ആ​വേ​ശ​ത്തി​ന്​ തീ​പിടി​ക്കാ​ൻ ഇ​നി 200 ദി​നം

ദോഹ: കാൽപന്തു ലോകം അക്ഷമയോടെ കാത്തിരിക്കുന്ന മഹാമേളയുടെ കിക്കോഫിന് ഇനി 200 നാൾ ദൂരം. ഒരുക്കമെല്ലാം നേരത്തേ പൂർത്തിയാക്കി, ഇനി പന്തുരുളാൻ മാത്രമുള്ള നാളെണ്ണലാണ് ഖത്തറിന്. ലോകകപ്പ് ഫുട്ബാളും, ഒളിമ്പിക്സും ഉൾപ്പെടെ വിശ്വാകായികമാമാങ്കങ്ങളുടെ ചരിത്രത്തിലൊന്നുമില്ലാത്ത വിധം അച്ചടക്കത്തോടെ നിർമാണ പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും പൂർത്തിയാക്കിയാണ് ഖത്തർ ലോകത്തെ കളിമൈതാനങ്ങളിലേക്ക് ക്ഷണിക്കുന്നത്. മത്സരങ്ങൾക്കുള്ള എട്ടിൽ ഏഴ് സ്റ്റേഡിയങ്ങളിലും കളിയാവേശം ഇതിനകം പലതവണ പന്തുതട്ടി കഴിഞ്ഞതാണ്. പ്രഥമ ഫിഫ അറബ് കപ്പും, ഫിഫ ക്ലബ് ലോകകപ്പും സൗഹൃദ മത്സരങ്ങളും ഉൾപ്പെടെ വിവിധ ലോകോത്തര മത്സരങ്ങൾക്കാണ് സ്റ്റേഡിയങ്ങൾ വേദിയായത്. ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയം, അൽ തുമാമ, അൽ ബെയ്ത്, സ്റ്റേഡിയം 974, അഹമ്മദ് ബിൻ അലി, അൽ ജനൂബ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളാണ് എല്ലാ പ്രൗഢിയും ഇതിനകം വിളംബരം ചെയ്തു കഴിഞ്ഞത്. എല്ലാം പൂർത്തിയാക്കി കഴിഞ്ഞ ഖത്തറിന് ഇനി റോഡുകൾ ഉൾപ്പെടെ ഏതാനും മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുള്ളത്. ഒപ്പം നിരവധി ഫാൻ പ്രമോഷൻ പരിപാടികളും അണിയറയിൽ സജീവമായുണ്ട്.

ഉദ്ഘാടനം കാത്ത് ലുസൈൽ

ലോകകപ്പിന്‍റെ ഏറ്റവും മനോഹര വേദികളിലൊന്നാണ് ലുസൈൽ സ്റ്റേഡിയം. ഡിസംബർ 18ന് നടക്കുന്ന ഫൈനൽ മത്സരത്തിന്‍റെ വേദിയായ ലുസൈലിന്‍റെ നിർമാണങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കി ഉദ്ഘാടനത്തിന് കാത്തിരിക്കുകയാണ് സ്വർണക്കൂടാരംപോലെ തല ഉയർത്തി നിൽക്കുന്ന ഈ കളിമുറ്റം. ലോകകപ്പിന് മുന്നോടിയായി പ്രഗല്ഭരായ ഏതെങ്കിലും ടീമുകളുടെ സൗഹൃദ മത്സരത്തിന് വേദിയൊരുക്കി ഖത്തറിന്‍റെ തിലകമായ കളി മൈതാനം ലോകത്തിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.

ഇതോടൊപ്പം ജൂൺ മുതൽ നിരവധി രാജ്യാന്തര മത്സരങ്ങൾക്കാണ് ഖത്തർ വേദിയാവുന്നത്. ലോകകപ്പിന്‍റെ ഗ്രൂപ് റൗണ്ടിലേക്ക് ഇനിയും നിശ്ചയിക്കപ്പെടാൻ ബാക്കിയുള്ള മൂന്നു സ്ഥാനങ്ങളിലേക്കുള്ള ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫിനും ദോഹ വേദിയാവും.

