ബംഗളൂരു: വോളിബോള്‍ ദേശീയ ടീം മുന്‍ പരിശീലകന്‍ അച്യുതക്കുറുപ്പ് (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗളൂരുവിലായിരുന്നു അന്ത്യം. 1986ല്‍ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. സര്‍വീസസിന് വേണ്ടി കളിച്ചിട്ടുള്ള അച്യുതക്കുറുപ്പ് വിരമിച്ച ശേഷം കോച്ചിങ്ങിൽ പരിശീലനം നേടി.
സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ സായി ആരംഭിക്കുന്നതിന് വേണ്ടി മുന്‍കയ്യെടുത്തവരില്‍ പ്രധാനിയായിരുന്നു അച്യുതക്കുറുപ്പ്. 1986ലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അച്യുതക്കുറുപ്പ് എത്തുന്നത്. 1989 ല്‍ ജപ്പാനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യ വെള്ളി നേടിയത് അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിലായിരുന്നു. 1982 ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമിന്റെ പരിശീലകസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1987,89 വര്‍ഷങ്ങളിലെ സാഫ് ഗെയിംസില്‍ പുരുഷ ടീമിന്റെ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1988ല്‍ അച്യുതക്കുറുപ്പിനെ 1990ലെ ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകരായി വോളിബോള്‍ ഫെഡറേഷന്‍ നിയമിച്ചിരുന്നു. എന്നാല്‍ ഫെഡറേഷനുമായുള്ള ഭിന്നതകള്‍മൂലം 90ന് മുമ്ബുതന്നെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. പഞ്ചാബ് സ്വദേശിനിയായ കുസും ആണ് ഭാര്യ. ആനന്ദക്കുറുപ്പ്, അനുരാധ എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.