തേഞ്ഞിപ്പലം: തോറ്റത് കോവിഡ് മഹാമാരിയാണ്. വൈറസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞവരും ഒരുവർഷത്തോളം പരിശീലനത്തിന് പോലും അവസരമില്ലാതിരുന്നവരുമൊക്കെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ഇറങ്ങി മികവ് തെളിയിച്ചു. സംസ്ഥാന അത്ലറ്റിക് മീറ്റ് വിജയകരമായ പരിസമാപ്തിയിലേക്ക് നീങ്ങുമ്പോൾ കായികകേരളം സന്തോഷത്തിലാണ്. അഞ്ച് മീറ്റ് റെക്കോഡുകൾ പിറന്ന മൂന്നാം ദിനം പാലക്കാടിെൻറ തകർപ്പൻ തിരിച്ചുവരവുണ്ടായി.
ജൂനിയർ മീറ്റിൽ ലീഡ് തിരിച്ചുപിടിച്ച പാലക്കാട്, രണ്ടാം ദിവസം മുന്നിലുണ്ടായിരുന്ന എറണാകുളത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. കോഴിക്കോടാണ് രണ്ടാമത്. അണ്ടർ 16 ഗേൾസ് ലോങ് ജംപിൽ തൃശൂരിെൻറ ഇ.എസ്. ശിവപ്രിയ, അണ്ടർ 20 വിമൻ 100 മീറ്റർ ഹർഡ്ൽസിൽ കോഴിക്കോടിെൻറ അപർണ റോയ്, അണ്ടർ 20 വിമൻ ലോങ് ജംപിൽ തൃശൂരിെൻറ ആൻസി സോജൻ, അണ്ടർ 18 ബോയ്സ് 400 മീറ്ററിൽ പാലക്കാടിെൻറ കെ. അഭിജിത്, അണ്ടർ 20 മെൻ ട്രിപ്പ്ൾ ജംപിൽ പാലക്കാടിെൻറ സി.ഡി. അനിൽ കുമാർ എന്നിവരാണ് മീറ്റ് റെക്കോഡ് കുറിച്ചത്.
ശിവപ്രിയ (5.68 മീ.) 1995ൽ പത്തനംതിട്ടയുടെ ജെറ്റി ജോസഫ് (5.67 മീ.) ചാടിയ ദൂരവും അപർണ റോയ് (14.29 സെക്കൻഡ്) 2004ൽ കോട്ടയത്തിെൻറ എ.കെ. ശരണ്യ (14.40 സെക്കൻഡ്) ഫിനിഷ് ചെയ്ത സമയവും പിറകിലാക്കി. ആൻസി സോജൻ (6.20 മീ.) 2010ൽ കണ്ണൂരിെൻറ വി. നീന (6.09) നേടിയ റെക്കോഡും തകർത്തു. അഭിജിത് (48.73 സെക്കൻഡ്) 2018ൽ കോഴിക്കോടിെൻറ ടി.കെ. സായൂജ് (48.76) ഫിനിഷ് ചെയ്ത സമയവും അഖിൽ കുമാർ (15.99 മീ.) 2015ൽ തിരുവനന്തപുരത്തിെൻറ അബ്ദുല്ല അബൂബക്കർ (15.86) ചാടിയ ദൂരവും മറികടന്നു.
16 സ്വർണവും 13 വെള്ളിയും 15 വെങ്കലവുമായി 313 പോയൻറാണ് പാലക്കാടിെൻറ സമ്പാദ്യമിപ്പോൾ. കോഴിക്കോടിന് 16 സ്വർണം, 11 വെള്ളി, 17 വെങ്കലം ഇങ്ങനെ 295.5ഉം കോഴിക്കോട് 17 സ്വർണം, 18 വെള്ളി, 12 വെങ്കലവുമായി 288ഉം പോയൻറുണ്ട്. സീനിയർ മീറ്റിൽ 10 സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും നേടി 139 പോയേൻറാടെയാണ് എറണാകുളം ലീഡ് ചെയ്യുന്നത്. കോട്ടയവും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. മീറ്റ് വ്യാഴാഴ്ച സമാപിക്കും.
പോയൻറ് നില
ജൂനിയർ മീറ്റ്
പാലക്കാട് - 313, കോഴിക്കോട് - 295.5, എറണാകുളം - 288
സീനിയർ മീറ്റ്
എറണാകുളം -139, കോട്ടയം -128, തൃശൂർ - 66.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.