ഗാലറി മലയാളിമയമാവും

92 വർഷത്തെ ചരിത്രമുള്ള ഫിഫ ലോകകപ്പിൽ ഗാലറിയിൽ ഏറ്റവും അധികം മലയാളം മുഴങ്ങുന്ന ലോകകപ്പായിരിക്കും ഇക്കുറി. തൊഴിൽ തേടിയെത്തിയ പ്രവാസി മലയാളികളും കേരളത്തിൽനിന്നും ടിക്കറ്റെടുത്ത് വരുന്നവരുമായി ഗാലറി മലയാളമയമാവും. ഇതിനു പുറമെ, ലോകകപ്പിന്‍റെ സംഘാടനത്തിന്‍റെ ഭാഗമായി വലിയൊരു വിഭാഗം പ്രവാസി മലയാളികളുമുണ്ട്. 20,000 ത്തോളം വളന്റിയർമാരെ ലോകകപ്പ് സേവനങ്ങൾക്കായി വേണമെന്നാണ് ഫിഫ ആവശ്യപ്പെട്ടത്. വളന്റിയർ രംഗത്ത് സജീവമാകാൻ പ്രവാസികളോട് അടുത്തിടെ ഖത്തർ തൊഴിൽ മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.

ലോകകപ്പിന്‍റെ രണ്ടു ഘട്ട ടിക്കറ്റ് വിൽപനക്ക് ഏപ്രിൽ 28ഓടെ അവസാനമായി. ആദ്യ ഘട്ടത്തിൽ 1.70 കോടി പേരാണ് ടിക്കറ്റിന് അപേക്ഷിച്ചത്. അവരിൽ 8.04 ലക്ഷം പേർക്ക് ടിക്കറ്റ് ലഭിച്ചു. ടീം നറുക്കെടുപ്പ് കഴിഞ്ഞ ശേഷമുള്ള രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്ങിൽ 2.35 കോടി ടിക്കറ്റിനാണ് അപേക്ഷ ലഭിച്ചത്. ഇവരിൽനിന്നും നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അർഹരെ തെരഞ്ഞെടുക്കുന്നതാണ് രീതി. അർജന്‍റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സികോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബുക്കിങ്. ഡിസംബർ 18ന് നടക്കുന്ന ലോകകപ്പിന്‍റെ ഫൈനലിനാണ് ഏറ്റവും കൂടുതൽ അപേക്ഷകർ. അർജന്‍റീന - മെക്സികോ, അർജന്‍റീന -സൗദി അറേബ്യ, ഇംഗ്ലണ്ട് - അമേരിക്ക, പോളണ്ട് -അർജന്‍റീന മത്സരങ്ങൾക്കാണ് ഗ്രൂപ് റൗണ്ടിൽ ഏറെ ആവശ്യക്കാർ.

അൽ രിഹ്ലയും ലഈബും

ഔദ്യോഗിക പന്തായ അൽ രിഹ്ലയും ഭാഗ്യമുദ്രയായ ലഈബുമാണ് ഖത്തർ ലോകകപ്പിന്‍റെ അടയാളങ്ങൾ. യാത്ര, സഞ്ചാരം എന്ന അർഥത്തിലാണ് ഔദ്യോഗിക പന്തിനെ 'അൽ രിഹ്ല' എന്ന് വിളിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷതയോടെയാണ് 'അൽ രിഹ്ല' അവതരിപ്പിച്ചത്. 'നന്നായി കളിക്കുന്നവൻ' എന്ന അർഥത്തിലാണ് ഭാഗ്യമുദ്രയെ ലഈബ് എന്ന് വിളിച്ചത്.

Tags:    
News Summary - 2022 FIFA World Cup qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.