തായ്‍ലന്‍റ്: ബാങ്കോക്കിൽ നടക്കുന്ന ഊബർ കപ്പ് 2022ന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. യു.എസിനെ 4-1ന് തകർത്തുകൊണ്ടാണ് ഇന്ത്യയുടെ കുതിപ്പ്. വനിത സിംഗിള്‍സ് ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ പി.വി സിന്ധു യു.എസിന്‍റെ ജെന്നി ഗായിയെ കീഴടക്കി. 26 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 21-10, 21-11 എന്നിങ്ങനെയാണ് സ്കോർ.
രണ്ടാമത് നടന്ന വനിതകളുടെ ഡബിള്‍സ് മത്സരത്തില്‍ തനിഷ ക്രാസ്റ്റോ-ട്രീസ ജോളി സഖ്യവും മുന്നേറി. 34 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ ഫ്രാൻസെസ്‌ക കോർബറ്റ്-ആലിസൺ ലീ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി കീഴടക്കിയത്. 21-19, 21-10 ആണ് സ്കോർ നില.
മൂന്നാമത്തെ പോരാട്ടത്തിൽ ആകർഷി കശ്യപ് എസ്തർ ഷിയുമായി കൊമ്പുകോർത്തു. 34 മിനിറ്റുകൾക്കുള്ളിൽ 18-21, 11-21 എന്നീ നിലയിലാണ് യു.എസ്.എയെ തകർത്തത്.
അതേസമയം ശ്രുതി മിശ്ര-സിമ്രാൻ സിംഗി സഖ്യം ലോറൻ ലാം-കോഡി താങ് ലീ സഖ്യത്തോട് പരാജയപ്പെട്ടു. ആദ്യ റൗണ്ടിൽ 12-21ന് തോറ്റ ഇന്ത്യൻ ജോഡി 21-17ന് തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം റൗണ്ടിൽ യു.എസ്.എക്ക് കീഴടങ്ങുകയായിരുന്നു.
അവസാന പോരാട്ടത്തിൽ നതാലി ചിയെ അഷ്മിത ചാലിഹ നേരിട്ടു. 31 മിനിറ്റിൽ 21-18, 21-13 എന്ന സ്കോറിനാണ് ഇന്ത്യൻ താരം തന്‍റെ എതിരാളിയെ തോൽപിച്ചത്.
ഉദ്ഘാടന മത്സരത്തിൽ കാനഡയെ 4-1ന് കീഴടക്കിയ ഇന്ത്യ ഇരട്ട ജയം കൈവരിച്ചാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.