഷണമാണ് യൂഗോസ്ലാവ്യയുടെ തിരുശേഷിപ്പുകാരായ ക്രൊയേഷ്യക്കാർക്കുള്ളത്. അരങ്ങേറ്റത്തിൽ തന്നെ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ദാവോർ സൂക്കറിെൻറ നാട്ടുകാർ അഞ്ചാം ലോകകപ്പിനെത്തുന്നത് ഏറെ കരുത്തോടെയാണ്. റയൽ മഡ്രിഡിെൻറ സൂപ്പർ സ്റ്റാർ ലൂക്ക മോഡ്രിച്ചും ബാഴ്സലോണയുടെ ഇവാൻ റാകിടിച്ചും മുന്നേറ്റനിരയിൽ കലീനിച്ചും മാൻസൂകിച്ചും പിന്നെ വല കാക്കാൻ ക്ലീനിച്ചും കൂടിയായാൽ അവരുടെ കരുത്ത് ഉൗഹിക്കാവുന്നതേയുള്ളൂ.
നൈജീരിയ
സൂപ്പർ ഈഗിൾസിന് ഇതുവരെ കളിച്ച ലോകകപ്പിലൊന്നും അവസാന 16ൽ പോലും എത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, അവരുടെ വൻകരയിൽ അവർ രാജാക്കന്മാരാണ്. മൂന്നു തവണ അവർ വൻകരയുടെ ചാമ്പ്യന്മാരായിരുന്നു. അതിനേക്കാൾ ഇത്തവണ നൈജീരിയയെ അപകടകാരികളാക്കുന്നത് അവസാന സൗഹൃദ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന അർജൻറീനയെ 90 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും തുരുതുരാ നാല് ഗോളുകൾ അടിച്ച് നിഷ്പ്രഭരാക്കി എന്നതാണ്. പ്രീമിയർ ലീഗിൽ കളിക്കുന്ന വമ്പന്മാരായ കെലേച്ചി ഇഹനാച്ചോ (ലെസ്റ്റർ സിറ്റി), അലക്സ് ഇവോബി (ആഴ്സനൽ), അഹമ്മദ് മൂസ (സി.എസ്.കെ.എ മോസ്കോ) എന്നിവർ അവർക്ക് മുതൽക്കൂട്ടാകും.
പ്രവചനം
അർജൻറീനയും ക്രൊയേഷ്യയും തന്നെയാകും അടുത്ത റൗണ്ടിൽ എത്തുന്ന ടീമുകൾ. എന്നാൽ, അർജൻറീനയെ സൗഹൃദമത്സരത്തിൽ വീഴ്ത്തിയ പ്രകടനം ആവർത്തിക്കാനായാൽ നൈജീരിയയെയും യൂറോ കപ്പ് പ്രകടനം കാഴ്ചവെച്ചാൽ െഎസ്ലൻഡിനെയും എഴുതിത്തള്ളാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.