റോം: തൻെറ ശബ്ദം ശ്രവിച്ച് ഒമ്പത് മാസം നീണ്ട നിദ്രയിൽ നിന്നുണർന്ന് പുതുജീവിതത്തിലേക്ക് കടന്ന് വന്ന കൗമാരക്കാരിയായ ഫുട്ബാൾ താരത്തെ ഇറ്റാലിയൻ ഇതിഹാസം ഫ്രാൻസിസ്കോ ടോട്ടി സന്ദർശിച്ചു.
ലാസിയോ വനിത ടീം അംഗമായിരുന്നുവെങ്കിലും നഗരവൈരികളായ റോമയുടെ കടുത്ത ആരാധികയായിരുന്നു ഇലേനിയ മാറ്റിലിയെന്ന 19കാരി. കഴിഞ്ഞ ഡിസംബറിൽ കാർ അപകടത്തിലാണ് അബോധാവസ്ഥയിലായത്. അപകടത്തിൽ വാഹനം ഒാടിച്ച സുഹൃത്ത് മാർടിന ഓറ മരിച്ചിരുന്നു.
ചികിത്സ വേളയിൽ ഇലേനയുടെ മാതാപിതാക്കൾ സ്ഥിരമായി റോമയുടെ ഔദ്യോഗിക ഗാനം അവളെ കേൾപിക്കുമായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഇലേനിയയെ അഭിസംബോധന ചെയ്ത് ടോട്ടി വിഡിയോ സന്ദേശം അയച്ചത്. അത്ഭുതമെന്ന് പറയട്ടെ തൻെറ ഇഷ്ടതാരത്തെ സന്ദേശം കേട്ട അവൾ ഉറക്കമുണർന്നു.
അവളെ വിളിച്ച് റോമ ഇതിഹാസ താരം ഇങ്ങനെ പറഞ്ഞു 'ഇലേനിയ വിട്ടുകൊടുക്കരുത്. നിനക്കതിന് കഴിയും. ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട്'. തിങ്കളാഴ്ചയാണ് കോമയിൽ നിന്നുണർന്ന ഇലേനിയയെ കാണാനായി മുമ്പ് വാഗ്ദാനം ചെയ്ത പോലെ 43കാരനായ ടോട്ടി എത്തിയത്.
'അവൾ എന്നെ നോക്കി ചിരിച്ചു, എന്നെ കെട്ടിപ്പിടിച്ച ഉടനെ കരയാൻ തുടങ്ങി. ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടും ' -ഇലേനെയെ സന്ദർശിച്ച ശേഷം ടോട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചികിത്സയിൽ തുടരുന്ന ഇലേനക്ക് സംസാരശേഷി തിരിച്ചുകിട്ടിയിട്ടില്ല. എന്നാൽ ആംഗ്യ ഭാഷയിലൂടെയും ടാബ്ലെറ്റിലൂടെയും തനിക്ക് പറയാനുള്ള കാര്യങ്ങൾ പങ്കുവെക്കുകയാണിപ്പോൾ.
2006ൽ ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിൽ അംഗമായിരുന്ന ടോട്ടി 25 വർഷത്തെ സുദീർഘമായ കരിയറിൽ റോമക്കായാണ് ബൂട്ടണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.