കോഹ്‌ലിയും ബോളർമാരും വാണു; ഇന്ത്യക്ക് 37 റൺസ് വിജയം

അഡ ലെയ്ഡ്: റിപബ്ലിക് ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമന് മധുര വിജയം. ആദ്യ ട്വൻറി- 20 മത്സരത്തിൽ 37 റൺസിനാണ് ഇന്ത്യ വിജയം കൊയ്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 0- 1ന് മുമ്പിലെത്തി. ഇന്ത്യ ഉയർത്തിയ 189 റൺസ് പിന്തുടർന്ന ഒാസീസ് നിരയിൽ 19.3 ഒാവറിൽ 151 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് സിങ് ബുംമ്രയും ഇരു വിക്കറ്റ് വീതം വീഴ്ത്തിയ ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരുമാണ് കംഗാരുക്കളെ എറിഞ്ഞ് വീഴ്ത്തിയത്. നെഹ്റ ഒരു വിക്കറ്റെടുത്തു.

താരതമ്യേന അടിച്ചെടുക്കാനാവുന്ന സ്കോറായിട്ടും ഒാസീസ് ബാറ്റ്സ്മാൻമാർക്ക് ക്രീസിൽ അധിക നേരം നിൽക്കാനായില്ല. ഒാപണിറങ്ങിയ ആരോൺ ഫിഞ്ച്(44), സ്റ്റീവൻ സ്മിത്ത്( 21) എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. ഡേവിഡ് വാർണർ (17), ക്രിസ് ലീൻ (17), ഷെയ്ൻ വാട്ടസൺ (12) എന്നിവർ പെട്ടന്ന് പുറത്തായി. ട്രാവിസ് ഹെഡ് (2), മാത്യൂ വെഡ് (5), കെയ്ൻ റിച്ചാർഡ്സൺ (9) കാമറോൺ ബോയ്സ് എന്നിവർക്ക് രണ്ടക്കം പോലും കടക്കാനായില്ല.

ഉപനായകൻ വിരാട് കോഹ്ലിയുടെ ( 90 )മിന്നും ഫോം മികവിലാണ് ഇന്ത്യനാലു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തത് 55 പന്തിൽ രണ്ട് സികസും 9 ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. രോഹിത് ശർമ്മ (31) യും ശിഖർ ധവാനും തുടക്കമിട്ട ഇന്നിങ്സിന് തുടക്കക്കിൽ തന്നെ ഷെയ്ൻ വാട്ട്സൺ മുറിവേൽപിച്ചു. നാലാം ഒാവറിൽ രോഹിതിനെയും മൂന്നു  പന്തുകൾക്കപ്പുറം ശിഖർ ധവാനെയും വാട്ട്സൺ പറഞ്ഞയച്ചു. പിന്നീടെത്തിയ കോഹ്ലി റെയ്നക്കൊപ്പം ചേർന്ന് സ്കോർ പതിയെ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന സഖ്യം 14.3 ഒാവറിൽ 134 റൺസെടുത്തു. അവസാന ഒാവറിൽ റെയ്നയുടെ പുറത്താകലിനു ശേഷം ക്യാപ്റ്റൻ ധോണിയെ (11) മറുവശത്താക്കിയാണ് കോഹ്ലി സ്കോറിങ് വർദ്ധിപ്പിച്ചത്.

രോഹിത് ശർമ്മയുടെ വിക്കറ്റ് വീഴ്ത്തിയ ഷെയ്ൻ വാട്ട്സണെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
 

നേരത്തേ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും പേസർ ജസ്പ്രീത് സിങും ഇന്ത്യക്കായി അരങ്ങേറി. അതേ സമയം ഇരു ടീമീലും രണ്ടു പേർ അഞ്ച് വർഷത്തിനു ശേഷം രാജ്യത്തിനായി കളത്തിലിറങ്ങി. ഇന്ത്യക്കായി ആശിഷ് നെഹ്റയും ആസ്ട്രേലിയക്കായി ഷോൺ ടെയ്റ്റുമാണ് ഗ്രൗണ്ടിലെത്തിയത്.  2011ലാണ് ഇരുവരും അവസാനമായി കളിച്ചത്. വെടിക്കെട്ട് താരം യുവരാജ് സിങും ഇന്ത്യൻ ടീമിലെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.