ലണ്ടൻ: മൈതാനങ്ങളെ തീപിടിപ്പിച്ച് കളി മികവിന്റെ തമ്പുരാനായി സിംഹാസനമേറി നിൽക്കെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വന്നുവിളിച്ചിട്ടും ഒന്നും സംഭവിക്കാത്തവനായി തിരികെയെത്തിയ എറിക്സണ് ഇനിയും കളിക്കണം. നവംബറിൽ ആരംഭിക്കുന്ന ഖത്തർ ലോകകപ്പിൽ ഡെന്മാർക് ജഴ്സിയണിയുകയാണ് ലക്ഷ്യമെന്ന് 29കാരൻ പറയുന്നു.
കഴിഞ്ഞ ജൂണിൽ യൂറോകപ്പ് മത്സരത്തിനിടെയായിരുന്നു കാൽപന്തു ലോകത്തെ നടുക്കിയ സംഭവം. കളി പുരോഗമിക്കുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണ എറിക്സണ് അടിയന്തര ചികിത്സ നൽകി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃത്രിമ ഉപകരണം ശരീരത്തിൽ ഘടിപ്പിച്ച് വിശ്രമ ജീവിതം തുടരുന്ന താരം പിന്നീട് ഇതുവരെ മുൻനിര മത്സരങ്ങളിൽ ഇറങ്ങിയിട്ടില്ല. അതുവരെയും കളിച്ച ഇറ്റാലിയൻ ടീമുമായി കരാർ അവസാനിപ്പിക്കുകയും ചെയ്തു. ഇനിയും ദേശീയ ടീമിനായി കളിക്കണമെന്നുണ്ടെങ്കിലും സെലക്ഷൻ ലഭിക്കുമോ എന്ന കാര്യത്തിൽ താരത്തിന് സംശയമുണ്ട്. നീണ്ട നാൾ വലിയ കളികളിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ അത് സാധ്യമാകുമോ എന്നതാണ് പ്രശ്നം. തന്റെ ക്ലബായ ഒഡെൻസിനൊപ്പം പരിശീലനം തുടരുന്നുണ്ട്. സ്വിസ് ക്ലബ് ചിയാസോയിലും പരിശീലനത്തിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.