ലോകരാജ്യങ്ങളുടെ സൗഹൃദം കായിക മത്സരങ്ങളിലൂടെ ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ ഒളിമ്പിക്സുമെന്ന് ചരിത്രം പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ 2021ലേക്ക് നീട്ടിവെക്കേണ്ടിവന്ന ടോക്യോ 2020 ഒളിമ്പിക്സിെൻറ ദൗത്യവും അതുതന്നെ. മഹാമാരിയില്‍ പെട്ടുഴറുന്ന, അരക്ഷിതത്വം നിറഞ്ഞ ലോക സാഹചര്യത്തില്‍ ഒളിമ്പിക്സ് മുന്നോട്ടുവെക്കുന്ന അതിജീവന സന്ദേശം ഏറെ പ്രാധാന്യമർഹിക്കുന്നു.
ഇന്ന് ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ തിരിതെളിയുന്ന ഒളിമ്പിക്സിെൻറയും പാരാലിമ്പിക്സിെൻറയും മോട്ടോ 'യുനൈറ്റഡ് ബൈ ഇമോഷന്' എന്നതാണ്, വര്‍ത്തമാന കാലഘട്ടത്തിെൻറ ഏറ്റവും മികച്ച സന്ദേശം. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയും അത്യധികം വാശിയോടെയും മത്സരിക്കവെ തന്നെ രാജ്യങ്ങളെ പ്രതിനിധാനംചെയ്യുന്ന താരങ്ങൾ സ്നേഹത്തിെൻറ കൈകള്‍ പരസ്പരം കോര്ക്കുന്നിടത്താണ് ഒളിമ്പിക്സ് കേവലമൊരു കായിക മാമാങ്കം എന്നതിനപ്പുറമുള്ള പ്രസക്തി നേടുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷയിലാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെയോ, ഒരുവേള അതിനെക്കാള്‍ വിപുലമായോ ആണ് ജപ്പാനിൽ രണ്ടാംവട്ടം വിരുന്നെത്തുന്ന കായികമാമാങ്കത്തിെൻറ ഉദ്ഘാടന ചടങ്ങ് എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. സ്റ്റേഡിയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കാണികള്‍ ഇല്ലാതെ നടത്തപ്പെടുന്ന ആദ്യ ഒളിമ്പിക്സാണ് ഇത്തവണത്തേത്. 206 രാജ്യങ്ങളില്‍നിന്നുള്ള 11,091 അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. 67 പുരുഷന്മാരും 53 വനിതകളുമടക്കം 120 കായിക താരങ്ങളാണ് ഇന്ത്യൻ പതാകക്ക് പിന്നാലെ അണിനിരക്കുക. അത്ലറ്റിക്സില് കെ.ടി. ഇര്ഫാന്, മുരളി ശ്രീശങ്കര്‍, എം.പി. ജാബിര്‍, മുഹമ്മദ് അനസ്, നോഹ് നിര്‍മല്‍ ടോം, അലക്സ് അന്തോണി, ഹോക്കിയില്‍ പി.ആര്. ശ്രീജേഷ്, നീന്തലില്‍ സാജന് പ്രകാശ് എന്നീ മലയാളി താരങ്ങളും അക്കൂട്ടത്തിലുണ്ട് എന്നത് നമുക്കേവർക്കും അഭിമാനം പകരുന്നു. കോവിഡ് സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിെൻറ പരിമിതികൾക്കിടയിലും അവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിനൽകാൻ നമുക്കായി. മൂവർണ പതാക അവർ വാനോളമുയർത്തുമെന്ന് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നതിനൊപ്പം നാലുവർഷത്തിനുള്ളിൽ എത്തുന്ന അടുത്ത ഒളിമ്പിക്സിന് ഒരുപറ്റം മിടുക്കരെ രാജ്യത്തിനുവേണ്ടി ഒരുക്കിനൽകാനുള്ള പരിശ്രമങ്ങൾക്ക് ഇപ്പോൾ തന്നെ തുടക്കമിടുകയാണ് കേരള അത്ലറ്റിക്സ് അസോസിയേഷൻ.
