മലപ്പുറം: കളിശൈലിയിലും ശരീരപ്രകൃതിയിലും ഡീഗോ മറഡോണയെ അനുസ്മരിപ്പിക്കുന്നൊരാളുണ്ട് മമ്പാട്ട്. പന്തടക്കവും പന്തുമായി അതിവേഗത്തിലുള്ള ഓട്ടത്തിനിടെ എതിരാളികളെ ഒന്നൊന്നായി വകഞ്ഞുമാറ്റാനും ഇടക്ക് തന്ത്രപൂർവം ഗോളടിക്കാനും സഹകളിക്കാരെക്കൊണ്ട് സ്കോർ ചെയ്യിപ്പിക്കാനും ആസിഫ് സഹീറിെൻറ കഴിവ് സാക്ഷാൽ മറഡോണയെപ്പോലെ.
കുഞ്ഞുനാളിൽ കൂട്ടുകാർ തുടങ്ങിയ മറഡോണ വിളി പിന്നീട് മമ്പാട് മറഡോണയും മലപ്പുറം മറഡോണയും കടന്ന് കേരള മറഡോണയിലെത്തി. ഫുട്ബാൾ കുടുംബത്തിൽ ജനിച്ച ആസിഫിന് ഏറ്റവും വലിയ പ്രചോദനമായത് ടെലിവിഷൻ സ്ക്രീനിൽ കണ്ട ഇതിഹാസത്തിെൻറ കളികൾ തന്നെ. മറഡോണയെപ്പോലെ കളിക്കണം, ഡ്രിബിൾ ചെയ്യണം, ഗോളടിക്കണം എന്നൊക്കെയായിരുന്നു സ്വപ്നം.
വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹം കണ്ണൂരിൽ വന്ന് നേരിട്ട് കാണാൻ അവസരം ലഭിച്ചപ്പോൾ സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി ഏറ്റവുമധികം ഗോളുകൾ അടിച്ചുകൂട്ടിയവരുടെ മുൻനിരയിലെത്തിയിരുന്നു ആസിഫ് സഹീർ.
അന്ന് മറഡോണ താമസിച്ച ഹോട്ടലിൽ തൊട്ടടുത്ത മുറിയിൽ മുൻ അന്താരാഷ്ട്ര താരങ്ങളായ ഐ.എം. വിജയൻ, യു. ഷറഫലി, ജോപോൾ അഞ്ചേരി, വി.പി. ഷാജി എന്നിവർക്കൊപ്പം രാത്രി തങ്ങി. ഇടക്ക് രണ്ടും കൽപ്പിച്ച് അടുത്തേക്ക് ചെന്നു. പക്ഷേ, സംസാരിക്കാനോ ഫോട്ടോയെടുക്കാനോ ഉള്ള മൂഡിലല്ലായിരുന്നു അദ്ദേഹം. നിരാശ തോന്നിയെങ്കിലും സമീപത്തുനിന്ന് കാണാനെങ്കിലും കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ മടങ്ങി.
മറഡോണയോടുള്ള പ്രിയം തന്നെയാണ് അർജൻറീനയെ ഇഷ്ട ടീമാക്കിയതെന്നും എസ്.ബി.ഐ ഉദ്യോഗസ്ഥനായ ആസിഫ് പറയുന്നു. ഇതിഹാസ താരത്തിെൻറ മത്സരങ്ങൾ ടി.വിയിൽ കണ്ടതാണ് ഇന്നും നിറംപിടിച്ച് നിൽക്കുന്ന ആദ്യ ലോകകപ്പ് ഓർമ. ഡീഗോയുടെ കളി കണ്ട പ്രചോദനത്തിൽ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചതുകൊണ്ട് തന്നെയാവണം മലയാളികളുടെയെങ്കിലും പ്രിയപ്പെട്ട താരമാവാൻ കഴിഞ്ഞതെന്നും കേരള മറഡോണയെന്ന വിളിപ്പേരാണ് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നും ആസിഫ് വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.