മഡ്രിഡ്: റയൽ മഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടം സമ്മാനിച്ചതിന് പിന്നാലെ ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് പരിശീലകൻ സിനദിൻ സിദാൻ പടിയിറങ്ങി. ക്ലബ് പ്രസിഡൻറ് ഫ്ലോറൻറീനോ പെരസിനൊപ്പം വ്യാഴാഴ്ച തിരക്കിട്ട് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിലായിരുന്നു സിദാെൻറ അപ്രതീക്ഷിത പ്രഖ്യാപനം.
‘‘അടുത്ത സീസണിൽ റയൽ മഡ്രിഡിെൻറ പരിശീലകനായി ഞാനുണ്ടാവില്ല. ഇത് പലരെയും അത്ഭുതപ്പെടുത്തുന്ന വിചിത്ര തീരുമാനമായിരിക്കുമെന്നറിയാം. എന്നാൽ, ഇതാണ് ശരിയായ തീരുമാനമെന്ന് കരുതുന്നു. ജയിച്ചുകൊണ്ടേയിരിക്കാനാണ് ഇൗ ടീമിനിഷ്ടം. മൂന്നുവർഷത്തെ അനുഭവത്തിനുശേഷം ഒരുമാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കുന്നു. ഞാൻ സ്നേഹിക്കുന്ന ക്ലബാണിത്. ഞാൻ സ്നേഹിക്കുന്ന പ്രസിഡൻറും. അദ്ദേഹമാണ് എന്നെ ഇൗ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. അതിനുള്ള നന്ദി എന്നുമുണ്ടാവും’’ -സിദാൻ പറഞ്ഞു.
തുടർച്ചയായ മൂന്നുവർഷം ചാമ്പ്യൻസ് ലീഗിൽ ജേതാക്കളായെങ്കിലും രണ്ട് സീസണുകളിലും ലാ ലിഗയിൽ ടീം പിന്നാക്കം പോയതിനാൽ സിദാനെ റയൽ മഡ്രിഡ് ഒഴിവാക്കുകയാണോ എന്ന സംശയമുയർന്നെങ്കിലും തീരുമാനം തേൻറതുമാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഇത് പൂർണമായും എെൻറ തീരുമാനമാണ്. പലർക്കും അത് മനസ്സിലാവില്ലെന്നറിയാം. പക്ഷേ, ഞാൻ ആലോചിച്ചെടുത്ത തീരുമാനമാണിത്. മാറ്റത്തിന് സമയമായിരിക്കുന്നു’’ -സിദാൻ പറഞ്ഞു.
റാഫേൽ ബെനിറ്റസിന് പകരം 2016 ജനുവരിയിലാണ് സീസണിെൻറ മധ്യത്തിൽ സിദാൻ റയൽ മഡ്രിഡ് പരിശീലകനായെത്തുന്നത്. 149 മത്സരങ്ങളിൽ ടീമിന് തന്ത്രങ്ങളോതിയ അദ്ദേഹം 105 എണ്ണത്തിലും ജയത്തിലേക്ക് നയിച്ചു. രണ്ടര വർഷത്തിനിടെ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് വീതം ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് ട്രോഫിയും ഒാരോ ലാ ലിഗ കിരീടവും സ്പാനിഷ് സൂപ്പർ കപ്പും സാൻറിയാഗോ ബെർണബ്യൂവിലേക്കെത്തിക്കാനും സിസുവിനായി. 2017ൽ ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്കാരവും റയൽ വഴി സിദാനെ തേടിയെത്തി.
2001-2006 കാലത്ത് റയൽ ജഴ്സിയിൽ 155 മത്സരങ്ങൾ കളിച്ച് 37 ഗോളുകൾ േനടിയിരുന്ന സിദാൻ 2013-14 സീസണിൽ ടീമിെൻറ കോച്ചായിരുന്ന കാർലോ ആൻസലോട്ടിയുടെ സഹപരിശീലകനായാണ് കോച്ചിെൻറ കുപ്പായമിട്ട് തുടങ്ങിയത്. തുടർന്ന് രണ്ട് സീസണുകളിൽ റയൽ മഡ്രിഡ് ബി ടീമായ കാസ്റ്റില്ലയുടെ പരിശീലകനായിരുന്ന സിദാനെ 2016 തുടക്കത്തിൽ സീനിയർ ടീമിെൻറ പരിശീലകനായി നിയമിക്കുകയായിരുന്നു.
സിദാൻ @ റയൽ
മത്സരം-149
ജയം-104
സമനില-29
തോൽവി-16
വിജയ ശതമാനം-69.80
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.