പല രാജ്യങ്ങളും കുരുന്നുപ്രായത്തിൽതന്നെ താരങ്ങളെ തിരഞ്ഞുപിടിച്ച് നിരന്തരപരിശീലനത്തിന് വിധേയരാക്കി അന്താരാഷ്ട്ര മേളകളിലേക്ക് സജ്ജരാക്കാറുണ്ട്. എന്നാൽ, കുട്ടികള്‍ ചെറിയ പ്രായത്തില്‍തന്നെ മത്സരത്തില്‍ പങ്കെടുക്കുന്നത് അത്ര ഉചിതമല്ല എന്നാണ് നമ്മുടെ കാഴ്ചപ്പാട്. പകരം അവരുടെ അടിസ്ഥാന കഴിവുകള്‍ വികസിപ്പിക്കാന്‍ സ്കൂളുകളില്‍ പദ്ധതി നടപ്പാക്കാൻ അസോസിയേഷൻ മുൻകൈയെടുക്കും. സ്കൂള്‍തല കരിക്കുലത്തില്‍ സ്പോര്‍ട്സിന്, വിശേഷിച്ചും അത്ലറ്റിക്സിന് പ്രാമുഖ്യം ലഭിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട്. അതുവഴി കണ്ടെത്തുന്ന കുട്ടികള്‍ക്ക് ഒരു കൊല്ലത്തെ വര്‍ക് ഷെഡ്യൂള്‍ നല്‍കും. ഔട്ട്സ്റ്റാൻഡിങ് പെര്‍ഫോമന്‍സുള്ളവരെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കണ്ടെത്തി അസോസിയേഷന് സ്പോണ്സര് ചെയ്ത് പരിശീലിപ്പിക്കും. ലോകതലത്തില്‍ മത്സരിക്കാനാകുന്ന നിലയിലേക്ക് ഈ കുട്ടികളെ വളര്‍ത്തിയെടുക്കും. ഒപ്പം അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (എ.എഫ്.ഐ) വിവിധ പദ്ധതികള്‍ കേരളത്തിലും കൊണ്ടുവരും. മറ്റു സംസ്ഥാനങ്ങളിലുള്ളത്ര സൗകര്യങ്ങള്‍ കേരളത്തില്‍ ഇന്നും ഇല്ലെന്നത് പരമാർഥമാണ്. അസൗകര്യങ്ങള്‍ക്ക് നടുവിലാണ് നമ്മുടെ കുട്ടികള്‍ പരിശീലനം നടത്തുന്നത്. അതിന് കാതലായ മാറ്റം വരുത്തണം. കേരള അത്ലറ്റിക്സ് അസോസിയേഷന് വിഭാവനം ചെയ്യുന്ന അത്ലറ്റിക്സ് അക്കാദമി അത് ത്വരിതപ്പെടുത്തും. ഏഴ്, എട്ട് ക്ലാസുകളില്‍ ഫുട്ബാളും അത്ലറ്റിക്സും നന്നായി പ്രോത്സാഹിപ്പിക്കും. ഡ്രില്‍ ക്ലാസുകള്‍ വര്‍ധിപ്പിക്കും. കേരളത്തിലെ 14 ജില്ലകളിലും വ്യവസ്ഥാപിതമായ സമിതികളും ടെക്നിക്കല്‍ പ്രഫഷനലുകളും ഒഫീഷ്യലുകളും അടങ്ങിയ പ്രവര്‍ത്തന ശൃംഖല ഉപയോഗപ്പെടുത്തി ഇത് കുറ്റമറ്റരീതിയിൽ നടപ്പാക്കാനും സാധിക്കും.
നേട്ടങ്ങൾ സ്വപ്നം കാണാനുള്ളവ മാത്രമല്ല, സ്വന്തമാക്കാൻ കൂടിയുള്ളതാണ്. അവസാന സെക്കൻഡുവരെയും അതിനായി ഉൽക്കടമായി നാം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കും- അതാണല്ലോ യഥാർഥ സ്പോർട്സ് പേഴ്സൺ സ്പിരിറ്റ്!
(കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന് പ്രസിഡൻറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.